| Thursday, 28th December 2023, 3:29 pm

കുഞ്ഞിക്കൂനനിലെ വാസുവണ്ണനെന്ന കഥാപാത്രം ചെയ്യേണ്ടത് ഞാനായിരുന്നു; പക്ഷേ...

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന് വ്യത്യസ്തമായ കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞിക്കൂനന്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ ഒരു സിനിമയില്‍ വില്ലന്‍ വേഷത്തില്‍ വിളിക്കുകയും അവസാന നിമിഷം ഒഴിവാക്കുകയും ചെയ്തത് കേട്ടിട്ടുണ്ടല്ലോയെന്ന് അവതാരകന്‍ ഷാജോണിനോട് ചോദിക്കുകയായിരുന്നു.

മറുപടിയായി ആ വലിയ സിനിമ കുഞ്ഞിക്കൂനന്‍ ആണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഈ കാര്യം അധികം ഇന്റര്‍വ്യൂസില്‍ പറഞ്ഞിട്ടില്ലെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ മിമിക്രിക്കാരനായത് കാരണം ആരെങ്കിലും മാറ്റി നിര്‍ത്തിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അത് കാരണം തന്നെ മാറ്റി നിര്‍ത്തിയത് പോലെ തനിക്ക് ഫീല്‍ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി.

‘മിമിക്രിക്കാരനായത് കാരണം എന്നെ മാറ്റി നിര്‍ത്തിയത് പോലെ എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. പിന്നെ കുഞ്ഞിക്കൂനന്‍ സിനിമയുടെ കാര്യം പറയുകയാണെങ്കില്‍, ഞാന്‍ ആ സിനിമയുടെ ലൊക്കേഷനില്‍ പോയി. റഷീദ്ക്കയായിരുന്നു അതിന്റെ മേക്കപ്പ്. ഇക്ക മേക്കപ്പ് ടെസ്റ്റ് നടത്തി നോക്കി. അതിന് വേണ്ടി കോസ്റ്റ്യുമിന്റെ അളവൊക്കെ എടുത്തു. ഡയറക്ടര്‍ ഓക്കെ പറഞ്ഞതുമായിരുന്നു. പക്ഷേ എന്തോ കാരണം കൊണ്ട് ആ സിനിമ മാറിപ്പോയി.

സത്യം പറഞ്ഞാല്‍ മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ വെച്ച് കണ്ടപ്പോള്‍ റഷീദ്ക്ക സായി ചേട്ടന്റെ ഗെറ്റപ്പ് എന്നെ കാണിച്ചിരുന്നു. ഷാജോണ്‍, ഇതാണ് കേട്ടോ സായിയുടെ ലുക്ക്. ഇതാണ് സിനിമയിലെ വാസുവിന്റെ ഗെറ്റപ്പെന്ന് പറഞ്ഞു. അത് കണ്ടതും ഞാന്‍ പറഞ്ഞു, എന്റെ ഇക്കാ ഇത് സായി ചേട്ടന്‍ തന്നെ ചെയ്യണം എന്ന്. അപ്പോള്‍ ഇക്ക എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. അത് കലക്കി ഷാജോണേയെന്ന് പറഞ്ഞു.

കാരണം നമ്മള്‍ അത് മനസിലാക്കുക എന്നുള്ളതാണല്ലോ കാര്യം. സിനിമ കണ്ടപ്പോള്‍ ഉറപ്പിച്ചു, ആ കഥാപാത്രം സായി ചേട്ടന് അല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയില്ല. നമ്മളത് ചെയ്തിരുന്നെങ്കില്‍ അത് വേറെ ഒരു രീതിയില്‍ ആയിപോയേനെ. അതുകൊണ്ട് ഞാന്‍ ഒരിക്കലും ആ കഥാപാത്രം കിട്ടാതെ പോയതില്‍ വിഷമിച്ചിട്ടില്ല. സ്വപ്നം കണ്ടതിലും അപ്പുറം ദൈവം നമുക്ക് തരുന്നുണ്ട്. പിന്നെ നമുക്ക് കിട്ടാത്തതില്‍ വിഷമിക്കണ്ടല്ലോ. മാറ്റാര്‍ക്കോ വേണ്ടി എടുത്ത് വെച്ച കഥാപാത്രമാകും അത്. നമുക്കുള്ളത് നമ്മള്‍ ചെയ്യുന്നു എന്ന് മാത്രം,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.


Content Highlight: kalabhavan shajon talks about kunjikoonan movie

Latest Stories

We use cookies to give you the best possible experience. Learn more