| Sunday, 13th September 2015, 9:51 am

കലാമണ്ഡലം സത്യഭാമ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പ്രശസ്ത നര്‍ത്തകിയും മലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായിരുന്ന മലാമണ്ഡലം സത്യഭാമ അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

സത്യഭാമയ്ക്കായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ ആദ്യ നൃത്തനാട്യ പുരസ്‌കാരം ലഭിച്ചിരുന്നത്. 2014 ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ഷഡ്ക്കാല ഗോവിന്ദമാരാര്‍ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1993 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് വിരമിച്ചു.

1994 ലില്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. ബാലെകളും നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കഥകളിയുടെ നിഴലെന്നു വിശേഷിപ്പിക്കാവുന്ന കലാരൂപമായിരുന്ന മോഹിനിയാട്ടത്തെ ഘടനാപരമായ മാറ്റം വരുത്തിയ കലാകാരിയാണ് സത്യഭാമ. മോഹിനിയാട്ടത്തെ ലളിതമാക്കാന്‍ കഴിഞ്ഞതാണ് അവരുടെ പ്രധാന നേട്ടം.

മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിക്ക് കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാല് മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്‌കരിക്കും. മോഹിനിയാട്ടത്തെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന “മോഹിനിയാട്ടം: ചരിത്രം,സിദ്ധാന്തം, പ്രയോഗം” എന്ന പുസ്തകത്തിന്റെ രചയിതാവാണ്. തഞ്ചാവൂര്‍ സ്വദേശിയായ ഭാസ്‌കരന്‍ മാസ്റ്ററുടെ സഹകരണത്തോടെ മോഹിനിയാട്ടശൈലിയില്‍ “കണ്ണകി”, “ചണ്ഡാലഭിക്ഷുകി” തുടങ്ങിയ നൃത്തനാടകങ്ങളൊരുക്കി.

കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു സത്യഭാമ. കഥകളി ആചാര്യനായിരുന്ന പരേതനായ കലാമണ്ഡലം പത്മനാഭന്‍ നായരാണ് ഭര്‍ത്താവ്.  വേണുഗോപാലന്‍, ലതിക, രാധിക, ശശികുമാര്‍ എന്നിവര്‍ മക്കളാണ്.

We use cookies to give you the best possible experience. Learn more