| Monday, 1st January 2024, 10:52 am

ദൃശ്യം3; ക്ലൈമാക്‌സ് കിട്ടിയിട്ടുണ്ടെന്നാണ് ജീത്തു ഭായി പറയുന്നത്: കലാഭവന്‍ ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ആക്ടര്‍ – ഡയറക്ടര്‍ കോംബോയാണ് ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ട്. അവരുടെ ആദ്യ സിനിമയായിരുന്നു ദൃശ്യം. ചിത്രത്തില്‍ സഹദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടന്‍ കലാഭവന്‍ ഷാജോണായിരുന്നു.

കോമഡി കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ആ കഥാപാത്രം മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യത്തിന്റെ അടുത്ത ഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍.

ദൃശ്യത്തിന്റെ മൂന്നാം ഭാഗം 2024ല്‍ വരുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ താരം പറഞ്ഞത് അതിനെ കുറിച്ച് കൂടുതല്‍ ഒന്നും തനിക്ക് അറിയില്ലെന്നായിരുന്നു. ജീത്തു ജോസഫ് ദൃശ്യത്തിന്റെ അടുത്ത ഭാഗത്തെ കുറിച്ച് എന്തോ സൂചനകളൊക്കെ നല്‍കുന്നുണ്ടെന്നും ക്ലൈമാക്‌സ് കിട്ടിയിട്ടുണ്ടെന്നാണ് പറയുന്നതെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നാം ഭാഗമുണ്ടാകട്ടെയെന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ഒരിക്കല്‍ കൂടെ ആ കോമ്പിനേഷനില്‍ വരാന്‍ കഴിഞ്ഞാല്‍ അത് തന്റെ വലിയ ഭാഗ്യമാണെന്ന് വിശ്വാസിക്കുന്നുവെന്നും താരം പറഞ്ഞു.

‘അതിനെ കുറിച്ച് കൂടുതല്‍ ഒന്നും തന്നെ എനിക്കറിയില്ല. ദൃശ്യത്തിന്റെ അടുത്ത ഭാഗത്തെ കുറിച്ച് എന്തോ സൂചനകളൊക്കെ ജീത്തു ഭായി പറയുന്നുണ്ട്. ക്ലൈമാക്‌സ് എന്തോ കിട്ടിയിട്ടുണ്ടെന്ന് പറയുന്നു.

ഉണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടെ ആ കോമ്പിനേഷനില്‍ വരാന്‍ കഴിഞ്ഞാല്‍ അത് വലിയ ഭാഗ്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

അതേസമയം താരത്തിന്റേതായി ഏറ്റവും പുതുതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ആട്ടം. നവാഗത സംവിധായകന്‍ ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും ചെയ്യുന്ന ആട്ടം ജോയ് മൂവി പ്രൊഡക്ഷന്‍സിന് കീഴില്‍ ഡോ. അജിത് ജോയ് ആണ് നിര്‍മിച്ചത്.

ആട്ടം ജനുവരി അഞ്ചിനാണ് പുറത്തിറങ്ങുന്നത്. കലാഭവന്‍ ഷാജോണിന് പുറമെ വിനയ് ഫോര്‍ട്ട്, സെറിന്‍ ശിഹാബ്, നന്ദന്‍ ഉണ്ണി എന്നിവരും നാടകരംഗത്ത് സമ്പന്നമായ അഭിനയ പരിചയമുള്ള ഒമ്പത് മികച്ച അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Content Highlight: Kalabhavan Shajon Talks About Drishyam 3

We use cookies to give you the best possible experience. Learn more