|

പത്മഭൂഷൺ കിട്ടണമെങ്കിൽ സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആവശ്യം; കലാമണ്ഡലം ഗോപിയുടെ മകൻ രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: സുരേഷ് ഗോപിക്ക് വേണ്ടി പല പ്രമുഖരും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘു.
ഫേസ്ബുക്ക് പോസ്റ്റിലാണ് രഘു ഈ കാര്യം അറിയിച്ചത്. സുരേഷ് ഗോപി അങ്ങോട്ട് വരുമെന്നും അനുഗ്രഹിക്കണമെന്നും ഒരു പ്രശസ്ത ഡോക്ടർ വിളിച്ച് അറിയിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പത്മഭൂഷൺ കിട്ടേണ്ടേ എന്ന് ചോദിച്ചെന്നും രഘു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിന് വേണ്ടിയാണെന്നും ബി.ജെ.പിക്കും കോൺഗ്രസിനും വേണ്ടി വീട്ടിൽ കയറി ഇനി ആരും സഹായിക്കരുതെന്ന് അപേക്ഷിക്കുകയാണെന്നും രഘു പോസ്റ്റിൽ പറഞ്ഞു.

രഘുവിന്റെ പോസ്റ്റിന്റെ പൂർണ രൂപം –

‘സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്.
എല്ലാവർക്കും രാഷ്ട്രീയമുണ്ട്. അത് താത്കാലിക ലാഭത്തിനല്ല, നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാകാൻ നോക്കരുത്.

(ഒരു പ്രശസ്‌തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്‌ടർ. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു. ഞാൻ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാൻ അസുഖം വന്നപ്പോൾ ഞാനെ ഉണ്ടായുള്ളൂ എന്ന്. ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെ എന്ന്. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ട എന്ന്. അപ്പോൾ ഡോക്‌ടർ ആശാന് പത്മഭൂഷൻ കിട്ടേണ്ട എന്ന്. അച്ഛൻ അങ്ങനെ എനിക്ക് കിട്ടണ്ടന്ന്).

ഇനിയും ആരും ബി.ജെ.പിക്കും, കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട. ഇത് ഒരു അപേക്ഷയായി കൂട്ടിയാൽ മതി.
അതേസമയം പോസ്റ്റിപ്പോൾ രഘു പിൻവലിച്ചിട്ടുണ്ട്. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് താൻ പോസ്റ്റ്‌ ചെയ്തതെന്നും ഈ പോസ്റ്റ്‌ അവസാനിപ്പിക്കാമെന്നും രഘു മറ്റൊരു പോസ്റ്റിൽ അറിയിച്ചു.

Content Highlight: Kalamandalam Gopi was  asked to bless Suresh Gopi for Pathmabhushan

Latest Stories

Video Stories