| Saturday, 12th March 2022, 11:12 am

പുലിമുരുകന്‍ ആറ് മാസം എടുത്ത് ഷൂട്ട് ചെയ്ത വൈശാഖ് നൈറ്റ് ഡ്രൈവ് തീര്‍ക്കാന്‍ എടുത്തത് ഇത്ര ദിവസം മാത്രം; കലാഭവന്‍ ഷാജോണ്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കി സംവിധായകന്‍ വൈശാഖ് ഒരുക്കിയ നൈറ്റ് ഡ്രൈവ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് ‘പോക്കിരിരാജ’, ‘പുലിമുരുകന്‍’ തുടങ്ങിയ വലിയ ചിത്രങ്ങള്‍ ഒരുക്കിയ വൈശാഖിന്റെ വേറിട്ടൊരു പരീക്ഷണമായിരുന്നു നൈറ്റ് ഡ്രൈവ്. ഒരു രാത്രിയിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ കലാഭവന്‍ ഷാജോണ്‍ ആയിരുന്നു.

നൈറ്റ് ഡ്രൈവിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വൈശാഖിന്റെ വ്യത്യസ്തമായ ഒരു ചിത്രമാണ് നൈറ്റ് ഡ്രൈവെന്നും പറയുകയാണ് ഷാജോണ്‍.

‘നൈറ്റ് ഡ്രൈവിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. പ്രത്യേകിച്ച് വൈശാഖിന്റെ സിനിമയെന്ന് പറയുമ്പോള്‍ നമുക്കറിയാം തിയേറ്ററില്‍ അതൊരു ആഘോഷമുള്ളൊരു എക്‌സ്പീരിയന്‍സ് ആയിരിക്കും. നൈറ്റ് ഡ്രൈവ് ഇതുവരെ അദ്ദേഹം ചെയ്ത സിനിമകളില്‍ നിന്ന് മാറിയുള്ളൊരു ട്രീറ്റ്‌മെന്റ് ആണ്. ഒരൊറ്റ രാത്രി നടക്കുന്ന ഒരു കഥയാണ്.

പത്ത് മുപ്പത്തിയഞ്ച് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ് ഇത്. സാധാരണ പുലിമുരുകനൊക്കെ ആറ് മാസം കൊണ്ടാണ് വൈശാഖ് ഷൂട്ട് ചെയ്തത്. എന്നാല്‍ ഇത് വളരെ പെട്ടെന്ന് ഒരു രാത്രി നടക്കുന്ന കഥയാണ്. അതില്‍ നല്ലൊരു കഥാപാത്രത്തെ അദ്ദേഹം എനിക്ക് തന്നു. ഡി.വൈ.എസ്.പി ചാക്കോ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്.

ഇന്ദ്രനും അന്നയ്ക്കും റോഷനുമൊപ്പമുള്ള അഭിനയമൊക്കെ നല്ല ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നു. കുടുംബത്തോടെ വന്ന് കാണേണ്ട സിനിമയാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ വരുമ്പോള്‍ ടിപ്പിക്കല്‍ വൈശാഖ് മൂവിയുടെ ഫ്‌ളേവര്‍ ഉള്ള ഒരു സിനിമയാണ് ഇതെന്നും ഷാജോണ്‍ പറയുന്നു.

പ്രേക്ഷകരോടൊപ്പമിരുന്ന് സിനിമ കണ്ടപ്പോള്‍ കിട്ടിയ റെസ്‌പോണ്‍സ് വളരെ സന്തോഷം തരുന്നതാണെന്നും പ്രത്യേകിച്ച് ഒരു വിഭാഗം പ്രേക്ഷകര്‍ മാറി നില്‍ക്കേണ്ട സിനിമയല്ല ഇതെന്നുമായിരുന്നു നടന്‍ ഇന്ദ്രജിത്ത് പ്രതികരിച്ചത്.

‘ഇതൊരു ത്രില്ലറാണ്. എന്നാല്‍ ഡാര്‍ക് ത്രില്ലറല്ല. എല്ലാവരേയും എന്റര്‍ടൈന്‍ ചെയ്യുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈനറാണ് ഈ സിനിമ. എന്നാല്‍ വൈശാഖിന്റേതാതായ ഒരു സ്റ്റാമ്പ് ഈ സിനിമയിലുണ്ട്. വലിയ സിനിമകള്‍ ചെയ്യുന്ന സംവിധായകനാണ് വൈശാഖ്. എന്നാല്‍ അതില്‍ നിന്നും വേറിട്ട വഴി തിരഞ്ഞെടുത്ത് ചെറിയ സബ്ജക്ട് വളരെ ഭംഗിയില്‍ തന്റെ സിഗ്നേച്ചറോടൊപ്പം റിലീസ് ചെയ്യാന്‍ വൈശാഖ് ശ്രമിച്ചിട്ടുണ്ട്. താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മുകളില്‍ ചിത്രം എത്തിയിട്ടുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

Content Highlight: Kalabhavan Shajon About Night Drive Movie

We use cookies to give you the best possible experience. Learn more