| Monday, 8th February 2021, 5:43 pm

'വിഷയവിദഗ്ധരെ നിയോഗിച്ചത് ആരുടെയും പേര് പറയാനല്ല'; നിയമന വിവാദത്തില്‍ അന്വേഷണം നടത്തില്ലെന്ന് കാലടി സര്‍വകലാശാല വി. സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കാലടി സര്‍വകലാശാലയിലെ നിനിതാ കണിച്ചേരിയുടെ നിയമനത്തില്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജന്‍ അടാട്ട്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഷയ വിദഗ്ധര്‍ ഒപ്പിട്ട് നല്‍കിയ റാങ്ക് ലിസ്റ്റ് സര്‍വകലാശാലയുടെ പക്കല്‍ ഉള്ളപ്പോള്‍ പിന്നെ എന്തിനാണ് വിഷയം ഉന്നയിക്കുന്നതെന്നാണ് വൈസ് ചാന്‍സലര്‍ ചോദിച്ചത്.

നിനിതയുടെ നിയമനത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് മറുപടി നല്‍കും. നിനിതയുടെ നിയമനം റദ്ദാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുന്ന ആളുകളെയാണ് നിയമിക്കുന്നത്. അവര്‍ക്ക് അവരുടേതായ അഭിപ്രായവും തീരുമാനവുമുണ്ടാകും.

ഏഴുപേരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റി ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കുന്നത് ആര്‍ക്കാണോ അയാളെയാണ് നിയമിക്കുക. അല്ലാതെ ഒരാള്‍ പറയുന്ന ആള്‍ക്കല്ല നിയമനം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

ഏഴുപേരും കൂടി സെലക്ട് ചെയ്യുന്ന വ്യക്തി, അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന ആള്‍ ആരാണോ അവരെ നിയമിക്കാനേ വകുപ്പുള്ളു. ഏഴുപേരുടെയും അഭിപ്രായമാണ്, അല്ലാതെ മൂന്ന് പേരുടെ അഭിപ്രായമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ക്ക് ലിസ്റ്റ് ആവശ്യപ്പെട്ടാല്‍ ഏത് കോടതിക്ക് മുന്നിലും ഹാജരാക്കും. എം. ബി രാജേഷിന്റെ ഭാര്യയാണ് നിനിതാ കണിച്ചേരിയെന്ന കാര്യം പോലും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റു നിയമന വിവാദങ്ങള്‍ വന്നാലും യു.ജി.സിയുടെ 2018ലെ നിയമം അനുസരിച്ചാണ് നിയമനങ്ങള്‍ നടത്തുന്നതെന്നാണ് പറയാനുള്ളതെന്നാണ് വി.സി പറഞ്ഞത്.

വിഷയവിദഗ്ധരായ ഡോ. ഉമര്‍ തറമേല്‍, കെ. എം ഭരതന്‍, ടി പവിത്രന്‍ തുടങ്ങിയവരാണ് നിനിതയ്‌ക്കെതിരെ രംഗത്തെത്തിയത്. തങ്ങള്‍ പറഞ്ഞ ആള്‍ക്കല്ല സര്‍വകലാശാല നിയമനം നല്‍കിയതെന്ന് കാണിച്ച് ഇവര്‍ രജിസ്ട്രാര്‍ക്ക് കത്തയക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kalady VC says Ninitha Kanichery appointment controversy won’t investigate further

We use cookies to give you the best possible experience. Learn more