Entertainment
എന്റെ ഫാൻസ് നിന്നെ എന്തുചെയ്യുമെന്ന് അറിയില്ലെന്ന് പറഞ്ഞ് ലാലേട്ടൻ അന്നെന്നെ പേടിപ്പിച്ചു: കലാഭവൻ ഷാജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 24, 11:23 am
Monday, 24th February 2025, 4:53 pm

മിമിക്രിയിലൂടെ സിനിമാ മേഖലയിലേക്ക് വന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.

എന്നാല്‍ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് താരം തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്.

ദൃശ്യത്തിൽ മോഹൻലാലിനെ തല്ലുന്ന സീൻ ചെയ്യുമ്പോൾ വലിയ ടെൻഷൻ ഉണ്ടായിരുന്നുവെന്നും ആ സീൻ കണ്ടപ്പോൾ തന്റെ പാർട്ണർക്കും മകൾക്കും വലിയ പ്രയാസം തോന്നിയിരുന്നുവെന്നും ഷാജോൺ പറയുന്നു. ദ്യശ്യത്തിലെ ലോക്കപ്പ് മർദനം ചിത്രീകരിക്കുമ്പോൾ ശരിക്കും ഒരു പൊലീസ് സ്റ്റേഷനിൽ പെരുമാറുന്ന പോലെയാണ് അതെടുത്തതെന്നും ദൃശ്യം ഇറങ്ങിയ ദിവസം മോഹൻലാൽ വിളിച്ചിട്ട് മോനേ നീ ഇന്ന് തിയേറ്ററിൽ പോകേണ്ട എന്ന് പറഞ്ഞ് പേടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തിയേറ്ററിൽ നിന്ന് ദൃശ്യം കാണുമ്പോൾ ലോക്കപ്പ് മർദനത്തിന്റെ സീനായപ്പോൾ ഞാൻ മോളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. എങ്ങനെയുണ്ട് മോളേ എന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ലപ്പാ, സിനിമയിൽ അഭിനയിക്കുകയല്ലേ എന്നായിരുന്നു പറഞ്ഞത്. വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുടെയും മോളുടെയും സ്വഭാവം മാറിയത്. ലാലേട്ടന്റെ ശരീരത്തിൽ ചവിട്ടിൻ്റെ പാട് വന്നതാണ് അവരെ പ്രകോപിപ്പിച്ചത്.

ഭാര്യ ലാലേട്ടൻ്റെ ഫാനാണ്. എത്ര വിഷമിച്ചിട്ടാണ് ആ ഫൈറ്റ് സീൻ ചെയ്‌തതെന്ന് എനിക്കല്ലേ അറിയൂ. ലാലേട്ടനെ എതിരിടുമ്പോൾ പരിഭ്രമം ഉണ്ടായിരുന്നു. കാരണം അതിനു മുമ്പ് ഫൈറ്റ് സീക്വൻസിൽ അത്ര പരിചയമില്ല. ചെറിയ ഇടിയൊക്കെയേ ചെയ്‌തിട്ടുള്ളൂ. അത് പറഞ്ഞു തരാൻ ഫൈറ്റ് മാസ്റ്ററുമുണ്ടായിരുന്നു. ദ്യശ്യത്തിലെ ലോക്കപ്പ് മർദനം ചിത്രീകരിക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഒരാളെ കയറ്റിയെങ്ങനെയാണോ തല്ലുന്നത് അതു പോലെയായിരിക്കണം. അതിനാൽ ഒരു മാസ്റ്റർ വേണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു.

ദൃശ്യം ഇറങ്ങിയ ദിവസം ലാലേട്ടൻ വിളിച്ചിട്ട് മോനേ നീ ഇന്ന് തിയേറ്ററിൽ പോകേണ്ട എന്ന് പറഞ്ഞ് പേടിപ്പിച്ചു. സിനിമ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നുണ്ട്. എന്റെ ഫാൻസിന്റെ കാര്യം അറിയാമല്ലോ. സഹദേവനെ അവർ എന്തുചെയ്യുമെന്ന്‌ പറയാൻ കഴിയില്ലെന്നൊക്കെ പറഞ്ഞു,’ഷാജോൺ പറയുന്നു.

 

Content Highlight: Kalabhavan Shajon About Drishyam Movie Police Sequence