| Thursday, 21st March 2024, 5:00 pm

പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം; ജാതി അധിക്ഷേപം നടത്തിയ സത്യഭാമക്കെതിരെ കലാമണ്ഡലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്‌നെതിരെ ജാതി അധിക്ഷേപം നടത്തിയ നൃത്താധ്യാപിക സത്യഭാമക്കെതിരെ കലാമണ്ഡലം കല്‍പിത സര്‍വകലാശാല. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത വിധത്തിലുള്ള പ്രസ്താവന നടത്തുന്ന സത്യഭാമയെ പോലുള്ളവര്‍ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പൂര്‍വ വിദ്യാര്‍ത്ഥി എന്നതിനപ്പുറം അവര്‍ക്ക് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും സത്യഭാമയുടെ പ്രസ്താവനകളെ തള്ളിക്കളയുന്നു എന്നും സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിരുവനന്തപുരത്ത് നൃത്ത വിദ്യാലയം നടത്തുന്ന സത്യഭാമ നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. ആര്‍.എല്‍.വി രാമകൃഷ്ണന് ‘കാക്കയുടെ നിറമാണെന്നും കണ്ടാല്‍ പെറ്റ തള്ളപോലും സഹിക്കില്ല’ എന്നുമായിരുന്നു സത്യഭാമയുടെ പ്രയോഗങ്ങള്‍. സത്യഭാമയുടെ ഈ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് കലാരംഗത്ത് നിന്നും കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ നിന്നും ഉയരുന്നത്.

പിന്നീട് ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും സത്യഭാമ തന്റെ പ്രസ്താവനകളില്‍ ഉറച്ച് നില്‍ക്കുകയും കൂടുതല്‍ വിവേചന പരമായ പരാമര്‍ശങ്ങല്‍ നടത്തുകയുമാണുണ്ടായത്. മാത്രവുമല്ല തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സത്യഭാമ കയര്‍ക്കുകയും അധിക്ഷേപിക്കുയും ചെയ്തു.

മന്ത്രിമാരായ ആര്‍. ബിന്ദു, കെ. രാധാകൃഷ്ണന്‍, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ് തുടങ്ങിവരും സത്യഭാമക്കെതിരെ രംഗത്ത് വന്നു. ആര്‍.എല്‍.വി രാമകൃഷ്ണന്റെ പരാതിയില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കെതിരെ ഉണ്ടായിട്ടുള്ള ജാതി അധിക്ഷേപങ്ങളെ നിയമപരമായി നേരിടുമെന്ന് നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്.

content highlights: Kalamandalam against Satyabhama for caste abuse

We use cookies to give you the best possible experience. Learn more