മിമിക്രിയിലൂടെ സിനിമാ മേഖലയിലേക്ക് വന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.
എന്നാല്‍ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് താരം തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്. ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍.
‘ദൃശ്യത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്ന സമയത്ത്, നല്ല ഒരു പടത്തില്‍ ഹ്യൂമര്‍ ചെയ്താല്‍ പിന്നെ അവര്‍ക്ക് ഒരു രണ്ടോ മൂന്നോ വര്‍ഷം ഹ്യൂമര്‍ തന്നെ കിട്ടുന്ന കാലമായിരുന്നു. കുറേ സിനിമകള്‍ അത്തരത്തില്‍ കിട്ടുമായിരുന്നു.
പക്ഷേ എന്റെ ലക്ഷ്യം അതായിരുന്നില്ല. എല്ലാത്തരം സിനിമകളും എല്ലാ കഥാപാത്രങ്ങളും ചെയ്യുക എന്നതായിരുന്നു എനിക്കുണ്ടായിരുന്ന ലക്ഷ്യം. അതിനിടയില്‍ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും എന്നോട് പറഞ്ഞത് ഇനി സിനിമയില്‍ വലിയ അവസരങ്ങള്‍ നഷ്ടമാകും എന്നായിരുന്നു. സംവിധാനം ചെയ്യാന്‍ പോയി കഴിഞ്ഞാല്‍ സിനിമയില്‍ നല്ല അവസരങ്ങള്‍ കിട്ടില്ല എന്ന് പറഞ്ഞു.
അങ്ങനെ കുറേ ആളുകള്‍ പറഞ്ഞിരുന്നു. പക്ഷേ, ആ സിനിമ സംവിധാനം ചെയ്ത് കഴിഞ്ഞ് ഡബ്ബിങ് നടക്കുമ്പോള്‍ ഞാന്‍ അഭിനയിക്കുന്ന പടം മമ്മൂക്കയുടെ കൂടെയുള്ള ഷൈലോക്ക് ആയിരുന്നു. ഇപ്പോള്‍ സത്യത്തില്‍ സിനിമയില്‍ അങ്ങനെ ഒന്നും തന്നെയില്ല. നമുക്ക് എല്ലാത്തിനും ഒരു സമയമുണ്ട്. എന്ത് ചെയ്യാന്‍ തോന്നുന്നോ അത് ചെയ്യാമെന്നേയുള്ളൂ,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
അഭിമുഖത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ ഒരു സിനിമയില്‍ വില്ലന്‍ വേഷത്തില്‍ വിളിക്കുകയും അവസാന നിമിഷം ഒഴിവാക്കുകയും ചെയ്തത് കേട്ടിട്ടുണ്ടല്ലോയെന്ന് ഷാജോണിനോട് ചോദിച്ചപ്പോള്‍ മറുപടിയായി ആ വലിയ സിനിമ കുഞ്ഞിക്കൂനന്‍ ആണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
ഈ കാര്യം അധികം ഇന്റര്‍വ്യൂസില്‍ പറഞ്ഞിട്ടില്ലെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ മിമിക്രിക്കാരനായത് കാരണം ആരെങ്കിലും മാറ്റി നിര്‍ത്തിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അത് കാരണം തന്നെ മാറ്റി നിര്‍ത്തിയത് പോലെ തനിക്ക് ഫീല്‍ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി.
Content Highlight: Kalabhavan Shajon Talks About Mammootty’s Shylock Movie