| Sunday, 7th February 2021, 11:48 am

ഇന്റര്‍വ്യൂ ബോര്‍ഡിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുമോ? എം.ബി രാജേഷിനോട് ഉമര്‍ തറമേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാലടി സര്‍വ്വകലാശാലയില്‍ എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എം.ബി രാജേഷിന്റെ പ്രതികരണത്തിന് മറുപടിയുമായി ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം ഉമര്‍ തറമേല്‍. പത്ര സമ്മേളനത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ എം.ബി രാജേഷിന് സാധിക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് ഉമര്‍ തറമേല്‍ രംഗത്തെത്തിയത്.

തങ്ങള്‍ക്ക് താത്പര്യമുള്ള ഒരു ഉദ്യോഗാര്‍ത്ഥിക്ക് നിയമനം ലഭിക്കാന്‍ വേണ്ടി നിനിതയോട് പിന്മാറാന്‍ സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സ് ആവശ്യപ്പെട്ടു എന്ന ആരോപണം തെളിയിക്കാന്‍ എം.ബി രാജേഷിന് സാധിക്കുമോ എന്നാണ് ഉമര്‍ തറമേല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്.

”2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയിലുള്ള ഏത് ഉദ്യോഗാര്‍ഥിക്കും പഠനവകുപ്പിലെ ഏതു അധ്യാപകരില്‍ നിന്നും ഒരു സ്വഭാവ സര്‍ട്ടിഫിക്കേറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ.
ഇവിടെ സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സ് ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികള്‍
അതുപോട്ടെ, ഞാന്‍ നുഴഞ്ഞു കയറി ബോര്‍ഡില്‍ വന്നതാണോ, സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിളിച്ചിട്ട് വന്നതല്ലേ? താന്‍താന്‍ ജോലി ചെയ്യുന്ന സര്‍വകലാശാലയിലൊഴികെ ഏതു സര്‍വകലാശാലയിലും സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സ് ആയി വിളിക്കാം എന്നാണ് ഞാന്‍ മനസ്സിലാക്കി വെച്ചിട്ടുള്ളത്.

ഇതൊക്കെ സ്വജന പക്ഷപാതമായി പൊതു സമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണ്, എന്നു ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. പിന്നെ, നിനിത എന്ന ഉദ്യോഗാര്‍ഥിയുടെ പി.എച്ച്.ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങള്‍ എക്‌സ്‌പെര്‍ട്ടുകള്‍ തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തില്‍, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കാതിരിക്കുക,” ഉമര്‍ തറമ്മല്‍ പറഞ്ഞു.

തങ്ങളെ ഏല്‍പ്പിച്ചകാര്യം പൂര്‍ത്തിയാക്കി. അതില്‍വന്ന ഒരു അപാകത ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ഉമര്‍ തറമേല്‍ പറഞ്ഞു. അക്കാദമിക ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടേണ്ട വിഷയം തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലത്തിലേക്ക് വലിച്ചുകൊണ്ടുപോയത് തങ്ങള്‍ അല്ല എന്നും ഉമര്‍ തറമേല്‍ കൂട്ടിച്ചേര്‍ത്തു.

കാലടി സര്‍വലാശാലയില്‍ നിനിതയ്ക്ക് ലഭിച്ച നിയമനം മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിലുണ്ടായ വിവാദമാണെന്ന് എം.ബി രാജേഷ് പറഞ്ഞിരുന്നു.
ഇന്റര്‍വ്യൂവിന് മുന്‍പ് തന്നെ നിനിതയെ അയോഗ്യയാക്കാന്‍ ശ്രമമുണ്ടായെന്നും നിനിതയോട് ജോലിയില്‍ നിന്ന് പിന്മാവാങ്ങാന്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും എം.ബി രാജേഷ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kaladi University Ninitha Appointment: Umar Tharammal’s reply to MB Rajesh

We use cookies to give you the best possible experience. Learn more