പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. മലയാള സിനിമയിലെ അതുവരെ ഉണ്ടായിരുന്ന സര്‍വ്വമാന കളക്ഷന്‍ റെക്കോഡുകളും ലൂസിഫര്‍ തകര്‍ത്തിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായെന്ന് പറയുകയാണ് നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍.
ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പൃഥ്വിരാജ് വളരെ ക്ഷമ ഉള്ള ആളായിരുന്നെന്നും എന്നാല്‍ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞറിഞ്ഞത് അങ്ങനെ അല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ കുറിച്ച് പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ ലൂസിഫറിന്റെ സെറ്റില്‍ മോഹന്‍ലാലിനെ പോലൊരു താരം ഇങ്ങനെയായിരുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞെന്ന് ഷാജോണ്‍ വ്യക്തമാക്കി. ലൂസിഫറിന് ശേഷം മോഹന്‍ലാലിന്റെ ഇന്‍ഫ്‌ലുവെന്‍സ് പൃഥ്വിരാജിന് നന്നായിട്ട് ഉണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് ഷാജോണ്‍ പറയുന്നു.
‘ലൂസിഫറിന്റെ സംവിധാനവും മറ്റ് കാര്യങ്ങളും എല്ലാം കഴിഞ്ഞിട്ടാണ് രാജു ബ്രദേഴ്സ് ഡേയില്‍ അഭിനയിക്കാന്‍ വരുന്നത്. നൈറ്റ് ഷൂട്ട് ഉള്ളപ്പോള്‍ രാവിലെ അഞ്ച് മണിവരെ മഴ കാരണം ഇരുന്നിട്ട് ഷൂട്ടൊന്നും നടക്കാതെ രാജു പോയിട്ടുണ്ട്. ഫൈറ്റ് സീക്വന്‍സ് എടുക്കാന്‍ വേണ്ടി രാത്രി പത്തര മണിക്ക് വന്നിട്ട് വെളുപ്പിന് അഞ്ച് മണിവരെ അദ്ദേഹം ഇരുന്നിട്ടുണ്ട്.
രാവിലെ ഞാന്‍ ചെന്ന് രാജു ഇന്നത്തെ കാര്യം എപ്പോഴാണെന്ന് ചോദിക്കുമ്പോള്‍ ചേട്ടന്‍ പറ എത്ര മണിക്കാണ് വരേണ്ടത് എന്നാണ് രാജു ചോദിക്കാറുള്ളത്. വേറെ ഒരു കുഴപ്പവും അദ്ദേഹത്തിന് ഇല്ല. അതുവരെ രാജുവിനെ കുറിച്ച് കേട്ടിട്ടുള്ള പരിപാടികളല്ല അപ്പോള്‍ ഞാന്‍ കണ്ടത്. അതുകണ്ടപ്പോള്‍ ഞാന്‍ രാജുവിനോട് ചോദിച്ചു എന്താ രാജു ദേഷ്യപ്പെടാത്തതെന്ന്.
അപ്പോള്‍ അദ്ദേഹം ‘ചേട്ടാ മോഹന്‍ലാലിനെ പോലെ ഒരു നടന്‍ എന്റെ ലൊക്കേഷനില്‍ വന്ന് ചെയ്തിരിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിയിരിക്കുകയാണ്. അതുപോലെ ഒരു സ്റ്റാര്‍ വന്ന് എന്റെ ലൊക്കേഷനില്‍ എങ്ങനെ ആയിരുന്നു! അപ്പോള്‍ ഞാനെല്ലാം ഇങ്ങനെയെല്ലാം ബീഹെവ് ചെയ്യേണ്ടേ’ എന്ന്. ലൂസിഫറിന് ശേഷം ലാലേട്ടന്റെ ഇന്‍ഫ്‌ലുവെന്‍സ് രാജുവിന് നന്നായിട്ട് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്,’ കലാഭവന്‍ ഷാജോണ്‍ പറയുന്നു.
Content Highlight: Kalabhavan Shajon Says Lucifer Movie And Mohanlal Influenced Prithviraj