എ.പി.ജെ അബ്ദുള്‍ കലാം അന്തരിച്ചു
Daily News
എ.പി.ജെ അബ്ദുള്‍ കലാം അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2015, 8:06 am

KALAM-01മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാം അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഷില്ലോങ് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഷില്ലോങിലെ  ബെത്താനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു കലാം. 1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തായിരുന്നു ജനനം. ഇന്ത്യയുടെ “മിസൈല്‍മാന്‍” എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഇന്ത്യയുടെ ആദ്യത്തെ മിസൈല്‍ നിര്‍മാണ സംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം. ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനുള്ള “വിഷന്‍ 2020” എന്ന ഇദ്ദേഹത്തിന്റെ ആശയവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം എന്നായിരുന്നു മുഴുവന്‍ പേര്. 2002 മുതല്‍ 2007 വരെയുള്ള കാലയളവിലായിരുന്നു അദ്ദഹം ഇന്ത്യയുടെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചിരുന്നത്. മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്ന കലാം ജനകീയ നയങ്ങളാല്‍ “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഭാരതീയ ജനതാ പാര്‍ട്ടിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ആന്റ്‌ സയന്‍സ്  ടെക്‌നോളജിയുടെ വൈസ് ചാന്‍സലറുമാണ് അദ്ദേഹം.

മിസൈല്‍ സാങ്കേതികവിദ്യയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ മിസൈല്‍മാന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അബ്ദുള്‍കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് ബഹിരാകാശ ഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളില്‍ കലാം ഉദ്യോഗസ്ഥനായിരുന്നു.

ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതിയാണ് അബ്ദുള്‍ കലാം. മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍,1997ല്‍ ഭാരത രത്‌നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. “അഗ്നിച്ചിറകുകള്‍” എന്ന ആത്മകഥയുള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.