| Tuesday, 7th May 2024, 3:40 pm

ദൃശ്യത്തിന് മുന്നെ അന്‍വര്‍ റഷീദിന്റെ ആ ചിത്രത്തില്‍ കലാഭവന്‍ ഷാജോണിന് മികച്ചൊരു വില്ലന്‍ വേഷമുണ്ടായിരുന്നു: ഉണ്ണി ആര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം സിനിമക്ക് മുമ്പ് തന്നെ കലാഭവന്‍ ഷാജോണ്‍ മികച്ചൊരു വില്ലന്‍ വേഷം ചെയ്തിരുന്നെന്നും എന്നാല്‍ അത് സിനിമയില്‍ നിന്ന് കട്ട് ചെയ്ത് കളയേണ്ടി വന്നെന്നും കഥാകൃത്ത് ഉണ്ണി ആര്‍. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ആന്തോളജിയിലെ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജിലായിരുന്നു ഷാജോണിന്റെ വില്ലന്‍ കഥാപാത്രമുണ്ടായിരുന്നതെന്നും ഉണ്ണി ആര്‍ പറയുന്നു. ട്രൂകോപ്പിതിങ്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രഞ്ജിത് ഇങ്ങനെയൊരു പദ്ധതി ആലോചിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ അന്‍വര്‍ റഷീദ് ഒരു കഥ അന്വേഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ കഥ പറയുന്നത്. അദ്ദേഹത്തിന് അത് പെട്ടെന്ന് തന്നെ മനസ്സിലാകുകയും തിരിച്ച് വിളിക്കാമെന്ന് പറയുകയും ചെയ്തു. അന്‍വര്‍ രഞ്ജിത്തിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. അങ്ങനെയാണ് ബ്രിഡ്ജ് ചെയ്യുന്നത്.

ആ സിനിമക്ക് സലീംകുമാര്‍ പൈസ പോലും വാങ്ങിച്ചിട്ടല്ലെന്നാണ് തോന്നുന്നത്. 8 ലക്ഷം രൂപയായിരുന്നു അതിന്റെ ബഡ്ജറ്റ്. 12 ലക്ഷം രൂപയോളം അതിന് ചിലവായിട്ടുണ്ട്. 4 ലക്ഷം രൂപയോളം അന്‍വര്‍ കടം വാങ്ങിയതാണ്. 15 മിനിറ്റോളമുണ്ടായിരുന്ന സിനിമ ലെങ്ത്‌ കൂടിയത് കാരണം കട്ട് ചെയ്ത് വന്നപ്പോള്‍ 12 മിനിറ്റോളം മാത്രമേ ഉണ്ടായിരുന്നൊള്ളൂ.

അതിനകത്ത് കട്ട് ചെയ്ത് പോയൊരു ഭാഗമുണ്ട്. അത് കലാഭവന്‍ ഷാജോണിന്റെ ഒരു കഥാപാത്രമായിരുന്നു. ക്രൂരനായൊരു വൃത്തികെട്ട പലിശക്കാരന്റെ വേശമായിരുന്നു അത്. അത് പക്ഷെ സിനിമയില്‍ ഇല്ല. മികച്ച പെര്‍ഫോമന്‍സായിരുന്നു അതില്‍ അദ്ദേഹത്തിന്റേത്. അതിന് ശേഷമാണ് അദ്ദേഹം വില്ലനായി ദൃശ്യത്തില്‍ വരുന്നത്.

ശരിക്കും അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിക്കുന്ന സിനിമ ബ്രിഡ്ജാണ്. ആ ഭാഗം കട്ട് ചെയ്തുപോയി. കണ്ടാല്‍ അടി കൊടുക്കാന്‍ തോന്നുന്നത്രയും വൃത്തികെട്ട വില്ലന്‍ സ്വഭാവമുള്ളൊരു കഥാപാത്രമായിരുന്നു അത്,’ ഉണ്ണി ആര്‍ പറഞ്ഞു.

content highlights: Kalabhavan Shajon had a great villain role before Drishyam, but had to be cut: Unni R

We use cookies to give you the best possible experience. Learn more