| Thursday, 9th May 2024, 3:58 pm

ഇതെന്റെ ഇഷ്ടമാണ്; ലാലേട്ടന്‍ ചെയ്യുമെന്ന് പറഞ്ഞ് ഞാന്‍ എന്തിനാണ് അത് ചെയ്യുന്നതെന്ന് ചോദിക്കാന്‍ പാടില്ല: കലാഭവന്‍ ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയില്‍ സഹദേവന്‍ എന്ന കഥാപാത്രമായാണ് ഷാജോണ്‍ എത്തുന്നത്. ആ ചിത്രത്തിലൂടെയാണ് താരം തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്.

ഇപ്പോള്‍ ഒരു സിനിമ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ഇന്‍ഫ്‌ളുവന്‍സിനെ കുറിച്ച് പറയുകയാണ് കലാഭവന്‍ ഷാജോണ്‍. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ മുണ്ട് ഉടുത്താല്‍ ഞാന്‍ ചെരിഞ്ഞു മാത്രമേ നടക്കുകയുള്ളൂ. ആര്‍ട്‌സ് ക്ലബ്ബിന്റെ ഫെസ്റ്റിന് പോകുമ്പോള്‍ രണ്ടെണ്ണം അടിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ലാലേട്ടന്‍ ചെയ്യുന്നത് പോലെ ഷര്‍ട്ടിന്റെ കൈ ചുരുട്ടി കയറ്റി വെക്കും. അത് എന്റെ ചോയ്‌സാണ്.

ഇതുകണ്ട് എന്നോട് ആരെങ്കിലും വന്നിട്ട് ലാലേട്ടന്‍ ചെയ്യുമെന്ന് പറഞ്ഞ് നീ എന്തിനാണ് ചെയ്യുന്നതെന്ന് ചോദിക്കാന്‍ പാടില്ല. അത് എന്റെ ഇഷ്ടമാണ്. ഞാന്‍ ഇഷ്ടപെടുന്ന ആളാണ് ലാലേട്ടന്‍. അദ്ദേഹം സിനിമയില്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ചെയ്യും. എന്റെ ഇഷ്ടമാണ് അതൊക്കെ. പിന്നെ ആ കാര്യം ഓരോരുത്തരും എങ്ങനെയെടുക്കും എന്നതിലാണ് കാര്യം.

അതേസമയം, ദൃശ്യത്തില്‍ ലാലേട്ടന്‍ ഒരാളുടെ ബോഡി കൊണ്ടുപോയി കുഴിച്ചിടുന്നുണ്ട്. അതുകണ്ട് ആരെയെങ്കിലും കൊന്ന് കുഴിച്ചിട്ടാല്‍ അതില്‍ ജീത്തു ജോസഫിനെ കുറ്റം പറയാന്‍ കഴിയുമോ. അദ്ദേഹം ഒരു ആര്‍ട്ടാണ് ഉണ്ടാക്കിയത്, ഒരു സിനിമയാണ് അത്.

ആ സിനിമ കണ്ട് വിവരമില്ലാത്ത ആളുകള്‍ ബോധമില്ലാതെ എന്തെങ്കിലും ചെയ്ത ശേഷം ലാലേട്ടന്‍ ചെയ്തപ്പോള്‍ സഹദേവന്‍ കണ്ടുപിടിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ അവനെ അടിക്കുകയാണ് വേണ്ടത്. അത് അവരുടെ തെറ്റാണ്. ബുദ്ധിമോശമാണ്. മണ്ടത്തരമെന്നേ പറയാന്‍ കഴിയുള്ളൂ. ഒരു സിനിമ വന്നാല്‍ തിയേറ്ററില്‍ പോയി കാണുക, അത് വിടുക. നല്ല കാര്യങ്ങള്‍ ഉണ്ടെങ്കില്‍ എടുക്കുക. പാട്ടിന് ഡാന്‍സ് ചെയ്യാന്‍ തോന്നിയാല്‍ ചെയ്യുക,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

Content Highlight: Kalabhavan Shajon Talks About Influences In Movies

We use cookies to give you the best possible experience. Learn more