കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. 2019ലായിരുന്നു ഈ കോമഡി ആക്ഷന്‍ ത്രില്ലര്‍ ചിത്രം റിലീസിന് എത്തിയത്. പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായത്.
മിയ ജോര്‍ജ്, മഡോണ സെബാസ്റ്റ്യന്‍, പ്രയാഗ മാര്‍ട്ടിന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ നായികമാരായി എത്തിയപ്പോള്‍ തമിഴ് നടന്‍ പ്രസന്നയും ഒരു പ്രധാനവേഷത്തില്‍ അഭിനയിച്ചു. ഇപ്പോള്‍ ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിങ്ങിനെ കുറിച്ചും പൃഥ്വിരാജിന്റെ കോളിനെ കുറിച്ചും പറയുകയാണ് കലാഭവന്‍ ഷാജോണ്‍.
നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെ വെച്ച് സിനിമയിലെ ആദ്യരംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്തെങ്കിലും അഭിപ്രായം പറഞ്ഞിരുന്നോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷാജോണ്‍.
‘ബ്രദേഴ്‌സ് ഡേയുടെ ആദ്യത്തെ പതിനഞ്ച് ദിവസത്തെ ഷൂട്ടിങ് പൊള്ളാച്ചിയിലായിരുന്നു. ആ ഷെഡ്യൂളില്‍ രാജു ഇല്ലായിരുന്നു. എറണാകുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്തതിന് ശേഷമാണ് രാജു ജോയിന്‍ ചെയ്യുന്നത്. ആദ്യ ദിവസം രാജു ഉള്‍പ്പെടെ ഏഴ് ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ഒരു രംഗമാണ് പ്ലാന്‍ ചെയ്തത്.
എന്ത് ധൈര്യത്തിലാണ് ഞാനത് ചെയ്തെന്ന് എനിക്കറിയില്ല. അങ്ങ് ചെയ്തു. പക്ഷേ അന്ന് രാത്രി രാജു എന്നെ ഫോണില്‍ വിളിച്ചിട്ട് പറഞ്ഞത് ‘ഷൂട്ടിങ് ഗംഭീരമായിരിക്കുന്നു, ഞാനത് ശരിക്കും ആസ്വദിച്ചു’ എന്നാണ്. ഇങ്ങനെതന്നെ തുടരാന്‍ ഉപദേശവും തന്നു. അതെന്നിലെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി,’ കലാഭവന്‍ ഷാജോണ്‍ പറയുന്നു.
2009ലാണ് ഈ സിനിമയുടെ ത്രെഡ് മനസിലേക്ക് വന്നതെന്നും പിന്നീടത് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. തിരക്കഥയെഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ കൊള്ളാമെന്ന് തോന്നിയെന്നും അങ്ങനെയാണ് പൃഥ്വിരാജിനോട് കഥ പറയാന്‍ പോയതെന്നും ഷാജോണ്‍ പറഞ്ഞു.
‘2009ലാണ് ഈ സിനിമക്ക് ആസ്പദമായ ഒരു ത്രെഡ് മനസിലേക്ക് വീഴുന്നത്. പിന്നീടത് വികസിപ്പിക്കാനുള്ള ശ്രമങ്ങളായി. ഏതാണ്ട് 2013ല്‍ അതായത് ദൃശ്യത്തിന് ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളകള്‍ കിട്ടിയിരുന്നു.
നല്ല ക്യാരക്ടര്‍ റോളുകള്‍ കിട്ടിത്തുടങ്ങിയ നാളുകളായിരുന്നല്ലോ അത്. ആ സമയത്താണ് തിരക്കഥയെഴുതി പൂര്‍ത്തിയാക്കിയത്. എഴുതിക്കഴിഞ്ഞപ്പോള്‍ കൊള്ളാമെന്ന് തോന്നി. അങ്ങനെയാണ് രാജുവിനോട് കഥ പറയാന്‍ പോകുന്നത്,’ കലാഭവന്‍ ഷാജോണ്‍ പറയുന്നു.
Content Highlight: Kalabhavan Shajon Talks About Prithviraj Sukumaran And Brothers Day Movie