| Tuesday, 14th May 2024, 9:27 am

ആ സിനിമകൾ പോലെ 'ആട്ട'വും ആ ലിസ്റ്റിലേക്ക് വരേണ്ടതാണ്, പക്ഷെ സങ്കടമൊന്നുമില്ല: കലാഭവൻ ഷാജോൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ആനന്ദ് ഏകർഷിയുടെ സംവിധാനത്തിൽ ഈ വർഷമിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ആട്ടം. വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, സറിൻ ഷിഹാബ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാള സിനിമ അധികം പരീക്ഷിച്ചിട്ടില്ലാത്ത രീതിയിലുള്ള ഒരു ചിത്രമായിരുന്നു.

ഫിലിം ഫെസ്റ്റിവലുകളിലും തിയേറ്ററിലുമെല്ലാം മികച്ച അഭിപ്രായം നേടാൻ ആട്ടത്തിന് കഴിഞ്ഞിരുന്നു. എന്നാൽ മലയാളത്തിലെ മറ്റ് മികച്ച ചിത്രങ്ങളെ കുറിച്ച് പറയുന്ന പോലെ ആട്ടത്തെ കുറിച്ച് സംസാരിക്കപ്പെടുന്നില്ല എന്നാണ് നടൻ കലാഭവൻ ഷാജോൺ പറയുന്നത്.

സിനിമാക്കാർക്കിടയിൽ വലിയ ചർച്ചയായ ചിത്രമാണ് ആട്ടമെന്നും കോമേഴ്‌ഷ്യൽ എലമെന്റ് കൂടുതൽ ശ്രദ്ധിക്കുന്നത് കൊണ്ടായിരിക്കാം ചിത്രം ആ ഒരു ലിസ്റ്റിലേക്ക് വരാത്തതെന്നും താരം പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു ഷാജോൺ.

‘സിനിമക്കാർക്കിടയിൽ നല്ല ചർച്ചയായ ചിത്രമാണ് ആട്ടം. കഴിഞ്ഞ ദിവസവും ഒരു പരിപാടിക്ക് വെച്ച് ഒരുപാടുപേരെ കണ്ടിരുന്നു. എല്ലാവരും ആട്ടത്തെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്.

സീനിയർ സംവിധായകരും അഭിനേതാക്കളുമെല്ലാം പറഞ്ഞത്, ആട്ടം കണ്ടു ഗംഭീര സിനിമയാണ് എന്നായിരുന്നു. പക്ഷെ മറ്റു സിനിമകൾ പറയുന്ന പോലൊരു ലിസ്റ്റിലേക്ക് ആട്ടം വരുന്നില്ല. എനിക്ക് തോന്നുന്നത് കോമേഴ്ഷ്യൽ എലമെന്റ് കൂടെ ശ്രദ്ധിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു.

പക്ഷെ അത് തീർച്ചയായും ഒരു എന്റർടൈനർ സിനിമയായിരുന്നു, അത്യാവശ്യം കളക്ഷൻ കിട്ടിയ ചിത്രമായിരുന്നു. ഫെസ്റ്റിവൽ സൈഡ് നോക്കിയാലും ഒരുപാട് പ്രശംസകൾ ലഭിച്ചൊരു ചിത്രമാണ് ആട്ടം. ആട്ടവും ആ ലിസ്റ്റിൽ വരേണ്ടതാണ്.

പക്ഷെ സങ്കടമൊന്നുമില്ല. കാരണം ഒ.ടി. ടിയിൽ കണ്ടിട്ട് ഇപ്പോഴും ഒരുപാട് പേർ വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഓരോ സിനിമയും ഓരോ രീതിയിലാണല്ലോ,’ഷാജോൺ പറയുന്നു.

Content Highlight: Kalabhavan Shajon Talk About Attam Movie

We use cookies to give you the best possible experience. Learn more