| Sunday, 29th October 2023, 10:33 pm

കളമശ്ശേരി സ്‌ഫോടനം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ നിലപാടിനെ വിമർശിച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം വർഗീയ വീക്ഷണമാണെന്നും വർഗീയത ഏത് രീതിയിലാണെങ്കിലും തങ്ങൾ അതിനെ എതിർക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആക്രമണത്തിലെ കുറ്റവാളികളെ രക്ഷപെടാൻ സമ്മതിക്കില്ലെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്തമുള്ള പ്രതിനിധികൾ ശ്രദ്ധയോടെ ഇടപെടണമെന്നും കാര്യങ്ങൾ മനസിലാക്കി സംസാരിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് താക്കീത് നൽകി.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും എന്നാൽ അഴിമതിയിൽ കുളിച്ച് നിൽക്കുകയും ചെയ്യുന്ന പിണറായി വിജയന്റെ ലജ്ജാകരമായ കേരള രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് കളമശ്ശേരിയിലെ വിഷയമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിൽ തീവ്രവാദികളായ ഹമാസിനെ അനുകൂലിക്കുകയും എന്നാൽ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം നടക്കുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ ഇസ്രഈലിനെതിരെ പ്രതിഷേധിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. കേന്ദ്മന്ത്രിയുടെ ഈ വാക്കുകളെയാണ് മുഖ്യമന്ത്രി നിശിതമായി വിമർശിച്ചത്.

അതേസമയം കളമശ്ശേരി യഹോവ സാക്ഷികളുടെ കൺവൻഷൻ സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ ദൽഹിയിലിരിക്കെ ഒരു മലയാളം ചാനൽ കളമശ്ശേരി വിഷയത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മലയാളം ചാനലുകളുടെ റിപ്പോർട്ടിങ്ങിലുള്ള തനിമ നിലനിർത്തണമെന്നും ആവശ്യപ്പെട്ടതായി കണ്ടിരുന്നെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. മാധ്യമങ്ങളുടെ നിലപാടിനെ സർക്കാർ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന്റെ പേരിൽ വ്യാജപ്രചരണങ്ങൾ നടന്നതായി ശ്രദ്ധയിൽ പെട്ടിരുന്നെന്നും ഇതിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമത്രി വ്യക്തമാക്കി. വ്യാജപ്രചരണത്തെ കുറിച്ച് മാധ്യമസ്ഥാപനം ചാനലിലൂടെ പ്രേക്ഷകരെ അറിയിച്ചതായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റിന്റെ പേരിൽ വ്യാജ കാർഡുകൾ പ്രചരിപ്പിച്ചതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് ഏഷ്യാനെറ്റ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

Content Highlight: Kalamassery blast; Chief Minister against Union Minister Rajeev Chandrasekhar

We use cookies to give you the best possible experience. Learn more