| Sunday, 29th October 2023, 10:10 pm

കളമശ്ശേരി സ്‌ഫോടനം: വേദനയിലും ആശങ്കയൊഴിഞ്ഞ് കേരളം, നിരാശയില്‍ വിദ്വേഷ പ്രചാരകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രണ്ട് പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന്റെ നടുക്കത്തിലാണ് കേരളമെങ്കിലും ചില വിദ്വേഷ പ്രചാരകര്‍ നിരാശയിലാണ്‌. കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്‍ തന്നെയാണെന്ന് സ്ഥീരീകരിച്ചതോടെ നിരാശയിലായിരിക്കുന്നത് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ളവരുള്‍പ്പെട്ട ചില വിദ്വേഷ പ്രചാരകരാണ്. കേരളത്തില്‍ നിന്നുള്ള ചില സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളും ബി.ജെ.പി കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും വലിയ ദുഷ്പ്രചരണങ്ങളാണ് കളമശ്ശേരിയിലെ സ്‌ഫോടന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ നടത്തിക്കൊണ്ടിരുന്നത്.

പ്രതിയുടെ പേര് ഡൊമനിക് മാര്‍ട്ടിന്‍ എന്നാണെന്നും ഇയാള്‍ യഹോവ സാക്ഷി  സഭാ അംഗമാണെന്നും എ.ഡി.ജി.പി അജിത് കുമാര്‍ വെളിപ്പെടുത്തിയതോടെ ഈ ദുഷ്പ്രചാരണം നടത്തിയവര്‍ നിരാശയിലാകുകയും പലരും മുമ്പിട്ട പോസ്റ്റുകള്‍ ഡിലീറ്റ്‌ ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെ ഹമാസുമായി കൂട്ടിക്കെട്ടിയവര്‍ പോലുമുണ്ടായിരുന്നു.

ന്യൂസ് 18 മലയാളം ചാനലിന്റെ യുട്യൂബ് തമ്പ്‌നെയില്‍ ഏറെ സമയം തൊപ്പിയിട്ട, ഒറ്റ നോട്ടത്തില്‍ മുസ്‌ലിം വിഭാഗത്തില്‍ പെട്ടയാളാണെന്ന് മനസ്സിലാക്കുന്ന വ്യക്തിയുടെ ഫോട്ടോയോട് കൂടിയുള്ളതായിരുന്നു. കളമശ്ശേരി സ്‌ഫോടനം, ഒരാള്‍ കസ്റ്റഡിയില്‍ എന്നായിരുന്നു ഈ കാര്‍ഡിലുണ്ടായിരുന്ന തലക്കെട്ട്. ഈ തമ്പ്‌നെയിലിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല ‘ഫലസ്തീന്‍ ഐക്യദാര്‍ഢ്യം, സൂക്ഷിക്കുക കേരളമേ’ എന്നായിരുന്നു ജനം ടി.വിയുടെ സ്‌ഫോടനത്തിന്റെ വാര്‍ത്താകാര്‍ഡ് പോസ്റ്റ് ചെയ്ത് കൊണ്ട് കുറിച്ചിരുന്നത്. ബി.ജെ.പി നേതാവ് സന്ദീപ് വാര്യറും സമാന അര്‍ത്ഥം വരുന്ന പോസ്റ്റുമായി രംഗത്ത് വന്നിരുന്നെങ്കിലും ആ പോസ്റ്റ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥും സ്‌ഫോടനത്തിലേക്ക് ഹമാസിനെയും ഫലസ്തീനിനെയും കൂട്ടിക്കെട്ടി വന്നവരില്‍ പെടുന്നു. സംഘപരിവാര്‍ നേതാവ് ആര്‍.വി. ബാബുവും വിഷയത്തെ ഹമാസുമായി കൂട്ടിക്കെട്ടുന്ന പോസ്റ്റിട്ടിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ ഫലസ്തീന്‍ അനകൂല മത ഭീകരവാദികളുടെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ഇവരെ കൂടാതെ നിരവധി പേരാണ് സമാന അര്‍ത്ഥം വരുന്ന, സംഭവത്തില്‍ മുന്‍വിധിയോട് കൂടി മുസ്‌ലിം വിഭാഗത്തില്‍പെട്ടവരെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ വേണ്ടി രംഗത്ത് വന്നത്. വിവിധ ചാനലുകളുടെ യുട്യൂബ് സ്ട്രീമിങ്ങില്‍ കമന്റുകളുമായിട്ടാണ് ഇത്തരത്തിലുള്ളവര്‍ എത്തിയത്. കേരളത്തില്‍ വിവിധയിടങ്ങളില്‍ കേസുകളില്‍ നേരിടുന്ന ഒരു സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ മാധ്യമവും ഇത്തരത്തിലുള്ള പ്രചാരണം നടത്തിയവരില്‍ പെടുന്നു. പ്രതിയുടെ പേര് ഡൊമനിക് മാര്‍ട്ടിന്‍ എന്നാണെന്നും യഹോവ സാക്ഷി വിശ്വാസിയായിരുന്നു എന്നും പുറത്തു വന്നതോടെ ഇവരെല്ലാവരും നിരാശരായി.

