| Saturday, 30th December 2023, 8:39 am

ദൃശ്യം; സ്‌ക്രിപ്റ്റില്‍ കോമഡി കഥാപാത്രമുണ്ടായിരുന്നില്ല; നീ കോമഡി മാത്രമേ ചെയ്യുകയുള്ളോയെന്ന് ജീത്തു സാര്‍ ചോദിച്ചു: കലാഭവന്‍ ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഏറെ ആരാധകരുള്ള ഒരു ആക്ടര്‍ ഡയറക്ടര്‍ കോംമ്പോയാണ് ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ട്. അവരുടെ ആദ്യ സിനിമയായിരുന്നു ദൃശ്യം. സിനിമയില്‍ സഹദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടന്‍ കലാഭവന്‍ ഷാജോണായിരുന്നു.

കോമഡി കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ആ കഥാപാത്രം മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ദൃശ്യത്തിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘ദൃശ്യത്തെ കുറിച്ച് ഫോണിലായിരുന്നു ഞാനും ജീത്തു സാറും പരസ്പരം സംസാരിച്ചത്. മൈ ബോസ് സിനിമ കഴിഞ്ഞ ശേഷമോ സിനിമയുടെ ഷൂട്ട് തീരാറായ സമയത്തോ ആയിട്ടാണ് എനിക്ക് ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് ജീത്തു സാര്‍ വായിക്കാന്‍ വേണ്ടി തരുന്നത്.

സ്‌ക്രിപ്റ്റ് തരുമ്പോള്‍ എന്നോട് ഞാന്‍ ഈ സിനിമയില്‍ ഉണ്ടെന്നൊന്നും പറഞ്ഞിരുന്നില്ല. സ്‌ക്രിപ്റ്റ് വായിച്ചിട്ട് എന്നോട് അഭിപ്രായം പറയാനാണ് പറഞ്ഞത്. ഞാന്‍ വായിക്കുമ്പോള്‍ നോക്കിയത് ആ കഥയില്‍ നമ്മള്‍ ഉണ്ടോയെന്നുള്ളതാണ്. അതായത് കോമഡിയുള്ള കഥാപാത്രം ഉണ്ടോ എന്ന് നോക്കി. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ കോമഡി കഥാപാത്രം ഉണ്ടായിരുന്നില്ല.

അപ്പോള്‍ സ്‌ക്രിപ്റ്റ് മൊത്തം വായിച്ച ശേഷം ഞാന്‍ അത് ഉഗ്രന്‍ സിനിമയാണെന്ന് പറഞ്ഞു. നന്നായിട്ടുണ്ടോ എന്ന് ജീത്തു സാര്‍ ചോദിച്ചപ്പോള്‍ നന്നായിട്ടുണ്ടെന്നും പറഞ്ഞു. അന്ന് ജീത്തു സാര്‍ എന്നോട് കൂടുതല്‍ ഒന്നും പറഞ്ഞില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ‘നീ കോമഡി മാത്രമേ ചെയ്യുകയുള്ളോ. അതോ സീരിയസ് വേഷവും ചെയ്യുമോ?’ എന്ന് ചോദിച്ചു.

അപ്പോള്‍ ഉടനെ തന്നെ എനിക്ക് സീരിയസ് വേഷമാണ് ഇഷ്ടമെന്ന് ഞാന്‍ പറഞ്ഞു. ‘നമുക്ക് നോക്കാം സഹദേവന്‍, സഹദേവനായിട്ടാണ് ഷാജോണ്‍ ചെയ്യുന്നത്’ എന്നാണ് ജീത്തു സാര്‍ പിന്നെ പറഞ്ഞത്. സത്യമാണോ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് ‘ഞാന്‍ ഇപ്പോള്‍ അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്.

പിന്നെ ഇത് സിനിമയാണ്. സിനിമയെന്ന് പറയുമ്പോള്‍ എന്താകുമെന്ന് പറയാന്‍ കഴിയില്ല. പക്ഷേ ഇപ്പോള്‍ ആ കഥാപാത്രമായി എന്റെ മനസില്‍ ഷാജോണ്‍ മാത്രമേയുള്ളൂ’ എന്നായിരുന്നു,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.


Content Highlight: Kalabhavan Shajone Talks About Drishyam And Jeethu Joseph

We use cookies to give you the best possible experience. Learn more