Movie Day
ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒഴിഞ്ഞുമാറില്ലായിരുന്നോ എന്ന് പൃഥ്വിരാജിനെ വിളിച്ച് ചോദിച്ചിട്ടുണ്ട്: ഷാജോണ്‍
മലയാള സിനിമയില്‍ കിട്ടിയ മികച്ച കഥാപാത്രങ്ങളെ കുറിച്ചും ആ സിനിമകളുടയൊന്നും രണ്ടാം ഭാഗത്തില്‍ തന്റെ കഥാപാത്രം ഇല്ലാതെ പോയതിനെ കുറിച്ചും പറയുകയാണ് നടന്‍ ഷാജോണ്‍.
ദൃശ്യം എന്ന ചിത്രത്തിലെ സഹദേവന്‍ എന്ന കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഇല്ലാതായതും അതുപോലെ ലൂസിഫര്‍ എന്ന ചിത്രത്തിലെ അലോഷി എന്ന കഥാപാത്രം എമ്പുരാനില്‍ ഇല്ലാത്തതിനെ കുറിച്ചുമൊക്കെയാണ് ഷാജോണ്‍ സംസാരിക്കുന്നത്.
ഒരു കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഇല്ലാത്തത് ഇത്രയേറെ ചര്‍ച്ചയായത് ദൃശ്യം എന്ന ചിത്രത്തിലാണെന്നും ആ കഥാപാത്രത്തിന്റെ വിജയവും അത് തന്നെയാണെന്നും ഷാജോണ്‍ പറയുന്നു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു ഷാജോണ്‍.
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളായ ദൃശ്യത്തിന്റേയും ലൂസിഫറിന്റേയും രണ്ടാം ഭാഗത്തില്‍ ഷാജോണ്‍ ഇല്ലെന്നും മലയാള സിനിമ ഷാജോണിനെ തകര്‍ക്കാന്‍ നോക്കുകയാണോ എന്നുമായിരുന്നു അവതാരകന്‍ രസകരമായി ചോദിച്ചത്. വലിയൊരു ചിരിയായിരുന്നു ഇതിനോടുള്ള ഷാജോണിന്റെ മറുപടി.
‘ ദൃശ്യം 2 വിലാണ് ഒരു കഥാപാത്രം ആ സിനിമയില്‍ ഇല്ലാത്തതിന്റെ പേരില്‍ ഇത്രയേറെ ഡിസ്‌കഷന്‍സ് വന്നത്. സഹദേവനെ എന്തുകൊണ്ട് കൊണ്ടുവന്നില്ല എന്ന ചോദ്യം വന്നു. അതു തന്നെയാണ് ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
അതുപോലെ തന്നെയാണ് ഇപ്പോള്‍ ഞാന്‍ പോകുന്ന എല്ലാ അഭിമുഖങ്ങളിലും ഈ ചോദ്യം ചോദിക്കുന്നു. എമ്പുരാനിലും ഞാന്‍ ഇല്ലല്ലോ. ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒഴിഞ്ഞുമാറില്ലായിരുന്നോ വെടിവെച്ചപ്പോള്‍ എന്ന് രാജുവിനെ വിളിച്ച് ചോദിച്ചിട്ടുണ്ട്. ലൂസിഫറില്‍ അലോഷിയെ വെടിവെച്ച് കൊന്നുകളഞ്ഞല്ലോ. എന്തിനായിരുന്നു എന്നെ കൊന്നതെന്ന് ചോദിച്ചിട്ടുണ്ട്. ഇത് കേട്ട് രാജു ചിരിക്കുകയായിരുന്നു.
പിന്നെ ഇതെല്ലാം നല്ലതിനാണ്. ഓരോ സിനിമയ്ക്കും ഓരോ രീതിയാണല്ലോ. സഹദേവന്റെ കാര്യം പറഞ്ഞാല്‍ അത് എന്നേക്കാള്‍ നന്നായി ജീത്തു ജോസഫിന് അറിയാം. ഇനി സഹദേവന്‍ വരുമ്പോള്‍ സഹദേവന് കൃത്യമായി പ്ലേസ് ഉണ്ടാകണം. വെറുതെ വന്ന് എന്തെങ്കിലും ചെയ്ത് പോയാല്‍ ആദ്യ സിനിമ ഉണ്ടാക്കിയ ഇംപാക്ട് പോകും. സഹദേവന്‍ വന്നാല്‍ അതിന്റേതായ രീതിയിലാവും കൊണ്ടുവരിക എന്നാണ് വിശ്വാസം,’ ഷാജോണ്‍ പറഞ്ഞു.
ദൃശ്യത്തില്‍ ലാലേട്ടന് കൊടുത്ത ഇടിയില്‍ ഏതെങ്കിലുമൊക്കെ കൊണ്ടിരുന്നോ എന്ന ചോദ്യത്തിന് കുറേ ഇടി കൊണ്ടിട്ടുണ്ട് എന്നായിരുന്നു ഷാജോണിന്റെ മറുപടി. ‘കൊള്ളാതിരിക്കുമോ അങ്ങനത്തെ ഇടയല്ലേ ഇടിക്കുന്നത്. ലാലേട്ടന്‍ ആയതുകൊണ്ടാണ് ചെയ്യാന്‍ പറ്റുന്നത്.
മാത്രമല്ല നമുക്ക് അങ്ങനെ ഫൈറ്റ് ചെയ്യാന്‍ അറിയില്ല. കംപോസ് ഫൈറ്റാണെങ്കില്‍ പിന്നേയും ചെയ്യാം. ഇതിപ്പോള്‍ ലാലേട്ടന്‍ എങ്ങനെ കറങ്ങിവരുമെന്ന് എനിക്കറിയില്ല. ഞാന്‍ എങ്ങനെ ഇടിക്കുമെന്ന് ലാലേട്ടനും അറിയില്ല, ജീത്തു ഭായിക്കും അറിയില്ല.
സുജിത് ക്യാമറ എടുത്ത് തോളില്‍ വെച്ചിട്ട് എന്നോട് പറഞ്ഞത് എങ്ങനെ വേണമെങ്കിലും ഇടിച്ചോ ഞാന്‍ എടുത്തോളാം എന്നാണ്. എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ഇടിച്ചോളാന്‍ ജീത്തു ഭായ് പറഞ്ഞു. അതിന് ശേഷം ലാലേട്ടനാണ് എന്നെ സഹായിച്ചത്. മോനേ നീ ഇങ്ങനെ വന്നിട്ട് ഇടിച്ചോ നീ ഇങ്ങനെ ചവിട്ടുമ്പോള്‍ ഞാന്‍ താഴെ വീഴും. എണീറ്റ് വരുമ്പോള്‍ വീണ്ടും എന്നെ ഇടിച്ച് താഴെയിടണം. അങ്ങനെയൊക്കെ പറഞ്ഞു തന്നു. പിന്നെ ഞാന്‍ ഒരു ഇടിയങ്ങ് തുടങ്ങി. കുറേ ഇടി അദ്ദേഹത്തിന് കൊണ്ടിട്ടുണ്ട്,’ ഷാജോണ്‍ പറഞ്ഞു.
Content Highlight: Kalabhavan Shajon about his call on prithviraj