| Sunday, 18th August 2024, 3:03 pm

അവാര്‍ഡ് കിട്ടിയ ശേഷം മമ്മൂക്ക എന്നെ വിളിച്ചു, റിലീസായ സമയത്ത് പറഞ്ഞതുപോലെ സംഭവിച്ചില്ലേ എന്ന് ചോദിച്ചു: കലാഭവന്‍ ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

70ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ മലയാളസിനിമയുടെ യശസ്സുയര്‍ത്തിയ സിനിമയാണ് ആട്ടം. ഒരു നാടകട്രൂപ്പില്‍ ഒരു രാത്രി നടക്കുന്ന സംഭവമാണ് ആട്ടം പറഞ്ഞത്. പൂര്‍ണമായും സംഭാഷണങ്ങളിലൂടെ മുന്നോട്ടുപോകുന്ന സിനിമ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ചു. നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം മികച്ച ചിത്രത്തിനടക്കം മൂന്ന് അവാര്‍ഡുകളാണ് നേടിയത്.

ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറയുകയാണ് കലാഭവന്‍ ഷാജോണ്‍. നാടകത്തിലൂടെ പരസ്പരം അറിയാവുന്നവര്‍ക്കിടയില്‍ അവരിലൊരാളായി അഭിനയിക്കാന്‍ കഴിഞ്ഞത് പുതിയൊരു അനുഭവമായിരുന്നുവെന്ന് ഷാജോണ്‍ പറഞ്ഞു. ഈ സിനിമയുടെ തിരക്കഥ ആനന്ദ് തന്നോട് പറഞ്ഞപ്പോള്‍ തന്നെ അതില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ കാര്യമായി തോന്നിയെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.

റിലീസായ സമയത്ത് സിനിമാമേഖലയിലുള്ള പലരും ആട്ടത്തിനെ പ്രൊമോട്ട് ചെയ്തതില്‍ സന്തോഷമുണ്ടെന്നും ഷാജോണ്‍ പറഞ്ഞു. അവാര്‍ഡ് കിട്ടിയതിന് ശേഷം മമ്മൂട്ടി തന്നെ വിളിച്ചിരുന്നെന്നും റിലീസ് ചെയ്ത സമയത്ത് ഇതൊരു ഗംഭീര സിനിമയാണെന്ന് അന്നേ പറഞ്ഞില്ലേ എന്ന് തന്നോട് പറഞ്ഞുവെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് ലഭിച്ചതിന് ശേഷം നടന്ന പ്രസ്മീറ്റിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. നാടകട്രൂപ്പുകളില്‍ ഒന്നിച്ച് അഭിനയിച്ച ഒരുകൂട്ടം ആളുകളുടെ കൂടെ എന്നെ തെരഞ്ഞെടുത്തതിന് ആനന്ദിനോട് ആദ്യമേ നന്ദി പറയുന്നു. ഈ സിനിമയുടെ കഥ ഇങ്ങനെയാണെന്ന് പറഞ്ഞപ്പോള്‍ നല്ല കഥയായി തോന്നി. പക്ഷേ ഇതിന്റെ തിരക്കഥ വായിച്ചപ്പോഴാണ് ആനന്ദ് എന്ന ഫിലിംമേക്കര്‍ എത്രമാത്രം ടാലന്റഡാണെന്ന് മനസിലായത്.

ആട്ടം തിയേറ്ററിലെത്തിയ സമയത്ത് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പലരും ഈ സിനിമയെ നല്ല രീതിയില്‍ പ്രൊമോട്ട് ചെയ്തിരുന്നു. റിവ്യൂവേഴ്‌സിനെയും അതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍ മമ്മൂക്കയാണ്. അവാര്‍ഡ് കിട്ടിയതിന് ശേഷം അദ്ദേഹം എന്നെ വിളിച്ചിരുന്നു. ‘ഈ പടം ഇറങ്ങിയ സമയത്ത് തന്നെ ഞാന്‍ പറഞ്ഞില്ലേ, ഇതൊരു ഗംഭീര സിനിമയാകുമെന്ന്. അതുപോലെ നടന്നില്ലേ’ എന്നാണ് മമ്മൂക്ക ചോദിച്ചത്,’ ഷാജോണ്‍ പറഞ്ഞു.

Content Highlight: Kalabhavan Shajon about Mammootty’s response after national award for Aattam

We use cookies to give you the best possible experience. Learn more