കൊച്ചി: നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെ പരിഹസിച്ച് നടന്‍ കലാഭവന്‍ ഷാജോണ്‍. “രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെ നടിമാര്‍ എന്ന് വിളിക്കുന്നത് വലിയ തെറ്റാണ്. ലാലേട്ടനെ തൂക്കിക്കൊല്ലണം” എന്നാണ് ഷാജോണ്‍ പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജോണിന്റെ പരിഹാസം. മോഹന്‍ലാലിനു പകരം വെക്കാന്‍ ആരുമില്ലെന്നും ഷാജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. “എത്രെയെത്രെ വിവാദങ്ങള്‍, എത്രയെത്ര എതിരാളികള്‍, പക തോന്നിയിട്ട് കാര്യമില്ല, കാരണം പകരം വെക്കാന്‍ ആരുമില്ല”. ഷാജോണ്‍ പറയുന്നു.
ഡബ്ല്യൂ.സി.സിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഞങ്ങളെ നടിമാര്‍ എന്ന് അഭിസംബോധന ചെയ്‌തെന്ന് രേവതി പറയുന്നത്. അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ വെറും നടിമാര്‍ എന്ന് അഭിസംബോധന ചെയ്തു. മൂന്ന് പേരുടെ പേരുകള്‍ പറയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഞങ്ങളെ വേദനിപ്പിക്കുന്നതായിരുന്നു. ഇതേ വിവേചനമാണ് മലയാള സിനിമയില്‍ നടക്കുന്നത്-എന്ന് രേവതി പറഞ്ഞിരുന്നു.
അതേസമയം, ദിലീപിനെതിരെ നടപടിയെടുക്കാത്ത എ.എം.എം.എയെ വിമര്‍ശിച്ച ഡബ്ല്യൂ.സി.സി അംഗങ്ങള്‍ക്കെതിരെ രൂക്ഷപരാമര്‍ശവുമായി നടന്‍ സിദ്ദിഖ് രംഗത്തെത്തിയിരുന്നു. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഡബ്ല്യു.സി.സിക്കെതിരെ സിദ്ദിഖ് രംഗത്തെത്തിയത്.
“ദിലീപ് എന്ന നടനെ പുറത്താക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. 280ഓളം ആളുകള്‍ പങ്കെടുത്ത ജനറല്‍ ബോഡിയാണ് ദിലീപിനെ പുറത്താക്കേണ്ടെന്ന തീരുമാനം എടുത്തത്. ദിലീപിനെ പുറത്താക്കിക്കൊണ്ട് എക്സിക്യൂട്ടിവ് എടുത്ത തീരുമാനമാണ് ജനറല്‍ ബോഡി മരവിപ്പിച്ചത്. ആ നടപടി പിന്‍വലിക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജനറല്‍ ബോഡി തീരുമാനം എടുത്താല്‍ അത് മരവിപ്പിക്കാന്‍ എക്സിക്യൂട്ടീവിനാവില്ലെന്നും” സിദ്ദിഖ് പറയുന്നു.
“മറ്റുള്ളവരുടെ ജോലി സാധ്യത നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് അധികാരമില്ല. ദിലീപ് ജോലി ചെയ്യേണ്ടെന്നും സിനിമയില്‍ അഭിനയിക്കേണ്ടെന്നും പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ആരുടേയും ജോലി സാധ്യത തടയാനുള്ള അവകാശം ഞങ്ങള്‍ക്കില്ല. ഒരാളെ സംഘടനയില്‍ നിന്ന് പുറത്താക്കുകയല്ല ഞങ്ങളുടെ ജോലി. മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ പറിച്ചെറിയാന്‍ സാധിക്കുന്ന സംഘടനയല്ല അമ്മ. അംഗങ്ങള്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്വയം രാജിവെച്ചവരെ തിരിച്ചുവിളിക്കുന്ന പ്രശ്നമില്ലെന്നും” സിദ്ദിഖ് പറഞ്ഞിരുന്നു.