Entertainment
ആ സിനിമയില്‍ എന്നെ വിളിക്കണ്ടെന്ന് മമ്മൂക്ക പറഞ്ഞു, അതിന്റെ കാരണം പിന്നീടാണ് മനസിലായത്: കലാഭവന്‍ ഷാജോണ്‍
മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് കലാഭവന്‍ ഷാജോണ്‍. 1999ല്‍ മൈ ഡിയര്‍ കരടി എന്ന സിനിമയില്‍ കരടിയുടെ ഡ്യൂപ്പായി സിനിമജീവിതം തുടങ്ങിയ ഷാജോണ്‍, പിന്നീട് നിരവധി സിനിമകളില്‍ ഹാസ്യനടനായി തിളങ്ങി. എന്നാല്‍ താരത്തിന്റെ കരിയര്‍ മാറ്റിയത് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയിലെ കഥാപാത്രമാണ്. കോമഡിയില്‍ നിന്ന് മാറി പൂര്‍ണമായും നെഗറ്റീവ് ഷേഡുള്ള സഹദേവന്‍ എന്ന കഥാപാത്രം ഷാജോണില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷത്തിലും ക്യാരക്ടര്‍ റോളുകളിലും താരം തിളങ്ങി.
തന്റെ പുതിയ ചിത്രമായ ‘ഇതുവരെ’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു സിനിമയില്‍ നിന്ന് മമ്മൂട്ടി തന്നെ വേണ്ടെന്ന് പറയുകയും പിന്നീട് വേറൊരു സിനിമയില്‍ മുഴുനീളവേഷം നല്‍കുകയും ചെയ്ത അനുഭവം പങ്കുവെച്ചു. മമ്മൂക്കയുമായുള്ള ബന്ധം എങ്ങനെയാണെന്നുള്ള ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത് രാജമാണിക്യം സിനിമയിലാണ്. നമ്മള്‍ അന്ന് കേറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിന് ശേഷം നമ്മള്‍ ചെറിയ വേഷങ്ങളൊക്കെയായി അങ്ങനെ പോവുകയായിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്ത് ഒരു സിനിമയില്‍ ചായക്കടക്കാരന്റെ റോളില്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. മമ്മൂക്ക അത് കണ്ടിട്ട്, ‘അവനെ ഈ റോളില്‍ വെക്കണ്ട, ശെരിയാവില്ല അവന് വേറെ സിനിമ ഞാന്‍ വെച്ചിട്ടുണ്ട്’ എന്ന് പറഞ്ഞു.
ആ സിനിമയുടെ എ.ഡി എന്നെ വിളിച്ചിട്ട്, ഇങ്ങനെ മമ്മൂക്ക നിനക്ക് ഈ റോള്‍ കൊടുക്കണ്ട, വേറെ സിനിമ വെച്ചിട്ടുണ്ടെന്ന് പറഞ്ഞു എന്ന് എന്നെ അറിയിച്ചു. എനിക്ക് ഇത് കേട്ടിട്ട് ടെന്‍ഷനായി. ഇനിയിപ്പോ അതും ഇല്ല, ഇതും ഇല്ലാന്നുള്ള അവസ്ഥയാകുമോ എന്ന് ആലോചിച്ചു. അത് കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം ജോണി ആന്റണി ചേട്ടന്‍ എന്നെ വിളിച്ചു. താപ്പാന എന്ന് പറയുന്ന സിനിമ മമ്മൂക്കയെ വെച്ച് ചെയ്യുന്നുണ്ട്. എനിക്ക് ഒരു റോള്‍ ഉണ്ടെന്ന് പറഞ്ഞു.
സാധാരണ പോലെ ഏതെങ്കിലും ഒരു ചെറിയ റോള്‍ ആകുമെന്ന് വിചാരിച്ചു. പക്ഷേ അതുവരെ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പെയ്‌സ് ഉള്ള റോള്‍ ആയിരുന്നു എനിക്ക് താപ്പാനയില്‍. അതും എല്ലാ സീനും മമ്മൂക്കയുടെ കൂടെ കോമ്പോ ഉള്ളതായിരുന്നു. ആ സിനിമയില്‍ ചായക്കടക്കാരനായി ഞാന്‍ പോയിരുന്നെങ്കില്‍ ചിലപ്പോള്‍ ടൈപ്പ്കാസ്റ്റ് ആയിപ്പോയേനെ. മമ്മൂക്ക നമ്മളെയൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അപ്പോള്‍ എനിക്ക് മനസിലായി,’ ഷാജോണ്‍ പറഞ്ഞു.
Content Highlight: Kalabhavan Shajon share his experience about Thappana