|

ദൃശ്യത്തില്‍ ഞാനാണ് സഹദേവനെന്ന് അറിഞ്ഞപ്പോള്‍ ലാലേട്ടന്റെ മറുപടി ഇതായിരുന്നു: കലാഭവന്‍ ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ സഹദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടന്‍ കലാഭവന്‍ ഷാജോണായിരുന്നു.

ഇപ്പോള്‍ മോഹന്‍ലാലിനോട് ദൃശ്യത്തിന്റെ കഥ പറയാനായി ജീത്തു ജോസഫ് ലൊക്കേഷനില്‍ വന്നപ്പോളുണ്ടായ കാര്യങ്ങളെ കുറിച്ച് പറയുകയാണ് ഷാജോണ്‍. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് മൊത്തം വായിച്ച ശേഷം ഞാന്‍ അത് ഉഗ്രന്‍ സിനിമയാണെന്ന് പറഞ്ഞു. നന്നായിട്ടുണ്ടോ എന്ന് ജീത്തു സാര്‍ ചോദിച്ചപ്പോള്‍ നന്നായിട്ടുണ്ടെന്നും പറഞ്ഞു. അന്ന് സാര്‍ എന്നോട് കൂടുതല്‍ ഒന്നും പറഞ്ഞില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ‘നീ കോമഡി മാത്രമേ ചെയ്യുകയുള്ളോ. അതോ സീരിയസ് വേഷവും ചെയ്യുമോ?’ എന്ന് ചോദിച്ചു.

അപ്പോള്‍ ഉടനെ തന്നെ എനിക്ക് സീരിയസ് വേഷമാണ് ഇഷ്ടമെന്ന് ഞാന്‍ പറഞ്ഞു. ‘നമുക്ക് നോക്കാം സഹദേവന്‍, സഹദേവനായിട്ടാണ് ഷാജോണ്‍ ചെയ്യുന്നത്’ എന്നാണ് ജീത്തു സാര്‍ പിന്നെ പറഞ്ഞത്. സത്യമാണോ എന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ ഇപ്പോള്‍ അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നെ ഇത് സിനിമയാണ്. സിനിമയെന്ന് പറയുമ്പോള്‍ എന്താകുമെന്ന് പറയാന്‍ കഴിയില്ല. പക്ഷേ ഇപ്പോള്‍ ആ കഥാപാത്രമായി എന്റെ മനസില്‍ ഷാജോണ്‍ മാത്രമേയുള്ളൂ’ എന്നായിരുന്നു പറഞ്ഞത്.

അത് കഴിഞ്ഞാണ് ഞാന്‍ ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ എന്ന സിനിമയില്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ചത്. അതില്‍ നാല്‍പത് ദിവസത്തോളം ഞാന്‍ ലാലേട്ടന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. മാനേജര്‍ കം കുക്ക് കം ഡ്രൈവര്‍ കം എന്ന് പറയാവുന്ന ഒരു കഥാപാത്രമായിരുന്നു അതില്‍ എനിക്ക് ലഭിച്ചത്. പിന്നെ ലാലേട്ടനുമായി ചേര്‍ന്നാല്‍ ആരായാലും നല്ല കമ്പനിയാവും. ഞാനും ലാലേട്ടനുമായി അത്തരത്തില്‍ നല്ല കമ്പനിയായി.

അവിടെയാണ് ജീത്തു സാര്‍ ലാലേട്ടനോട് ദൃശ്യം സിനിമയുടെ കഥ പറയാന്‍ വരുന്നത്. ആന്റണി ചേട്ടന്‍ ഈ കഥ ആദ്യം തന്നെ കേട്ടതായിരുന്നു. അങ്ങനെ അദ്ദേഹം ലാലേട്ടനുമായി ഇരിക്കാമെന്ന് പറഞ്ഞാണ് ജീത്തു സാര്‍ അവിടേക്ക് വന്നത്. അന്ന് സാര്‍ എന്നെ വിളിച്ചിട്ട് ഞാന്‍ അവിടെയില്ലേ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സാര്‍ അവിടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു.

അന്ന് കഥ കേട്ട് ലാലേട്ടന്‍ ആദ്യം ചോദിച്ചത് ആരാണ് സഹദേവന്റെ കഥാപാത്രം ചെയ്യുന്നത് എന്നായിരുന്നു. ഞാന്‍ ആണെന്ന് പറഞ്ഞതും അവന്‍ ഓക്കേയാണ്, അവന്‍ ചെയ്‌തോളും എന്ന് പറഞ്ഞു. കാരണം കഴിഞ്ഞ കുറേ ദിവസമായി ഞങ്ങള്‍ ഒരുമിച്ചായിരുന്നു അവിടെയുണ്ടായിരുന്നത്. അതാകും ചിലപ്പോള്‍ നിമിത്തം എന്ന് പറയുന്നത്,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.


Content Highlight: Kalabhavan Shajone Talks About Drishyam And Mohanlal

Video Stories