ആരേയും അങ്ങോട്ട് വിളിച്ച് ചാന്‍സ് ചോദിക്കാറില്ലെന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍. അങ്ങനെ ചോദിക്കേണ്ട അവസ്ഥ തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും തന്നെ മനസിലാക്കി ആളുകള്‍ സിനിമയിലേക്ക് വിളിക്കുന്നതാണെന്നും ഷാജോണ്‍ പറഞ്ഞു. പൃഥ്വിരാജ് തന്നെയാണ് ലൂസിഫറിലേക്ക് വിളിച്ചതെന്നും മമ്മൂട്ടി പല ചിത്രങ്ങളിലേക്ക് തന്നെ കാസ്റ്റ് ചെയ്യണമെന്ന് സംവിധായകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞു.
‘ഞാന്‍ ആരോടും വിളിച്ച് ചാന്‍സ് ചോദിക്കാറില്ല. അങ്ങനെ പറയേണ്ട ഒരു അവസ്ഥ ഇതുവരെ ദൈവം വരുത്തിയിട്ടില്ല. അതല്ലാതെ തന്നെ അവര്‍ നമ്മളെ മനസിലാക്കിയിട്ട് ഒരുപാട് സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. ലൂസിഫര്‍ എന്ന സിനിമയിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് പൃഥ്വിരാജാണ്. രാജു വിളിച്ചിട്ട്, ചേട്ടാ ഞാന്‍ ഒരു സിനിമ തുടങ്ങുന്നുണ്ട്, തിരക്കാണെന്നൊക്കെ അറിയാം, പക്ഷേ ഡേറ്റ് തന്നേ പറ്റുകയുള്ളുവെന്ന് പറഞ്ഞു. ഒരു കുഴപ്പോമില്ല, രാജു എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ. ഞാന്‍ റെഡി ആയിരിക്കുമെന്ന് പറഞ്ഞു. അവരുടെ ഒരു വിശ്വാസമാണത്.
അതുപോലെ തന്നെയാണ് മമ്മൂക്ക. ദൃശ്യം ഒക്കെ ചെയ്യുന്നതിന് മുമ്പ് ഒരു സിനിമയില്‍ എന്നെ ചായക്കടക്കാരനായിട്ട് വെച്ചപ്പോള്‍ റൈറ്ററോടും ഡയറക്ടറോടും മമ്മൂക്ക പറഞ്ഞത്, അവനെ അങ്ങനൊന്നും വെക്കണ്ട, അവന് വേറൊരു പടത്തില്‍ മെയ്ന്‍ ക്യാരക്റ്റര്‍ കൊടുക്കാന്‍ വെച്ചിരിക്കുയാണെന്നാണ്. അങ്ങനെ താപ്പാനയില്‍ ഒരു കഥാപാത്രം എനിക്ക് തന്നു.
ദൃശ്യത്തിലാണെങ്കിലും പൊലീസുകാരന്റെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ ജീത്തു ജോസഫ് എന്റെ പേര് പറഞ്ഞു. അവന്‍ ചെയ്യട്ടെ, കറക്റ്റ് ആയിരിക്കുമെന്നാണ് ലാലേട്ടന്‍ പറഞ്ഞത്. അവര്‍ക്ക് അറിയാം ആര് ഈ കഥാപാത്രം ചെയ്താല്‍ നന്നാവുമെന്ന്. അതുകൊണ്ട് നമ്മള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ടിവരില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതെന്റെ കുറവാണോന്ന് എനിക്ക് അറിയില്ല.
ഷൈലോക്ക് എന്ന സിനിമ വന്നപ്പോള്‍ ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിന്റെ തിരക്കിലായിരുന്നു. സംവിധായകന്‍ അജയ് വാസുദേവ് അതിലേക്ക് വിളിച്ചിരുന്നു. ഷൂട്ടിന്റെ തിരക്കായിരിക്കുമെന്ന് പറഞ്ഞ് ഞാന്‍ അത് വിട്ടു. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും വിളിച്ചു. ഞാന്‍ നോക്കിയപ്പോള്‍ ഡബ്ബിങ്ങിനിടക്ക് പോയി ചെയ്യാന്‍ സമയമുണ്ട്. വരാമെന്ന് പറഞ്ഞു. ഷൂട്ടിനായി ലൊക്കേഷനില്‍ ചെന്നപ്പോഴാണ് റൈറ്റേഴ്‌സ് എന്നോട് പറയുന്നത്, ബാക്കിയെല്ലാ കഥാപാത്രങ്ങള്‍ക്കും സബ്സ്റ്റിറ്റിയൂട്ടിന് ആളെ വെച്ചിരുന്നു, ചേട്ടന് മാത്രം ഇട്ടില്ല, മമ്മൂക്ക സമ്മതിച്ചില്ലെന്ന്. അവന്‍ തന്നെ ചെയ്താല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞ് അങ്ങനെ ഉറപ്പിച്ച് വെച്ച കഥാപാത്രമാണ്,’ ഷാജോണ്‍ പറഞ്ഞു.
Content Highlight: Kalabhavan Shajon says thatMammootty didn’t agree to replace him in shylock movie