| Wednesday, 14th December 2022, 11:30 am

റെയില്‍വേ സ്റ്റേഷന്‍ മുഴുവന്‍ കാവി പൂശുമെന്ന് ഹിന്ദുത്വ സംഘടനകള്‍; സ്റ്റേഷനിലടിച്ച പച്ച പെയിന്റ് നീക്കി അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കര്‍ണാടകയിലെ കല്‍ബുറഗി റെയില്‍വേ സ്റ്റേഷന്റെ പുറം ചുമരിലടിച്ച പച്ച പെയിന്റ് നീക്കം ചെയ്തു. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് പച്ച പെയിന്റിന് മുകളിലായി വെള്ള പെയിന്റടിച്ചത്.

റെയില്‍വേ സ്റ്റേഷന്റെ പുറം ചുമരില്‍ പച്ച പെയിന്റടിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷന്‍ മുസ്‌ലിം പള്ളി പോലെയായെയെന്നും മധ്യഭാഗത്ത് താഴികക്കുടത്തിന്റെ ആകൃതിയിലുള്ള രൂപമുണ്ടെന്നും ആരോപിച്ച് ഹിന്ദു ജാഗ്രത സേന പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.

പച്ച പെയിന്റ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഹിന്ദു ജാഗ്രതാ സേന പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിക്കുകയായിരുന്നു.

15 ദിവത്തിനകം പെയിന്റ് നീക്കം ചെയ്തില്ലെങ്കില്‍ റെയില്‍വേ സ്റ്റേഷന്‍ മുഴുവന്‍ കാവി നിറത്തിലുള്ള പെയിന്റടിക്കുമെന്ന മുന്നറിയിപ്പും ഹിന്ദു ജാഗ്രതാ സേന പ്രവര്‍ത്തകര്‍ റെയില്‍വേ അധികൃതര്‍ക്ക് നല്‍കിയിരുന്നു.

‘അധികാരികള്‍ക്കെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു, കാരണം റെയില്‍വേ സ്റ്റേഷന്റെ പച്ച നിറം ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നുന്നുണ്ട്. ഇതിനൊരു വിശദീകരണം ആവശ്യമാണ്. ആര്‍ക്കും ഇഷ്ടമുള്ള നിറം അടിക്കാവുന്ന സ്വകാര്യ സ്വത്തല്ല റെയില്‍വേ സ്‌റ്റേഷന്‍. ഇത് കേന്ദ്ര സര്‍ക്കാരിന്റെ സ്വത്താണ്,’ ഹിന്ദു ജാഗ്രതാ സേന പ്രവര്‍ത്തകന്‍ ശുഭം പവാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പച്ച ഒഴികെയുള്ള ഏത് നിറവും അവര്‍ അടിക്കട്ടെ, അതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. മറിച്ചാണങ്കില്‍ ഹിന്ദു ജാഗ്രതാ സേന സ്റ്റേഷന്‍ മുഴുവന്‍ കാവി പൂശുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്റ്റേഷന് വെള്ള പെയിന്റടിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ഉന്നത അധികാരികളുടെയും ആര്‍ക്കിടെക്റ്റുകളുടെയും നിര്‍ദേശപ്രകാരമാണ് സ്റ്റേഷന് പച്ച പെയിന്റടിച്ചതെന്നും ഇതുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

നേരത്തെ, മൈസൂരുവിലെ ഒരു ബസ് സ്‌റ്റോപ്പിന്റെ ആകൃതിയെച്ചൊല്ലിയും ബി.ജെ.പി എം.പി പ്രതാപ് സിംഹ ആരോപണം ഉന്നയിച്ചിരുന്നു.

മസ്ജിദിന്റെ രൂപത്തിലാണ് ബസ് സ്‌റ്റോപ്പെന്നും താഴികക്കുടങ്ങളുണ്ടെന്നും, അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കുമെന്നും ബി.ജെ.പി എം.പി പറഞ്ഞരുന്നു.

ബി.ജെ.പി നേതാവിന്റെ ആരോപണത്തെത്തുടര്‍ന്ന് ബസ് സ്റ്റോപ്പിന്റെ മുകളിലെ താഴികക്കുടങ്ങള്‍ അധികൃതര്‍ പൊളിച്ച് നീക്കുകയായിരുന്നു.

Content Highlight: Kalaburagi station repainted from green to white after protest by Hindutva groups

We use cookies to give you the best possible experience. Learn more