Kerala News
കളമശ്ശേരി സ്‌ഫോടനം; ആദ്യം മരിച്ച സ്ത്രീയുടെ ഡി.എന്‍.എ ഫലം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 07, 08:05 am
Tuesday, 7th November 2023, 1:35 pm

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ആദ്യം മരിച്ചത് പെരുമ്പാവൂര്‍ ഇരിങ്ങോല്‍ സ്വദേശി ലെയോണ പൗലോസ് (51) തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഡി.എന്‍.എ ഫലം പുറത്തുവന്നതോടെയാണ് സ്ഥിരീകരണം.

സ്‌ഫോടനത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതോടെയാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. ഇവരുടെ മകന്‍ വിദേശത്തുനിന്ന് എത്തിയതിന് ശേഷമായിരുന്നു ഡി.എന്‍.എ പരിശോധന നടത്തിയത്. ഫലം പുറത്തുവന്നതോടെ മൃതദേഹം പോസ്റ്റമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയതിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

സ്ഫോടനത്തില്‍ ഒരാള്‍ കൂടി ഇന്നലെ മരിച്ചിരുന്നു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോളി ജോയ് (61) ആണ് മരിച്ചത്.

ആലുവ തൈക്കാട്ടുകര സ്വദേശിയാണ്. 80 ശതമാനത്തോളം പൊള്ളലേറ്റ് തീവ്ര പരിചരണത്തിലായിരുന്ന ഇവര്‍ ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ മകള്‍ ലിബിന (12), പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍വീട്ടില്‍ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ കുമാരി (53) എന്നിവരാണ് നേരത്തെ മരിച്ചത്.

ഒക്ടോബര്‍ 29 ന് രാവിലെ 9.30ഓടെയാണ് കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് തമ്മനം സ്വദേശിയായ ഡൊമനിക് മാര്‍ട്ടിന്‍ രംഗത്തെത്തി.

യഹോവ സാക്ഷികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തര്‍ക്കമാണ് ആക്രമിക്കാന്‍ കാരണമെന്നുമാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

Content Highlights: Kalamassery Blast: The DNA result of Liona Paulose is out