| Wednesday, 6th March 2024, 4:15 pm

ആ സംവിധായകന്‍ കാണിച്ച ധൈര്യം കാരണമാണ് ഞാന്‍ ഇന്ന് ഇവിടെ ഇരിക്കുന്നത്: കലാഭവന്‍ ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കലാഭവന്‍ ഷാജോണ്‍. 199ല്‍ മൈ ഡിയര്‍ കരടി എന്ന സിനിമയില്‍ കരടിയുടെ ഡ്യൂപ്പായാണ് അഭിനയജീവിതം തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ ചെറിയ കോമഡി വേഷങ്ങള്‍ ചെയ്ത താരം 2012ല്‍ പുറത്തിറങ്ങിയ മൈ ബോസ് എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു. എന്നാല്‍ താരത്തിന്റെ കരിയര്‍ മാറ്റിയത് 2013ല്‍ റിലീസായ ദൃശ്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറി.

പിന്നീട് നിരവധി സിനിമകളില്‍ വില്ലനായും സ്വഭാവനടനായും താരം തിളങ്ങി. 2018ല്‍ 2.0 എന്ന ശങ്കര്‍ ചിത്രത്തിലും അഭിനയിച്ചു. 2019ല്‍ ബ്രദേര്‍സ് ഡേ എന്ന സിനിമയിലൂടെ സംവിധാന രംഗത്തും തന്റെ സാന്നിധ്യമറിച്ചു. അനില്‍ തോമസ് സംവിധാനം ചെയ്യുന്ന ഇതുവരെയാണ് ഷാജോണിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം എന്ന സിനിമ തന്റെ കരിയറില്‍ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചു. ദൃശ്യം എന്ന സിനിമ ചെയ്തില്ലായിരുന്നെങ്കില്‍ ഇങ്ങനെയുള്ള സീരിയസ് കഥാപാത്രങ്ങള്‍ വരുമായിരുന്നോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഒരിക്കലുമില്ല, അങ്ങനെയൊരു വേഷം ചെയ്യാന്‍ പറ്റിയത് ഭാഗ്യമാണ്. അദ്ദേഹം കാണിച്ച ഒരു ധൈര്യമാണത്. അതുവരെ കോമഡി വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ഒരാളെ അതുപോലൊരു വലിയ സിനിമയില്‍, ലാലേട്ടനെപ്പോലെ ഒരു വലിയ നടന്‍ നായകനാകുന്ന സിനിമയില്‍ ഓപ്പോസിറ്റ് ക്യാരക്ടറായിട്ട് നമ്മളെപ്പോലെ ഹ്യൂമര്‍ ചെയ്യുന്ന ഒരാളെ കാസ്റ്റ് ചെയ്യിച്ചത് അദ്ദേഹത്തിന്റെ ധൈര്യമാണ്. അതിന് ഞാന്‍ ജീത്തു ഭായോട് എന്നും താങ്ക്ഫുള്ളാണ്.

സഹദേവന്‍ എന്ന കഥാപാത്രം എന്റടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ ജിത്തു ഭായോട് ചോദിച്ചു, എനിക്ക് ഇതൊന്നും ചെയ്ത് ശീലമില്ല, എന്താകും എന്നെനിക്കറിയില്ല എന്ന്. ഷാജോണേ, നിനക്കിത് ചെയ്യാന്‍ പറ്റും, ധൈര്യമായിട്ട് ചെയ്യെന്നായിരുന്നു ജീത്തു ഭായ് തന്ന മറുപടി. അതുകൊണ്ടാണ് അത്ര കോണ്‍ഫിഡന്‍സില്‍ അത് ചെയ്തത്. പിന്നെ പഴയതുപോലെ കോമഡി വേഷങ്ങള്‍ ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ട്. മാത്രമല്ല, പഴയ രീതിയിലുള്ള കോമഡികള്‍, സ്ലാപ്സ്റ്റിക് മോഡല്‍ സാധനങ്ങള്‍ ഇപ്പോള്‍ വരാറില്ല. കോമഡിയുടെ രീതി തന്നെ മാറി. ഒന്നുരണ്ട് കോമഡി സബ്ജക്ടുകളുടെ ഡിസ്‌കഷന്‍ നടക്കുന്നുണ്ട്. നടന്നാല്‍ പഴയതുപോലുള്ള കോമഡി വീണ്ടും ചെയ്യാന്‍ പറ്റും,’ ഷാജോണ്‍ പറഞ്ഞു.

Content Highlight: Kalabhavan Shajon about his role in Drishyam

We use cookies to give you the best possible experience. Learn more