പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ബ്രദേഴ്‌സ് ഡേ. സിനിമയുടെ ഷൂട്ടിനിടയില്‍ നടന്‍ പൃഥ്വിരാജ് തന്നെ വിളിച്ച് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് പറയുകയാണ് ഷാജോണ്‍.
സിനിമയുടെ സെറ്റില്‍ താന്‍ വളരെ സന്തോഷവാനാണെന്നും ഇതേ രീതിയില്‍ തന്നെ ഷൂട്ട് മുമ്പോട്ട് കൊണ്ടുപോയാല്‍ മതിയെന്നാണ് പൃഥ്വിരാജ് പറഞ്ഞതെന്നും ഷാജോണ്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് എന്ത് കാര്യമുണ്ടെങ്കിലും തന്നെ വിളിച്ചാല്‍ മതിയെന്നും താന്‍ അതൊക്കെ കൈകാര്യം ചെയ്യാമെന്നും പൃഥ്വിരാജ് പറഞ്ഞെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘പൃഥ്വിരാജിനെ വെച്ച് ഞാനൊരു സിനിമ സംവിധാനം ചെയ്തിരുന്നു. ബ്രദേഴ്‌സ് ഡേ എന്നായിരുന്നു ആ സിനിമയുടെ പേര്. സിനിമയുടെ സെറ്റില്‍ രാജു ജോയിന്‍ ചെയ്ത് കഴിഞ്ഞ്, അന്ന് രാത്രി എന്നെ ഫോണില്‍ വിളിച്ചു. ചേട്ടാ ഞാന്‍ വളരെ ഹാപ്പിയാണെന്ന് രാജു പറഞ്ഞു. ഇത് പോലെ തന്നെ ഷൂട്ട് ചെയ്താല്‍ മതിയെന്നും പറഞ്ഞു.
ലൊക്കേഷനില്‍ വന്നിട്ട് വെറുതെ ഒരു സൈഡില്‍ കസേരയില്‍ കാലും വെച്ച് ചേട്ടന്‍ ഇരുന്നാല്‍ മതിയെന്നും സിനിമയുമായി ബന്ധപ്പെട്ട എന്ത് കാര്യമുണ്ടെങ്കിലും എന്നെ വിളിച്ച് പറഞ്ഞാല്‍ മതിയെന്നും രാജു പറഞ്ഞു. താന്‍ അതൊക്കെ ഹാന്‍ഡില്‍ ചെയ്‌തോളാമെന്നും രാജു എന്നോട് പറഞ്ഞു.
ഈ മൂഡില്‍ തന്നെ മുഴുവന്‍ സിനിമയും ഷൂട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതൊനിക്കൊരുപാട് കോണ്‍ഫിഡന്‍സ് തന്നു. ആദ്യമായി ഒരു സിനിമ ചെയ്യുമ്പോള്‍ രാജുവിനെ പോലൊരാള്‍ നമ്മളെ വിളിച്ച് ഇങ്ങനെയൊക്കെ പറയുന്നത് വലിയ എനര്‍ജിയാണ് നല്‍കുന്നത്. അതൊരിക്കലും മറക്കാനാകാത്ത കമന്റാണ്,’ ഷാജോണ്‍ പറഞ്ഞു.
പൃഥ്വിരാജിന് പുറമെ ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രസന്ന, വിജയ രാഘവന്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
content highlight: kalabhavan shajon talks about prithviraj sukumaran