Daily News
വിലക്കുകള്‍ തകര്‍ത്തെറിഞ്ഞ് കാലടി സര്‍വ്വകലാശാലയില്‍ ഫാസിസ്റ്റ് വിരുദ്ധ സെമിനാര്‍ നടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Oct 08, 12:02 pm
Thursday, 8th October 2015, 5:32 pm

Kalady-University
കാലടി: കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഫാസിസ്റ്റ് വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. ക്യാംപസില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന പേരില്‍ രജിസ്ട്രാര്‍ അനുമതി നിഷേധിച്ച സെമിനാറാണ് ഇന്നു നടന്നത്. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത സെമിനാറില്‍ പ്രൊഫ.സുനില്‍.പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി.

രാവിലെതൊട്ട് സെമിനാര്‍ നടത്താനുള്ള ഒരുക്കങ്ങള്‍ക്ക് വലിയ പോലീസ് കാവലായിരുന്നു. സെമിനാറിനിടെ അറസ്റ്റ് ഉണ്ടാകുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും സെമിനാര്‍ ആരംഭിച്ചതോടെ പോലീസ് പിന്‍വാങ്ങുകയായിരുന്നു. അതേസമയം സെമിനാര്‍ നടത്താന്‍ സമ്മതിക്കില്ല എന്ന രീതിയില്‍ വളരെ മോശമായാണ് പോലീസുകാര്‍ തങ്ങളോട് ഇടപെട്ടതെന്ന് സംഘാടകനും ഗവേഷണ വിദ്യാര്‍ത്ഥിയുമായ റഫീക് ഇബ്രാഹിം “ഡൂള്‍ ന്യൂസി”നോടു പറഞ്ഞു.

സെമിനാറിനെത്തുമെന്ന് മുമ്പ് അറിയിച്ചിരുന്ന കെ.എസ്.യു, എ.ഐ.എസ്.എഫ്, ഐസ എന്നീ വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രതിനിധികള്‍ പരിപാടിക്ക് എത്തിയില്ല. എന്തുകൊണ്ടാണ് പരിപാടിയില്‍ നിന്നും പിന്മാറിയതെന്ന് ഇവര്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നും സംഘാടകര്‍ പറഞ്ഞു. സെമിനാറിന് എസ്.എഫ്.ഐ, ഇടതുപക്ഷ അദ്ധ്യാപക സംഘടന എന്നിവ പൂര്‍ണ്ണ പിന്തുണയറിയിച്ചിരുന്നു.

“ഇന്ത്യന്‍ ഫാസിസം; നവരൂപങ്ങള്‍, പ്രതിരോധങ്ങള്‍” എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ആര്‍.എസ്.എസ് അടക്കമുള്ള ഹൈന്ദവസംഘടനകള്‍ ഭീകത പരത്തുന്നതായും മതേതരത്വത്തിന് ഭീഷണിയായി വളരുന്നതായും ചൂണ്ടിക്കാട്ടപ്പെട്ടു.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സര്‍വ്വകലാശാലാ ക്യാംപസില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.