| Tuesday, 5th March 2024, 8:07 am

പ്രേമലുവിലെ ആ ഡയലോഗ് ഓര്‍ത്ത ഞാന്‍ സിനിമ കഴിഞ്ഞും ചിരിച്ചു: ഒരുപാട് ചിരിപ്പിച്ച സീനിനെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. തിയേറ്ററില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ചിത്രമാണ് പ്രേമലു.

മമിത ബൈജു, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്. സിനിമക്ക് പൊതുവെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോള്‍ പ്രേമലു കണ്ടതിനെ കുറിച്ച് പറയുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘പ്രേമലു കണ്ട് ഞാന്‍ ചിരിച്ച് മറിയുകയായിരുന്നു. അവസാനമുള്ള ശ്യാമിന്റെ ഡയലോഗ് കേട്ട് ഞാന്‍ സിനിമ കഴിഞ്ഞും ചിരിക്കുകയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഡയലോഗല്ലേ അത്. ‘മോനെ ചെറിയ ഒരു പ്രശ്‌നമുണ്ട്. ഞങ്ങള്‍ക്ക് ആര്‍ക്കും ഡ്രൈവിങ് അറിയില്ല ‘ എന്ന ഡയലോഗ്.

ആ പയ്യനാണെങ്കില്‍ കണ്ണില്‍ സ്‌പ്രേ ആയിട്ട് ഇരിക്കുകയാണ്. എന്തൊരു ഹ്യൂമര്‍ സെന്‍സാണെന്ന് ചിന്തിച്ചു നോക്കിക്കേ. ഞാന്‍ ഗിരീഷിനെ വിളിച്ച് സംസാരിച്ചിരുന്നു. ഇതുപോലെയുള്ള ഒരുപാട് സീക്വന്‍സുകള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. ഓരോന്നും കണ്ട് നമ്മള്‍ അന്തംവിട്ടിരുന്നു പോകും.

കുറേനാളിന് ശേഷമാണ് ജനങ്ങള്‍ ഒരു ഡയലോഗ് കഴിഞ്ഞിട്ടും അതോര്‍ത്ത് പിന്നെയും ചിരിക്കുന്നത്. ആ കാര്യവും ഞാന്‍ ഗിരീഷിനോട് പറഞ്ഞിരുന്നു. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വലിയ സന്തോഷം തന്ന സിറ്റുവേഷനായിരുന്നു അത്,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

മലയാളത്തില്‍ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രമാണ് പ്രേമലു. സിനിമ മാര്‍ച്ച് എട്ടിന് തെലുങ്കില്‍ റിലീസ് ചെയ്യും. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ് തെലുങ്കിലെ റൈറ്റ്‌സ് സ്വന്തമാക്കിയത്.

മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിന്‍ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്.


Content Highlight: Kalabhavan Shajon Talks About Premalu Movie

We use cookies to give you the best possible experience. Learn more