ഇങ്ങനെയാണോ അഭിനയിക്കുന്നതെന്ന് ലാലേട്ടന്‍ ചോദിച്ചു; എനിക്കാണെങ്കില്‍ ആകെ കിളിപോയി: ഷാജോണ്‍
Entertainment news
ഇങ്ങനെയാണോ അഭിനയിക്കുന്നതെന്ന് ലാലേട്ടന്‍ ചോദിച്ചു; എനിക്കാണെങ്കില്‍ ആകെ കിളിപോയി: ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th April 2023, 3:59 pm

സിദ്ദീഖ് സംവിധാനം ചെയ്ത ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഷാജോണ്‍. മോഹന്‍ലാലിന്റെ മുന്നില്‍ അഭിനയിച്ച് കയ്യടി വാങ്ങണമെന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നും എന്നാല്‍ ആദ്യം ചെയ്തപ്പോള്‍ ശരിയായില്ലെന്നും പിന്നീട് മോഹന്‍ലാല്‍ തനിക്ക് എങ്ങനെ അഭിനയിക്കണമെന്ന് പറഞ്ഞു തന്നുവെന്നും ഷാജോണ്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ലേഡീസ് ആന്‍ഡ് ജെന്റില്‍ മാനില്‍ ഒരു പത്തുനാല്‍പ്പത്തിയഞ്ചു ദിവസം ഞാന്‍ ലാലേട്ടന്റെ കൂടെയുണ്ടായിരുന്നു. ലാലേട്ടന്റെ മുന്‍പില്‍ ഒന്ന് അഭിനയിച്ച് കാണിക്കാന്‍ നമ്മളിങ്ങനെ വെമ്പി നില്‍ക്കുകയാണ്. അങ്ങനെ ഒരു സീനില്‍ എനിക്ക് ആദ്യമായിട്ട് ഒരു ഡയലോഗ് കിട്ടി. ഡയലോഗ് എന്ന് പറഞ്ഞാല്‍ ഞാന്‍ ബാറില്‍ നിന്ന് ഇങ്ങനെ സ്മോള്‍ ഒഴിച്ചു കൊടുത്തിട്ട് സംസാരിക്കുന്നതാണ്. ഫുള്‍ ഡയലോഗ് എനിക്കാണ്.

ഏറ്റവുമൊടുവില്‍ എന്നെയൊന്ന് നോക്കിയിട്ട് അങ്ങ് പോകുന്ന രംഗം മാത്രമാണ് ലാലേട്ടനുള്ളത്. ഞാന്‍ നോക്കുമ്പോള്‍ രണ്ട് പേജ് ഡയലോഗുണ്ട്. ഇന്ന് ഞാന്‍ കലക്കും. ലാലേട്ടനെ കൊണ്ട് കയ്യടിപ്പിച്ച് എന്നെ കെട്ടിപ്പിടിപ്പിക്കും. നോക്കിക്കോ എന്നൊക്കെ പറഞ്ഞാണ് ഞാന്‍ പോകുന്നത്. അങ്ങനെ റിഹേഴ്സലിന് ഞാനിത് മുഴുവന്‍ പഠിച്ചിട്ട് ഒരൊറ്റ അലക്കങ്ങലക്കി.

എങ്ങനെയുണ്ട് ലാലേട്ടാ എന്ന് ചോദിച്ചു. മോന്‍ ഡയലോഗൊക്കെ പറഞ്ഞു. ഇനി അഭിനയിക്ക് എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അല്ലാ ഞാന്‍ അഭിനയിച്ചു എന്ന് പരുങ്ങി പറഞ്ഞപ്പോള്‍ ഇങ്ങനെയാണോ അഭിനയിക്കുന്നത് എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം (ചിരി).

നമ്മള്‍ ഒരു ഡയലോഗ് പറഞ്ഞുകഴിഞ്ഞാല്‍ അതിന് ഗ്യാപ് ഇടേണ്ട ഒരു സ്ഥലമുണ്ട്. ചേട്ടന്‍ ഇങ്ങനെ വന്ന് ഇങ്ങനെ ഇരിക്കുമ്പോള്‍ മോന്‍ ഒരു ഗ്ലാസില്‍ ഇത് ഒഴിച്ചുതരണം. അപ്പോള്‍ ചേട്ടന്‍ ഇങ്ങനെ നോക്കും അപ്പോള്‍ മോന്‍ ഡയലോഗ് പറയണം. അത് കഴിഞ്ഞ് വെള്ളം ഒഴിച്ചുതരണം. ഞാന്‍ ആ ഗ്ലാസ് എടുക്കുമ്പോള്‍ അടുത്ത ഡയലോഗ് പറയണം. അങ്ങനെയൊക്കെ പറഞ്ഞ് ലാലേട്ടന്‍ എനിക്ക് ഇങ്ങനെ കാര്യങ്ങള്‍ വിശദീകരിച്ചു തരികയാണ്.

ഞാനാണെങ്കില്‍ ആകെ കിളിപോയി നില്‍ക്കുവാണ്. നമ്മള്‍ ഒരു ടൈമിങ് ഉണ്ടാക്കിവെക്കുമല്ലോ അതെല്ലാം പോയി. പിന്നെ നമ്മള്‍ വേറെ ആരുടേയെങ്കിലും കൂടെ അഭിനയിക്കുമ്പോള്‍ നമുക്കറിയാം ഇയാള്‍ എപ്പോഴായിരിക്കും നമ്മളെ നോക്കുകയെന്ന്. എന്നാല്‍ ലാലേട്ടന്‍ അങ്ങനെ അല്ല. ചിലപ്പോള്‍ ഞാന്‍ ഓര്‍ത്തിട്ടുണ്ട് ഈ ആക്ഷന്‍ പറയുന്നതൊന്നും ഇങ്ങേര് കേട്ടില്ലേ എന്ന് (ചിരി). ആക്ഷന്‍ പറഞ്ഞാലും ചിലപ്പോള്‍ ഒന്നും മിണ്ടാതെയൊക്കെ ഇരുന്ന് കളയും. ആക്ഷന്‍ കേട്ടുകാണത്തില്ല പണി പാളിയെന്നൊക്കെ കരുതി ഞാന്‍ നില്‍ക്കും.

എന്നാല്‍ ഇത് സ്‌ക്രീനില്‍ വരുമ്പോഴാണ് ആ സയലന്‍സിന്റെ അര്‍ത്ഥം മനസിലാകുന്നത്. അതൊക്കെ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. മമ്മൂക്കയാണെങ്കിലുമൊക്കെ അങ്ങനെ തന്നെയാണ്. ഓരോ ക്യാരക്ടറിന് വേണ്ടിയും അവര്‍ വരുത്തുന്ന മാറ്റങ്ങളാണ്. ചെറിയ ഒരു സംഭവമായിരിക്കും പിന്നീട് നോക്കുമ്പോഴാണ് നമുക്ക് അത് മനസിലാവുക,’ ഷാജോണ്‍ പറഞ്ഞു.

content highlight: kalabhavan shajon about mohanlal