അങ്കമാലി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ മലയാള വിഭാഗം പി.എച്ച്.ഡി പ്രവശേനവുമായി ബന്ധപ്പെട്ട് സംവരണ അട്ടിമറിയെന്ന് പരാതി. 20 ശതമാനം സീറ്റ് പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന സംവരണാനുപാതം അട്ടിമറിച്ചാണ് മലയാളം വിഭാഗത്തിലേക്ക് 2019-2020 വര്‍ഷത്തില്‍ പി.എച്ച്.ഡി പ്രവേശനം നടന്നതെന്ന് കാലടി സര്‍വ്വകലാശാല അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ ആരോപിക്കുന്നു.
2019-2020 വര്‍ഷത്തില്‍ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട് മലയാള വിഭാഗത്തില്‍ 10 സീറ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാല്‍ 2019 ഡിസംബര്‍ പതിനാറിന് മലയാള വിഭാഗത്തില്‍ ചേര്‍ന്ന റിസര്‍ച്ച് കമ്മിറ്റിയില്‍ അഞ്ച് പേരെ കൂടി അധികമായി ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം നേരത്തെ തെരഞ്ഞെടുത്ത പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അഞ്ച് പേര്‍ കൂടി ലിസ്റ്റില്‍ ഇടം പിടിച്ചു.
പി.എച്ച്.ഡി പ്രവേശനത്തിന് 20 ശതമാനം സംവരണം പാലിക്കണമെന്ന വ്യവസ്ഥ നില നില്‍ക്കെ 15 പേര്‍ക്ക് പി.എച്ച്.ഡി പ്രവേശനം അനുവദിക്കുമ്പോള്‍ അതില്‍ മൂന്ന് പേര്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരായിരിക്കണം. എന്നാല്‍ ഈ വ്യവസ്ഥ മറികടന്നാണ് സര്‍വ്വകലാശാല എസ്.എഫ്.ഐയുടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കൂടിയായ വിദ്യ.കെയ്ക്ക് പ്രവേശനം അനുവദിച്ചതെന്ന് അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ ആരോപിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
റിസര്‍വേഷന്‍ ചട്ടങ്ങള്‍ മറികടന്ന് മലയാളം വിഭാഗം ലിസ്റ്റിലെ അഞ്ചാം സ്ഥാനക്കാരിയായ വിദ്യ.കെയുടെ പേര് പരിഗണനയ്ക്കായി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ റിസര്‍വേഷന്‍ ചട്ടങ്ങള്‍ പാലിക്കാത്തതിനെതിരെ സര്‍വ്വകലാശാലയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്പര്‍ ന്യൂമറി മാനര്‍ അനുസരിച്ച് ജെ.ആര്‍.എഫ് യോഗ്യത നേടിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചു.
ഇതിനെതിരെ വിദ്യ.കെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്ക് കാരിയായ തനിക്ക് പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വിദ്യ.കെ ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശനം അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യ 2018 ഡിസംബര്‍ 28ന് സര്‍വ്വകലാശാലയ്ക്ക് പരാതിയും നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി കേസ് നിയമപരമായി തീര്‍പ്പാക്കാന്‍ സര്‍വ്വകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയ്ക്ക് പ്രവേശേനം അനുവദിക്കാന്‍ ഉത്തരവ് ഇറക്കുകയായിരുന്നു. എന്നാല്‍ കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്താണ് സര്‍വ്വകലാശാല പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയ്ക്ക് നല്‍കിയതെന്നും അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍ ദിനു.കെ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
”കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്താണ് വിദ്യ.കെ എന്ന വിദ്യാര്‍ത്ഥിനിയ്ക്ക് സര്‍വ്വകലാശാല പ്രവേശനം അനുവദിക്കുന്നത്. വിഷയം നിയമ പ്രകാരം തീര്‍പ്പാക്കണമെന്ന് മാത്രമാണ് കോടതി സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടത്. പരാതിക്കാര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല. സര്‍വ്വകലാശാല സ്വന്തം താത്പര്യ പ്രകാരമാണ് വിദ്യ.കെ എന്ന വിദ്യാര്‍ത്ഥിക്ക് പ്രവേശനം നല്‍കിയത്”’.ദിനു.കെ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ വിദ്യ.കെ യുടെ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടില്ല എന്നും ഹൈക്കോടതി ഉത്തരവുമായി വന്ന വിദ്യാര്‍ത്ഥിയ്ക്ക് പ്രവേശന നല്‍കുക മാത്രമാണ് സര്‍വ്വകലാശാല ചെയ്തതെന്നുമാണ് കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ധര്‍മ്മജന്‍.പി.കെ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചത്.
