ദൃശ്യത്തിന് മുമ്പ് മമ്മൂക്കയുടെ ആ സിനിമയില്‍ എനിക്ക് റോള്‍ തരേണ്ടെന്ന് ഇക്ക പറഞ്ഞു: കലാഭവന്‍ ഷാജോണ്‍
Film News
ദൃശ്യത്തിന് മുമ്പ് മമ്മൂക്കയുടെ ആ സിനിമയില്‍ എനിക്ക് റോള്‍ തരേണ്ടെന്ന് ഇക്ക പറഞ്ഞു: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th December 2023, 10:39 pm

മിമിക്രിയിലൂടെ സിനിമാ മേഖലയിലേക്ക് വന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.

എന്നാല്‍ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് താരം തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്. ഇപ്പോള്‍ സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് കലാഭവന്‍ ഷാജോണ്‍.

‘മമ്മൂക്കക്ക് എന്നെ വലിയ ഇഷ്ടമാണ്. എനിക്ക് വേണ്ടി മമ്മൂക്ക ഒരുപാടുപേരോട് പറഞ്ഞിട്ടുണ്ട്. അവന് നല്ല വേഷം കൊടുക്കണമെന്ന് പലരോടും പറയാറുണ്ട്. എന്നെ ഒരു സിനിമയില്‍ ചെറിയ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഒരു ചായക്കടക്കാരന്റെ റോളായിരുന്നു അത്. ദൃശ്യത്തിനൊക്കെ മുമ്പായിരുന്നു സംഭവം. മമ്മൂക്കയുടെ ഒരു പടത്തിലായിരുന്നു അത്.

അന്ന് മമ്മൂക്ക ആ വേഷം എനിക്ക് തരരുതെന്ന് പറഞ്ഞു. അവന് ആ കഥാപാത്രത്തില്‍ ഇടേണ്ട എന്നായിരുന്നു ഇക്ക പറഞ്ഞത്. ആ സിനിമയിലെ അസോസിയേറ്റ് എന്റെ സുഹൃത്തായിരുന്നു. അവര്‍ക്കൊക്കെ അത് കേട്ട് വിഷമമായി. എന്നോട് കാര്യം പറയുകയും ചെയ്യും. മമ്മൂക്കയാണെങ്കില്‍ എനിക്ക് അടുത്ത പടത്തില്‍ നല്ലൊരു റോള്‍ കരുതി വെച്ചിട്ടുണ്ടെന്നാണ് അന്ന് പറഞ്ഞത്. ആ സിനിമയായിരുന്നു താപ്പാന. അത്തരത്തില്‍ എനിക്ക് വേണ്ടി ഒരുപാട് സംസാരിച്ച ആളാണ് മമ്മൂക്ക,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

അഭിമുഖത്തില്‍ താപ്പാന സിനിമയെ കുറിച്ചും മമ്മൂട്ടിയുമായുള്ള തന്റെ അനുഭവത്തെ കുറിച്ചും താരം സംസാരിച്ചു. താപ്പാന സിനിമയുടെ ഇടയില്‍ മമ്മൂട്ടി തനിക്ക് വിഗ്ഗ് വെച്ചു തന്നെന്നും അതൊക്കെ ഒരുപാട് ഇഷ്ടമുള്ള ആളാണ് അദ്ദേഹമെന്നും എല്ലാരുടെ കാര്യങ്ങളും ശ്രദ്ധിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും ഷാജോണ്‍ കൂട്ടിചേര്‍ത്തു.

‘ഞാന്‍ ഒരിക്കല്‍ എവിടെയോ വായിച്ചിരുന്നു, മേഘനാഥന്‍ ചേട്ടന്‍ വില്ലനായ പടത്തില്‍ ചേട്ടന് വേണ്ടി കൃതാവ് ഷേപ്പ് ആകാന്‍ വേണ്ടി കട്ട് ചെയ്ത് കൊടുത്തത് മമ്മൂക്ക ആയിരുന്നത്രെ. അപ്പോള്‍ ഞാന്‍ മേഘനാഥന്‍ ചേട്ടന്റെ ഭാഗ്യത്തെ പറ്റി ഓര്‍ത്തിരുന്നു.

ആ മമ്മൂക്ക താപ്പാന സിനിമയില്‍ എനിക്ക് വിഗ്ഗ് വെച്ചു തന്നു. ഇങ്ങനെയല്ലടാ വിഗ്ഗ് വെക്കേണ്ടത് എന്ന് പറഞ്ഞ് എന്റെ വിഗ്ഗ് ശരിയാക്കി തന്നു. ഇനി ഇത് തൊട്ട് പോകരുതെന്നും പറഞ്ഞു. മമ്മൂക്കക്ക് അതൊക്കെ വലിയ ഇഷ്ടമാണ്. എല്ലാരുടെ കാര്യങ്ങളും ശ്രദ്ധിക്കുന്ന ഒരാളാണ് അദ്ദേഹം,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.


Content Highlight: Kalabhavan Shajon Talks About Mammootty And Thappana Movie