|

അന്ന് ഞാൻ ആ നടന്റെ ഡ്യൂപ്പായിരുന്നു, വർഷങ്ങൾക്കിപ്പുറം അദ്ദേഹം എനിക്ക് പകരക്കാരനായി അഭിനയിച്ചു: കലാഭവൻ ഷാജോൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കഥാപാത്രങ്ങളിലൂടെയും നാടൻപാട്ടുകളിലൂടെയും മലയാളികൾക്കിടയിൽ ജീവിക്കുന്ന നടനാണ് കലാഭവൻ മണി. മലയാളത്തിലെ പ്രധാന അഭിനേതാക്കളോടൊപ്പമെല്ലാം കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട്. മണിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടൻ കലാഭവൻ ഷാജോൺ.

കലാഭവൻ മണിയുടെ പകരക്കാരനായിട്ടാണ് സിനിമയിലും സ്റ്റേജിലും താൻ കരിയർ തുടങ്ങിയതെന്നും കലാഭവനിൽ മണിയെ പോലെ താരങ്ങളെ അനുകരിക്കലും സ്കിറ്റ് ചെയ്യുന്നതുമെല്ലാമായിരുന്നു തന്റെ രീതിയെന്നും ഷാജോൺ പറയുന്നു.

മൈ ഡിയർ കരടി എന്ന സിനിമയിൽ കലാഭവൻ മണിയുടെ ഡ്യൂപ്പായിട്ടാണ് താൻ ആദ്യമായി അഭിനയിക്കുന്നതെന്നും വർഷങ്ങൾക്ക് ശേഷം താനഭിനയിച്ച ദൃശ്യം എന്ന സിനിമയുടെ തമിഴ് റീമേക്കിൽ തനിക്ക് പകരം അദ്ദേഹം അഭിനയിച്ചുവെന്നും ഷാജോൺ പറഞ്ഞു. പാപനാസം എന്ന ആ സിനിമയുടെ ഷൂട്ടിന് തലേദിവസം കലാഭവൻ മണി തന്നെ വിളിച്ചിരുന്നുവെന്നും ഷാജോൺ കൂട്ടിച്ചേർത്തു.

‘ഞാനേറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നൊരാളാണ് അദ്ദേഹം. മണിച്ചേട്ടന്റെ പകരക്കാരനായിട്ടായിരുന്നു സിനിമയിലും സ്റ്റേജിലും എന്റെ തുടക്കം. സല്ലാപം എന്ന സിനിമയിലേക്ക് അവസരം കിട്ടി കലാഭവനിൽനിന്ന് മണിച്ചേട്ടൻ പോകുമ്പോൾ ഉണ്ടായ ആ ഗ്യാപ്പിലേക്കാണ് ഞാനടക്കമുള്ള പല കലാകാരന്മാരും കലാഭവനിലെത്തുന്നത്. അതിനുശേഷം മണിച്ചേട്ടൻ ചെയ്തതുപോലെ താരങ്ങളെ അനുകരിക്കുകയും സ്കിറ്റ് ചെയ്യുന്നതുമൊക്കെ ഞാനായിരുന്നു. ശരിക്കും മണിച്ചേട്ടന്റെ ഒരു പകരക്കാരനായിട്ടാണ് ഞാൻ കലാഭവനിൽ എത്തിയതെന്നു പറയാം.

പിന്നീട് 1999ൽ മൈ ഡിയർ കരടി എന്ന ചിത്രത്തിലും മണിച്ചേട്ടൻ്റെ പകരക്കാരനായിട്ടാണ് എന്നെ സെലക്ട് ചെയ്തത്. ആ കരടിയുടെ വേഷത്തിനുള്ളിൽ ആരായാലും തിരിച്ചറിയില്ലെന്നും മണിച്ചേട്ടനെക്കൊണ്ട് പിന്നീട് ഡബ്ബ് ചെയ്യിച്ചാൽ മതിയെന്നും രണ്ടുമൂന്ന് ദിവസത്തിനുശേഷമാണ് സിനിമാപ്രവർത്തകർക്ക് ഐഡിയ തോന്നിയത്.

അപ്പോൾ മണിച്ചേട്ടന്റെ ശരീരപ്രകൃതിയോട് ഏകദേശം സാമ്യമുള്ള ആളെ അവർ തിരയുകയായിരുന്നു. കോട്ടയം നസീർക്കയാണ് അതിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ, സിബി കെ. തോമസിനോടും സംവിധായകൻ സന്ധ്യാമോഹനോടും എന്നെക്കുറിച്ച് പറയുന്നത്. ഞാനന്ന് സ്റ്റേജിൽ മണിച്ചേട്ടനെ അനുകരിക്കാറുണ്ടായിരുന്നു.

അങ്ങനെയാണ് ആദ്യമായി ഞാൻ സിനിമയിലെത്തുന്നത്. അതും മണിച്ചേട്ടന്റെ ഡ്യൂപ്പായിട്ട്. വർഷങ്ങൾക്കിപ്പുറം ദൃശ്യം എന്ന സിനിമയിൽ ഞാൻ അഭിനയിച്ച സഹദേവൻ എന്ന കഥാപാത്രം തമിഴിൽ ചെയ്തത് മണിച്ചേട്ടനായിരുന്നു. അതും എനിക്കുകിട്ടിയ വലിയൊരു അംഗീകാരമാണ്. ഞാനഭിനയിച്ച് പ്രേക്ഷകർ അംഗീകരിച്ച ഒരു കഥാപാത്രം, എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വഴിത്തിരിവായ കഥാപാത്രം ഞാൻ ആരാധിക്കുന്ന നടൻ തമിഴിൽ ചെയ്യുന്നുവെന്ന് പറയുമ്പോൾ ഒരുപാട് സന്തോഷമായിരുന്നു.

പാപനാസ‘ത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിൻ്റെ തലേദിവസം മണിച്ചേട്ടൻ എന്നെ വിളിച്ചിരുന്നു. ‘മോനേ, നാളെ ഷൂട്ട് തുടങ്ങുകയാണ്, നീ പ്രാർഥിക്കണം’ എന്നു പറഞ്ഞു. അത് ഗംഭീരസിനിമയാവട്ടെ എന്ന് ഞാനും ആശംസിച്ചു. എന്നെ വലിയ കാര്യമായിരുന്നു മണിച്ചേട്ടന്. അതുപോലെത്തന്നെ എനിക്കും,’കലാഭവൻ ഷാജോൺ പറയുന്നു.

Content Highlight: Kalabhavan Shajon About Kalabhavan Mani

Video Stories