കളമശ്ശേരി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം നാലായി
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോളി ജോയ് (61) ആണ് മരിച്ചത്. ആലുവ തൈക്കാട്ടുകര സ്വദേശിയാണ്. 80 ശതമാനത്തോളം പൊള്ളലേറ്റ് തീവ്ര പരിചരണത്തിലായിരുന്ന ഇവര്‍ ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ മകള്‍ ലിബിന (12), പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍വീട്ടില്‍ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ കുമാരി (53) എന്നിവരാണ് നേരത്തെ മരിച്ചത്. ലിയോണ പൗലോസ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു.
ഒക്ടോബര്‍ 29 ന് രാവിലെ 9.30ഓടെയാണ് കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് തമ്മനം സ്വദേശിയായ ഡൊമനിക് മാര്‍ട്ടിന്‍ രംഗത്തെത്തി.
യഹോവ സാക്ഷികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തര്‍ക്കമാണ് ആക്രമിക്കാന്‍ കാരണമെന്നുമാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
സ്‌ഫോടനം നടന്ന ഒരാഴ്ച പിന്നിടുമ്പോള്‍ 20 പേരാണ് ചികിത്സയിലുള്ളത്. 11 പേര്‍ ഐ.സി.യുവില്‍ തീവ്രപരിചരണത്തിലാണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ഡൊമനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.
Content Highlights:Kalamassery blast; Another person who’s under treatment passes away