പത്മഭൂഷണ്‍ കിട്ടാന്‍ വേണ്ടി സുരേഷ് ഗോപിയെ അനുഗ്രഹിക്കേണ്ട ആവശ്യമില്ല: കലാമണ്ഡലം ഗോപി
Kerala
പത്മഭൂഷണ്‍ കിട്ടാന്‍ വേണ്ടി സുരേഷ് ഗോപിയെ അനുഗ്രഹിക്കേണ്ട ആവശ്യമില്ല: കലാമണ്ഡലം ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2024, 1:39 pm

തൃശൂര്‍: സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കലാമണ്ഡലം ഗോപി. പത്മഭൂഷണ്‍ കിട്ടാന്‍ വേണ്ടി സുരേഷ് ഗോപിയെ അനുഗ്രഹിക്കേണ്ട കാര്യമില്ലെന്നും പത്മ ഭൂഷണന്‍ കിട്ടാത്തതില്‍ തനിക്ക് ഒരു വിഷമവുമില്ലെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്ക് വീട്ടിലേക്ക് വരാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞ് തന്നെ വിളിച്ചത് ഒരു ഡോക്ടറാണെന്നും പത്മപുരസ്‌കാരമൊക്കെ വേണ്ടേ എന്ന് ചോദിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ലെന്നും കലാമണ്ഡലം ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

‘സുരേഷ് ഗോപി വരും ഒന്നനുഗ്രഹിക്കണം, ആശാന് പത്മഭൂഷണ്‍ കിട്ടണ്ടേ, ഒന്ന് അനുഗ്രഹിച്ചു വിടൂ എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. പത്മഭൂഷണ്‍ കിട്ടാന്‍ വേണ്ടിയിട്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കേണ്ട കാര്യമില്ല. കിട്ടിയില്ലെങ്കില്‍ പരിഭവവും ദേഷ്യവുമില്ല. കിട്ടിയാല്‍ ഞാന്‍ നിഷേധിക്കുകയുമില്ല.

ആ ഡോക്ടര്‍ എന്നോട് പുരസ്‌കാരത്തിന്റെ കാര്യം പറഞ്ഞത് കേട്ടപ്പോഴാണ് മകന്‍ എന്റെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിയത്.

സുരേഷ് ഗോപിയോ മോഹന്‍ലാലോ മമ്മൂട്ടിയോ വീട്ടില്‍ വരുന്നതില്‍ മകനും സന്തോഷമേയുള്ളൂ. സുരേഷ് ഗോപിയെ അനുഗ്രഹിക്കണം, എന്നാല്‍ ആശാന് പത്മഭൂഷണ്‍ കിട്ടുമെന്ന വാക്ക് അവനെ വല്ലാതെ വിഷമിപ്പിച്ചു. അതിന് ശേഷമാണ് അവന്‍ ഫോണ്‍ വാങ്ങി അയാളോട് സംസാരിച്ചത്.

എന്റെ മകന്‍ പോസ്റ്റിട്ടെന്ന കാര്യം അറിഞ്ഞപ്പോള്‍ അവനോട് എന്തിനാണ് അതെന്ന് ഞാന്‍ ചോദിച്ചിരുന്നു. അപ്പോള്‍ തന്നെ ആ പോസ്റ്റ് അവന്‍ പിന്‍വലിക്കുകയും ചെയ്തു.

സുരേഷ് ഗോപി പറഞ്ഞിട്ടാണെങ്കില്‍ പോലും പത്മഭൂഷണിന്റെ കാര്യമൊന്നും അദ്ദേഹം പറയേണ്ടിയിരുന്നില്ല. ഇതൊരു അനാവശ്യ വിവാദമായി. എന്റെ മകനാണ് ഈ വിവാദത്തില്‍ ഭാഗവാക്കായത്. അവര്‍ തമ്മില്‍ സംസാരിച്ചത് എന്തൊക്കെയാമെന്ന് എനിക്കറിയില്ല.

