|

ഈയിടെ വന്ന പടങ്ങളിലൂടെയെല്ലാം ഞെട്ടിച്ച നടന്‍; അയാള്‍ക്കൊപ്പം അഭിനയിക്കാനായത് ഭാഗ്യമാണ്: ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് കലാഭവന്‍ ഷാജോണ്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ അദ്ദേഹം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.

എന്നാല്‍ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് ഷാജോണ്‍ തെളിയിച്ചത്.

പിന്നീട് മികച്ച നിരവധി സിനിമകളില്‍ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മലയാളത്തിലെ മിക്ക ആളുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള നടന്‍ കൂടിയാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ നടന്‍ വിജയരാഘവനെ കുറിച്ച് പറയുകയാണ് ഷാജോണ്‍.

അടുത്തുവന്ന സിനിമകളിലൂടെയെല്ലാം നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന അഭിനേതാവാണ് വിജയരാഘവനെന്നാണ് ഷാജോണ്‍ പറയുന്നത്. ഔസേപ്പിന്റെ ഒസ്യത്ത് എന്ന ഏറ്റവും പുതിയ സിനിമയില്‍ വിജയരാഘവന്റെ മകനായിട്ടാണ് കലാഭവന്‍ ഷാജോണ്‍ അഭിനയിക്കുന്നത്.

അദ്ദേഹത്തെ പോലെയൊരു നടനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിയുകയെന്നത് തന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമായാണ് കരുതുന്നതെന്നും ഷാജോണ്‍ പറഞ്ഞു. മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിജയരാഘവന്‍ എന്ന നടന്റെ ആക്ടിങ് കപ്പാസിറ്റിയെ കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ. അടുത്തു വന്ന സിനിമകളിലൂടെയെല്ലാം നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന അഭിനേതാവാണ് അദ്ദേഹം. അതുപോലെയുള്ള നടനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിയുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.

അദ്ദേഹത്തിന്റെ മകനായി, ഒരു മുഴുനീള കഥാപാത്രമായി വേഷമിടാന്‍ കഴിഞ്ഞതും ഭാഗ്യമായാണ് കരുതുന്നത്. ആക്ടിങ്ങിനെയും സിനിമയെയും അത്രമേല്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കൊപ്പം അഭിനയിക്കുകയെന്നതും സന്തോഷം തരുന്ന കാര്യമാണ്.

ഒരു ജ്യേഷ്ഠസഹോദരന് തുല്യമാണ് കുട്ടേട്ടനെങ്കിലും ഒരു സുഹൃത്തെന്ന നിലയിലാണ് എന്നോട് പെരുമാറാറുള്ളത്. അത്രബന്ധമാണ് ഞങ്ങള്‍ക്കിരുവര്‍ക്കും ഇടയില്‍,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

Content Highlight: Kalabhavan Shajon Talks About Vijayaraghavan