| Monday, 18th April 2022, 1:53 pm

കേന്ദ്ര കഥാപാത്രം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് ടെന്‍ഷനാണ്; ദൃശ്യം മുതല്‍ തന്നെ ഒരു സൈഡില്‍ മാറിനില്‍ക്കുന്ന ആളാണ് ഈ സംവിധായകന്‍: കലാഭവന്‍ ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അപര്‍ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഇനി ഉത്തരം.

ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞദിവസം എറണാകുളത്ത് വെച്ച് നടന്നിരുന്നു. ചടങ്ങില്‍ വെച്ച് നടന്‍ കലാഭവന്‍ ഷാജോണ്‍ സിനിമയെക്കുറിച്ചും സഹതാരം അപര്‍ണയെക്കുറിച്ചും ചിത്രത്തിന്റെ നിര്‍മാതാക്കളെക്കുറിച്ചുമെല്ലാം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”കേന്ദ്ര കഥാപാത്രം എന്ന് പറയുമ്പോള്‍ തന്നെ ടെന്‍ഷനാണ്. സത്യത്തില്‍ ഇതിലെ കേന്ദ്ര കഥാപാത്രം ഈ ഇരിക്കുന്ന അപര്‍ണ ബാലമുരളിയാണ്.

അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കഥാപാത്രങ്ങളാണ് നമ്മുടെയൊക്കെ. ഈ സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിച്ചതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്. പ്രത്യേകിച്ചും സുധീഷ് എന്ന ഡയറക്ടര്‍ തന്നെയാണ്.

എന്നെ മലയാളികള്‍ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ദൃശ്യം സിനിമയിലേതാണ്. ആ സിനിമയില്‍ ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആയിരുന്നു സുധീഷ്. അന്ന് മുതല്‍ അറിയാം. പക്ഷെ, ഇതുപോലെ ഒരു സൈഡില്‍ ഇങ്ങനെ മാറിനില്‍ക്കുന്ന പ്രകൃതക്കാരനാണ്.

മുന്നോട്ട് വരികയോ താന്‍ ചെയ്ത ജോലികള്‍ എന്താണെന്ന് മറ്റുള്ളവരെ അറിയിക്കുകയോ ചെയ്യാതെ മാറി നില്‍ക്കും. എന്നാല്‍ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുന്ന ചെറുപ്പക്കാരന്‍.

അദ്ദേഹം ഒരു സിനിമയുമായി വരുന്നു എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. എന്തായിരിക്കും പറയാന്‍ പോകുന്നത് എന്ന് ആകാംക്ഷ ഉണ്ടായിരുന്നു,” കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ദിനേശ് പ്രഭാകര്‍, ഷാജു ശ്രീധര്‍ തുടങ്ങിയവരാണ് ഇനി ഉത്തരത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവിചന്ദ്രനാണ്. രഞ്ജിത്- ഉണ്ണി കൂട്ടുകെട്ടിന്റെതാണ് തിരക്കഥയും സംഭാഷണവും.

Content Highlight: Kalabhavan Shajon about his new movie Ini Utharam

We use cookies to give you the best possible experience. Learn more