തൃശൂര്‍: നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്‌നെതിരെ ജാതി അധിക്ഷേപം നടത്തിയ നൃത്താധ്യാപിക സത്യഭാമക്കെതിരെ കലാമണ്ഡലം കല്‍പിത സര്‍വകലാശാല. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത വിധത്തിലുള്ള പ്രസ്താവന നടത്തുന്ന സത്യഭാമയെ പോലുള്ളവര്‍ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പൂര്‍വ വിദ്യാര്‍ത്ഥി എന്നതിനപ്പുറം അവര്‍ക്ക് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും സത്യഭാമയുടെ പ്രസ്താവനകളെ തള്ളിക്കളയുന്നു എന്നും സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിരുവനന്തപുരത്ത് നൃത്ത വിദ്യാലയം നടത്തുന്ന സത്യഭാമ നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. ആര്‍.എല്‍.വി രാമകൃഷ്ണന് ‘കാക്കയുടെ നിറമാണെന്നും കണ്ടാല്‍ പെറ്റ തള്ളപോലും സഹിക്കില്ല’ എന്നുമായിരുന്നു സത്യഭാമയുടെ പ്രയോഗങ്ങള്‍. സത്യഭാമയുടെ ഈ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് കലാരംഗത്ത് നിന്നും കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ നിന്നും ഉയരുന്നത്.