എറണാകുളം: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സെമിനാറിന് സര്‍വകലാശാലയുടെ വിലക്ക്. ഗവേഷകരുടെ കൂട്ടായ്മയായ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന “ഇന്ത്യന്‍ ഫാസിസം; നവരൂപങ്ങള്‍-പ്രതിരോധങ്ങള്‍” എന്ന സെമിനാറിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കവി കുരീപ്പുഴ ശ്രീകുമാര്‍, സുനില്‍.പി ഇളയിടം എന്നിവര്‍ക്ക് പുറമെ കേരളത്തിലെ വിവിധ വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കാന്‍ ശ്രമിച്ച സെമിനാറിന് കാമ്പസില്‍ സംഘര്‍ഷമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
എഴുത്തുകാരനായ എം.എം കല്‍ബുര്‍ഗിയുടെ വധത്തെ തുടര്‍ന്നാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കേണ്ട അതിഥിയുടെ സൗകര്യാര്‍ത്ഥം 8ാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു. പരിപാടിയുടെ പ്രചരണവുമായി മുന്നോട്ട് പോകവെയാണ് രജിസ്ട്രാര്‍ ഇടപെട്ട് പരിപാടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് കോളേജില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ പ്രശ്‌നമുണ്ടാക്കിയവരെ ശിക്ഷിക്കുന്നതിന് പകരം വിദ്യാര്‍ത്ഥി സംഗമം തടയുന്ന നിലപാടാണ് സര്‍വകലാശാല അധികൃതര്‍ സ്വീകരിച്ചതെന്ന് ഗവേഷക സംഘടനാ കണ്‍വീനര്‍ അലീന. എസ്, അനസ്.ഇ എന്നിവര്‍ പറഞ്ഞു.