Entertainment
ലാലേട്ടനെയും സത്യൻ മാഷിനെയും അവർ അനുകരിക്കുന്നത് കണ്ടിട്ട് ഇത് കൂടുതലാണല്ലോയെന്ന് തോന്നിയിട്ടുണ്ട്: കലാഭവൻ ഷാജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 08, 01:32 pm
Friday, 8th March 2024, 7:02 pm

മിമിക്രി രംഗത്ത് നിന്ന് സിനിമ മേഖലയിലേക്ക് എത്തിയ നടനാണ് കലാഭവൻ ഷാജോൺ. ഹാസ്യതാരമായി തന്റെ കരിയർ ആരംഭിച്ച ഷാജോൺ ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള ഒരു നടനാണ്.

സൂപ്പർ ഹിറ്റ്‌ ചിത്രം ദൃശ്യത്തിലെ സഹദേവൻ എന്ന നെഗറ്റീവ് കഥാപാത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. സംവിധായകൻ എന്ന നിലയിലും കഴിവ് തെളിയിച്ച ഷാജോൺ മിമിക്രിയെ കുറിച്ച് സംസാരിക്കുകയാണ്.

ഈയിടെ നടൻ അശോകൻ, അസീസ് നെടുമങ്ങാട്‌ തന്നെ അനുകരിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അതിനെ കുറിച്ച് പറയുകയാണ് ഷാജോൺ. ആരെയും അപമാനിക്കാനല്ല മിമിക്രി ചെയ്യുന്നതെന്നും ആളുകളെ ചിരിപ്പിക്കുക എന്ന ചിന്ത മാത്രമേ ഉണ്ടാവുള്ളൂവെന്നും ഷാജോൺ പറയുന്നു.

മോഹൻലാലിനെയും സത്യൻ മാഷിനെയും ചിലർ അനുകരിക്കുന്നത് കണ്ടാൽ തനിക്കും പ്രയാസം തോന്നാറുണ്ടെന്നും താരം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ലാലേട്ടനെയാണെങ്കിലും സത്യൻ മാഷിനെയാണെങ്കിലും ചിലർ ചെയ്യുന്നത് കണ്ടാൽ ഞങ്ങൾക്ക് തന്നെ തോന്നും ഇത് കുറച്ച് കൂടുതലാണെന്ന്. പക്ഷെ അങ്ങനെ ചെയ്താലേ കൂടുതൽ ചിരി കിട്ടുകയുള്ളു എന്നത് കൊണ്ടാണ് അത്തരത്തിൽ ചെയ്യുന്നത്. അതൊരിക്കലും ആരെയും അപമാനിക്കാനല്ല.

നമ്മളെ ഒരാൾ അനുകരിക്കുമ്പോൾ നമ്മൾ സ്വയം ധരിച്ചുവെച്ചിരിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ അതായിരിക്കില്ല ശരിക്കുമുള്ളത്. പ്രത്യേകിച്ച് മിമിക്രിക്കാർ ചെയ്യുമ്പോൾ കുറച്ച് കൂടെ കൂട്ടിയാണ് എല്ലാം ചെയ്യുക. അതാണ് ജനങ്ങൾക്ക് കൂടുതൽ ഇഷ്ടം.

മമ്മൂക്കയെ കാണിക്കുകയാണെങ്കിലും ഇങ്ങനെ കൈ കുത്തി കാണിക്കുകയല്ലേ. മമ്മൂക്ക എന്നോ ഏതോ ഒരു സിനിമയിൽ ചെയ്ത സാധനമാണത്. നമ്മൾ മിമിക്രികാരെല്ലാം ചെയ്യുന്നത് അങ്ങനെയാണ്. ടിനിയൊക്കെ ചെയ്യുന്നത് കണ്ടാൽ മമ്മൂക്ക അപ്പോൾ അടിക്കും.

പക്ഷെ മമ്മൂക്കയ്‌ക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹമത് നന്നായി എൻജോയ് ചെയ്യാറുണ്ട്,’ ഷാജോൺ പറയുന്നു.

Content Highlight: Kalabhavan Shajon Talk About Mimicry