ഞാന്‍ ആ സിനിമ കണ്ട് കരയുമ്പോള്‍ ഇതാണോ സഹദേവനെന്ന് ചിന്തിച്ച് നിങ്ങള്‍ ചിരിക്കും: ഷാജോണ്‍
Entertainment
ഞാന്‍ ആ സിനിമ കണ്ട് കരയുമ്പോള്‍ ഇതാണോ സഹദേവനെന്ന് ചിന്തിച്ച് നിങ്ങള്‍ ചിരിക്കും: ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th June 2024, 8:38 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച താരം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 1999ല്‍ മൈ ഡിയര്‍ കരടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഷാജോണിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു ദൃശ്യം.

മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ എത്തിയ ഈ സിനിമയില്‍ വില്ലനായാണ് താരം എത്തിയത്. പിന്നീട് പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായത്.

ഒരു സിനിമ ഇമോഷണലി കണക്ടാവുന്ന ആളാണ് താനെന്ന് പറയുകയാണ് കലാഭവന്‍ ഷാജോണ്‍. സിനിമ കണ്ട് താന്‍ നന്നായി കരയാറുണ്ടെന്നും ആ സമയത്ത് തന്നെ കണ്ടാല്‍ ആളുകള്‍ ഇതാണോ സഹദേവനെന്ന് ചിന്തിച്ച് ചിരിക്കുമെന്നും താരം പറയുന്നു. അണ്‍ഫില്‍ട്ടേര്‍ഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാഭവന്‍ ഷാജോണ്‍.

‘ഒരു സിനിമ കാണുമ്പോള്‍ ഇമോഷണലി പെട്ടെന്ന് കണക്ടാവുന്ന ആളാണ് ഞാന്‍. സിനിമ കണ്ട് ഭീകരമായി കരയുന്ന ആളാണ്. ആ സമയത്ത് നിങ്ങള്‍ എന്നെ കണ്ടാല്‍ ഇതാണോ സഹദേവന്‍ എന്ന് ചിന്തിച്ച് ചിരിക്കും. എന്റെ വീട്ടില്‍ ഞാനും ഭാര്യയും മകളും ഇമോഷന്റെ കാര്യത്തില്‍ ഒരുപോലെയാണ്. പക്ഷെ മകന്‍ അങ്ങനെയല്ല. അവന്‍ കുറച്ചുകൂടെ സ്ട്രോങ്ങാണ്.

ഞാന്‍ ഒരുപാട് സിനിമകള്‍ കണ്ട് കരഞ്ഞിട്ടുണ്ട്. ഈയടുത്ത് ഞാനും അനുസിത്താരയും ഒരുമിച്ചുള്ള ഒരു സിനിമയുണ്ടായിരുന്നു. സന്തോഷം എന്നാണ് ആ സിനിമയുടെ പേര്. മല്ലിക ചേച്ചിയും (മല്ലിക സുകുമാരന്‍) കൂടെ ഉണ്ടായിരുന്നു. ആ സിനിമ കണ്ട് ഞാന്‍ തിയേറ്ററിലിരുന്ന് കരഞ്ഞു. ഒ.ടി.ടിയില്‍ വന്നപ്പോള്‍ അപ്പോഴും കരഞ്ഞു.

കാരണം ഓരോ സിനിമയും നമുക്ക് എവിടെയെങ്കിലുമൊക്കെ കണക്ടാകും. ആ സിനിമയില്‍ നമ്മള്‍ എവിടെയെങ്കിലും കണ്ട ആളുകളുണ്ടാവും. അതുമല്ലെങ്കില്‍ നമ്മളുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും സംഭവിച്ച കാര്യങ്ങളാകും. ഞാന്‍ ശരിക്കും സിനിമ കണ്ടാല്‍ കരയുന്ന ആളാണ്,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.


Content Highlight: Kalabhavan Shajon Says That He Is A Person Who Connect Emotionally With A Film