അപര്‍ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഇനി ഉത്തരം.
ജീത്തു ജോസഫിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സുധീഷ് രാമചന്ദ്രന്‍.
ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞദിവസം എറണാകുളത്ത് വെച്ച് നടന്നിരുന്നു. അപര്‍ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ തിരക്കഥാകൃത്തിനെക്കുറിച്ചും ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരെക്കുറിച്ചും ഷാജോണ്‍ പറഞ്ഞ കാാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
”ഈ സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിച്ചതിന് പിന്നിലുള്ള പ്രധാന കാരണം സുധീഷ് എന്ന ഡയറക്ടര്‍ തന്നെയാണ്.
ദൃശ്യം സിനിമയില്‍ ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആയിരുന്നു സുധീഷ്. അന്ന് മുതല്‍ അറിയാം.
അദ്ദേഹം ഒരു സിനിമയുമായി വരുന്നു എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. എന്തായിരിക്കും പറയാന്‍ പോകുന്നത് എന്ന് ആകാംക്ഷ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കൂടെ വന്ന റൈറ്റര്‍ ഞെട്ടിച്ചു എന്ന് പറയുന്നതാണ് സത്യം.
സാധാരണ എല്ലാ സിനിമകളും ചെയ്യുമ്പോള്‍ നമ്മള്‍ പറയും വളരെ വ്യത്യസ്തയുള്ള ഒരു സിനിമയാണ് എന്ന്. ഇതങ്ങനെ ആലങ്കാരികമായി പറയുന്നതല്ല. തീര്‍ച്ചയായും മനസില്‍ കൈവെച്ച് പറയാന്‍ പറ്റും വളരെ വ്യത്യസ്തമായ ഒരു സിനിമയായിരിക്കും ഇത്.
വളരെ വ്യത്യസ്തമായ ട്രീറ്റ്‌മെന്റും കഥ പറയുന്ന രീതിയുമാണ്.
സാധാരണ ലൊക്കേഷനില്‍ ഇരുന്ന് കഥ കേള്‍ക്കുമ്പോള്‍ ഒരു പത്ത് മിനിട്ട് കൊണ്ട് പറയുമോ എന്നാണ് ചോദിക്കാറ്. ഞാനും അദ്ദേഹത്തോട് അങ്ങനെയാണ് ചോദിച്ചത്.
പക്ഷെ, ഒരു അരമണിക്കൂറ് തരണം ചേട്ടാ, അര മണിക്കൂര്‍ ഉണ്ടെങ്കിലേ എന്തെങ്കിലുമൊക്കെ പറയാന്‍ പറ്റൂ, എന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ ഓക്കെ പറഞ്ഞു.
രഞ്ജിത്, കഥ പറഞ്ഞ് തുടങ്ങിയപ്പൊ അദ്ദേഹത്തിന്റെ കണ്ണും തള്ളി. അദ്ദേഹത്തിന്റെ മുഖവും ടെന്‍ഷനും കണ്ടതുകൊണ്ട് മാത്രം കഥ പറയുന്ന ആ രീതിയില്‍ ഞാന്‍ അങ്ങനെ ഇരുന്ന് പോയി.
പിന്നെ ഈ സിനിമയുടെ പ്രൊഡ്യൂസര്‍മാരെക്കുറിച്ച് പറയാതിരിക്കാനാവില്ല. മിടുക്കന്മാരാണ്. പേയ്‌മെന്റ് പറഞ്ഞ് തുടങ്ങിയപ്പൊ തന്നെ എനിക്ക് മനസിലായി ഇവര് മലയാള സിനിമയില്‍ തീര്‍ച്ചയായും ഒരു കലക്കുകലക്കും എന്ന്,” ഷാജോണ്‍ പറഞ്ഞു.
എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രവിചന്ദ്രനാണ്. രഞ്ജിത്- ഉണ്ണി കൂട്ടുകെട്ടിന്റെതാണ് തിരക്കഥയും സംഭാഷണവും.
ഹരീഷ് ഉത്തമന്‍, ദിനേശ് പ്രഭാകര്‍, ഷാജു ശ്രീധര്‍ തുടങ്ങിയവരാണ് ഇനി ഉത്തരത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
Content Highlight: Kalabhavan Shajon about Ini Utharam movie and its producers