മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
മോഹന്‍ലാലിന് ലെഫ്റ്റണന്റ് കേണല്‍ പദവി കിട്ടിയ സമയത്ത്, അത് പ്രമാണിച്ച് ഒരുപാട് സിനിമകളില്‍ കോണ്‍സ്റ്റബിളും എസ്.ഐയുമൊക്കെയായി അഭിനയിച്ച തനിക്ക് മിനിമം ഒരു പാറാവുകാരന്റെ പദവിയെങ്കിലും കൊടുക്കണമെന്നുള്ള ടെക്സ്റ്റ് മെസേജുകള്‍ ഒരു കാലത്ത് വ്യാപിച്ചതിനെ കുറിച്ചും കലാഭവന്‍ ഷാജോണ്‍ സംസാരിച്ചു.
ആ ടെക്സ്റ്റ് മെസേജുകള്‍ തന്നില്‍ എവിടെയൊക്കെ ചെറിയ ഒരു വേദന നല്‍കിയിരുന്നെന്നും, എന്നാല്‍ താന്‍ പ്ലാന്‍ ചെയ്തിട്ട് ജീവിക്കുന്ന ആളല്ലെന്നും പ്ലാന്‍ ചെയ്താല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ അറിയാത്ത ആളാണെന്നും താരം പറഞ്ഞു. അന്ന് താന്‍ ഒരുപാട് ആത്മാര്‍ത്ഥമായി നിന്നത് കൊണ്ടാകും ദൃശ്യത്തിലെ പൊലീസ് വേഷം തനിക്ക് കരിയര്‍ ബ്രേക്കായി മാറിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ആ ടെക്സ്റ്റ് മെസേജുകള്‍ വേദനിപ്പിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ വേദനിപ്പിച്ചു എന്നല്ല. എവിടെയൊക്കെ ചെറിയ ഒരു നോവ് തോന്നിയിരുന്നു. കാര്യം, ഞാന്‍ അന്നും ഇന്നും ഒന്നും പ്ലാന്‍ ചെയ്തിട്ട് ജീവിക്കുന്ന ഒരു ആളല്ല. ഓരോ സമയത്തും എന്താണോ നമ്മളിലേക്ക് വരുന്നത് അത് ചെയ്യുമെന്നേയുള്ളൂ. അല്ലാതെ ഒന്നും പ്ലാന്‍ ചെയ്യാന്‍ എനിക്ക് അറിയില്ല. പ്ലാന്‍ ചെയ്താല്‍ തന്നെ അത് ചെയ്യാന്‍ അറിയാത്ത ആളാണ് ഞാന്‍.
മുമ്പും ഞാന്‍ എന്റെ എടുത്തേക്ക് വരുന്ന സിനിമകള്‍ ചെയ്യുകയായിരുന്നു. എന്നെ ഇഷ്ടമുള്ള കുറേ ആളുകളുണ്ട്. അവരുടെ സിനിമകളില്‍ ഒരു സീന്‍ ആണെങ്കില്‍ പോലും അവര്‍ എന്നോടുള്ള ഇഷ്ടം കൊണ്ട് എന്നെ വിളിച്ച് ആ കഥാപാത്രത്തെ തരുകയായിരുന്നു. അത് ചിലപ്പോള്‍ പൊലീസ് റോള്‍ ആയിരിക്കും. എന്റെ ബോഡി ലാങ്വേജ് അതിന് പറ്റിയത് കൊണ്ടാകും അവര്‍ ഒരു പൊലീസ് വേഷം വന്നാല്‍ ഉടനെ അത് ഷാജോണിന് നല്‍കാം എന്ന് പറയുന്നത്.
എനിക്ക് അന്ന് മിമിക്രിയുണ്ടായിരുന്നു. കൂടെ സിനിമ വന്നാല്‍ അതും ചെയ്യും. കുറേ സിനിമകളില്‍ ഒരു വേഷം തന്നെ ചെയ്താല്‍ നമ്മള്‍ ആ ടൈപ്പായി പോകുമെന്ന് ചിന്തിക്കാനുള്ള ബുദ്ധി അന്നും ഇന്നും ഇല്ലായിരുന്നു. എന്നാല്‍ അന്ന് അത്രയും ആത്മാര്‍ത്ഥമായി നിന്നത് കൊണ്ടാകും ഒരു പൊലീസ് വേഷം തന്നെ എനിക്ക് എന്റെ കരിയര്‍ ബ്രേക്കായി മാറിയത്,’ കലാഭവന്‍ ഷാജോണ്‍ പറയുന്നു.
Content Highlight: kalabhavan Shajon talks about a text messages hurt him