ഇന്ന് രാവിലെയാണ് കളമശ്ശേരിയിലെ യഹോവ വിശ്വാസികളുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനമുണ്ടായ സമയം മുതല്‍ വലിയ തോതിലുള്ള വിദ്വേഷ പ്രചാരണമാണ് നടന്നുകൊണ്ടിരുന്നത്. മുസ്‌ലിം സമുദായത്തെ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം മുഴുവന്‍ നടന്നത്. സ്‌ഫോടനത്തിന് പിന്നില്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണെന്ന് മുന്‍വിധിയോടെയുള്ള പ്രതികരണങ്ങളാണ് ഇത്തരം വിദ്വേഷ പ്രചാരകരില്‍ നിന്നുണ്ടായത്.

അതിനിടെ സംഭവത്തില്‍ പ്രതി താനാണെന്ന് പറഞ്ഞ് കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിന് നന്ദി പറഞ്ഞും നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലുണ്ട്. അങ്ങനെ സംഭവിച്ചിരുന്നില്ലായിരുന്നു എങ്കില്‍ യഥാര്‍ത്ഥ പ്രതി പിടിയിലാകുന്നത് വരെ മുസ്‌ലിം സമുദായം മുഴുവന്‍ ഇതിന്റെ പേരില്‍ പഴികേള്‍ക്കേണ്ടി വരുമായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. കേരളത്തില്‍ വിവിധയിടങ്ങളില്‍ ഈ കേസിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ ആശങ്കയില്‍ വസ്തുതയുണ്ടെന്നും ഇവര്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്, അഡ്വ. പി.വി. ദിനേശ് തുടങ്ങിയവരും പിടിയിലാകുന്നത് ഒരു മുസ്‌ലിം നാമധാരിയാകരുതേ എന്ന് ആഗ്രഹിക്കുന്നതായി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പ്രതി പിടിയിലായതോടെ കേരളത്തിന് ആശ്വാസമായെന്നും നിരാശയിലായത് വിദ്വേഷ പ്രചാരകരാണെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍. സംഭവം നടന്ന ഉടന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ഈ സ്‌ഫോടനത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം നടത്തരുതെന്നും അങ്ങനെ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടിട്ടുണ്ട്. 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇതില്‍ 5 പേരുടെ നില ഗുരുതരമാണെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മൂന്ന് ദിവസമായി നടന്നുവരുന്ന കണ്‍വെന്‍ഷന്റെ അവസാന ദിവസമായിരുന്നു ഇന്ന്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് പുറമെ കൊച്ചിയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുന്നു.

content highlights: Kalamassery blast: Kerala in relief

We use cookies to give you the best possible experience. Learn more