ഞാന്‍ ആലത്തൂരിലെ വോട്ടറാണ്. ഇദ്ദേഹം തൃശൂരിലാണ്. അതിലൊന്നും ഒരു ബന്ധവുമില്ല. ആലത്തൂരില്‍ രാധാകൃഷ്ണനാണ് നില്‍ക്കുന്നത്. അദ്ദേഹം ഇവിടെ വന്നിരുന്നു. ഞാന്‍ അദ്ദേഹത്തെ ഒരു ഷോള്‍ പുതപ്പിച്ചു. വീഡിയോ വേണമെന്ന് പറഞ്ഞപ്പോള്‍ അത് ഞാന്‍ കൊടുത്തു. രാധാകൃഷ്ണനുമായി എനിക്ക് ഒരുപാട് കാലത്തെ ബന്ധമുണ്ട്.

ഞാനും സുരേഷ് ഗോപിയുമായി അടുപ്പമുണ്ട്. അദ്ദേഹത്തിന് എന്റെ വീട്ടിലേക്ക് വരാന്‍ ആരോടും ചോദിക്കേണ്ട കാര്യമില്ല. എപ്പോള്‍ വേണമെങ്കിലും വരാം. സുരേഷ് ഗോപിക്ക് വീട്ടില്‍ വരാമെന്ന് എന്റെ മകനും പറഞ്ഞിട്ടുണ്ട്.

എന്നെ ഫോണില്‍ വിളിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല എന്ന് സുരേഷ് ഗോപി പറഞ്ഞതായി പത്രത്തില്‍ കണ്ടു. ഏല്‍പ്പിക്കാതെ പിന്നെ ഡോക്ടര്‍ക്ക് അത് പറയേണ്ട ആവശ്യമില്ല. ഒരുപക്ഷേ സ്‌നേഹം കൊണ്ട് പറഞ്ഞതായിരിക്കാം. പക്ഷേ അതിന്റെ കൂടെ തന്നെ അവാര്‍ഡിന്റെ കാര്യം പറയേണ്ട ഒരു കാര്യവുമില്ല.

എന്താണെന്നാല്‍ സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരില്‍ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആളുമാണ്. അവാര്‍ഡ് കിട്ടേണ്ടേ എന്ന വാക്ക് ചോദിക്കേണ്ടിയിരുന്നില്ല. അതാണ് എന്റെ മകനും പറഞ്ഞത്.

അല്ലാതെ സുരേഷ് ഗോപിയോടുള്ള വിരോധമോ മാനസിക വിഷമമോ അല്ല. ഡോക്ടര്‍ പറഞ്ഞതില്‍ മാനസിക വിഷമമുണ്ട്. അതിന് ശേഷം ഡോക്ടര്‍ വിളിച്ചിട്ടില്ല, ‘കലാമണ്ഡലം ഗോപി പറഞ്ഞു.

കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം തേടാന്‍ സുരേഷ് ഗോപി വീട്ടിലേക്കുവരാന്‍ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടര്‍ വിളിച്ചുപറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോള്‍ ‘ആശാനു പത്മഭൂഷണ്‍ കിട്ടണ്ടേ’ എന്നു ചോദിച്ചെന്നും പറഞ്ഞ് ഗോപിയുടെ മകന്‍ രഘു ഗുരുകൃപ സോഷ്യല്‍മീഡിയയില്‍ എഴുതിയ പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.

‘അങ്ങനെ എനിക്ക് പത്മഭൂഷണ്‍ വേണ്ട’ എന്നു കലാമണ്ഡലം ഗോപി മറുപടി നല്‍കിയെന്നും ആ ഗോപിയല്ല ഈ ഗോപിയെന്നു മനസ്സിലാക്കണമെന്നും രഘു പറഞ്ഞിരുന്നു. വിവാദമായതിന് പിന്നാലെ രഘു പോസ്റ്റ് പിന്‍വലിച്ചു.

കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഇതിന് പിന്നാലെ സുരേഷ് ഗോപി പ്രതികരിച്ചത്. അദ്ദേഹം തനിക്കു ഗുരുതുല്യനാണെന്നും മണ്ഡലത്തില്‍ ആരെയൊക്കെ കാണണമെന്നു പട്ടിക തയാറാക്കിയിരിക്കുന്നത് പാര്‍ട്ടിയാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Content Highlight: Kalamandalam Gopi reacts Suresh Gopi Issue