അതേസമയം തുടക്കം മുതല്‍ തന്നെ വിദ്യയ്ക്ക് അനധികൃതമായി പ്രവേശനം നല്‍കാനുള്ള ശ്രമങ്ങള്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നുവെന്നും ദിനു ആരോപിച്ചു.
”ഡിസംബര്‍ പതിനാറിന് പി.എച്ച്.ഡി പ്രവേശനത്തിന് അഞ്ച് സീറ്റിന്റെ വര്‍ധന അംഗീകരിച്ച റിസര്‍ച്ച് കമ്മിറ്റിയുടെ മിനുറ്റ്‌സില്‍ ഉള്‍പ്പെടാത്ത തീരുമാനം ഡിസംബര്‍ പതിനേഴിന് മലയാള സര്‍വ്വകലാശാല വകുപ്പ് അധ്യക്ഷനായ ഡോ. വി.എ.വത്സലന്‍ സര്‍വ്വകലാശാലക്ക് നല്‍കിയ കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ശ്രീ ശങ്കരാചാര്യ എസ്.സി എസ്.ടി സെല്ലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ രേഖകള്‍ ലഭിക്കാന്‍ ഞാന്‍ വിവരാവകാശ നിയമ പ്രകാരം സര്‍വ്വകലാശാലയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇരുപത് ദിവസത്തിനു ശേഷമാണ് സര്‍വ്വകലാശാല എന്റെ അപേക്ഷയ്ക്ക് മറുപടി തന്നത്. അതേസമയം 2019 ഡിസംബര്‍ 27ന് സര്‍വ്വകലാശാലയില്‍ നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ട വിദ്യയ്ക്ക് ഒരു ദിവസത്തിനകം തന്നെ മറുപടി ലഭിച്ചിരുന്നു. വൈസ് ചാന്‍സലറുടെ ഓഫീസില്‍ നിന്ന് വിദ്യയ്ക്ക് അന്നു തന്നെ മറുപടി നല്‍കണമെന്ന് അക്കാദമിക് (എ) സെക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്നത് വിദ്യയ്ക്ക് പ്രവേശനം നല്‍കണമെന്ന വിഷയത്തില്‍ സര്‍വ്വകലാശാലക്ക് പ്രത്യേക താത്പര്യമുണ്ടെന്നതാണ്” ദിനു.കെ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
വിദ്യ.കെയ്ക്ക് പ്രവേശനം നല്‍കുന്നതില്‍ സര്‍വ്വകലാശാലയ്ക്ക് പ്രത്യേക താത്പര്യം ഉണ്ടായിരുന്നു എന്ന തരത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലും ആരോപണം നില നില്‍ക്കുന്നുണ്ട്. പി.എച്ച്.ഡി പ്രവേശനം ഉറപ്പാക്കുന്നതിന് മുന്‍പ് വിദ്യ.കെയെ യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കാനുള്ള എസ്.എഫ്.ഐയുടെ തീരുമാനം ആരോപണം ബലപ്പെടുത്തുന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
എസ്.സി, എസ്.ടി വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട സീറ്റിലാണ് വിദ്യ. കെ യ്ക്ക് അഡ്മിഷന്‍ നല്‍കിയിരിക്കുന്നത് എന്ന് വി.സിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടും അതിന്മേല്‍ യാതൊരു നടപടിയും ഇതുവരെ സര്‍വ്വകലാശാല അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്ന് ഡമോക്രാറ്റിക് ദളിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.