ആ സിനിമയില്‍ പൃഥ്വിരാജ് നിര്‍ദ്ദേശിച്ചത് രണ്ടുപേരെ മാത്രമായിരുന്നൂ: കലാഭവന്‍ ഷാജോണ്‍
Entertainment
ആ സിനിമയില്‍ പൃഥ്വിരാജ് നിര്‍ദ്ദേശിച്ചത് രണ്ടുപേരെ മാത്രമായിരുന്നൂ: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd January 2024, 1:42 pm

മിമിക്രി ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയില്‍ കോമഡി താരമായി തുടങ്ങിയ നടനാണ് കലാഭവന്‍ ഷാജോണ്‍. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യമാണ് ഷാജോണിന്റെ കരിയര്‍ മാറ്റിമറിച്ചത്. ദൃശ്യത്തിലെ സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെ വില്ലന്‍ വേഷവും തനിക്ക് ചേരുമെന്ന് തെളിയിച്ചു.

       പിന്നീട് ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങിയ ഷാജോണ്‍ 2019ല്‍ ബ്രദേഴ്സ് ഡേ എന്ന സിനിമയിലൂടെ സംവിധായകന്റെ കുപ്പായവും അണിഞ്ഞു. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയുമായി ബന്ധപ്പെട്ട ഓര്‍മ ഈയിടെ ഷാജോണ്‍ പങ്കുവെച്ചു.

‘ആ സിനിമയില്‍ രാജു രണ്ടേരണ്ട് സജഷന്‍ മാത്രമാണ് തന്നത്. ജോയ് എന്ന കഥാപാത്രത്തിനെപ്പറ്റി പറഞ്ഞപ്പോള്‍ അത് കോട്ടയം നസീര്‍ ചെയ്താല്‍ നന്നായിരിക്കും എന്ന് രാജു പറഞ്ഞു. അതുപോലെ അഖിലേഷ് മോഹനെ എഡിറ്ററായി നിര്‍ദ്ദേശിച്ചതും രാജു തന്നെയാണ്. പൃഥ്വി അടുത്തതായി സംവിധാനം ചെയ്യുന്ന എമ്പുരാന്റെ എഡിറ്ററും അഖിലേഷാണ്.

         സിനിമയില്‍ കുട്ടേട്ടന്‍ (വിജയരാഘവന്‍) ചെയ്ത കഥാപാത്രം ഒരു പൊടിക്ക് മാറിയാല്‍ കൈവിട്ടു പോകുന്ന ഒന്നാണ്.   ആ ക്യാരക്ടറിനെപ്പറ്റി എഴുതിവെച്ചത് കുട്ടേട്ടനോട് പറഞ്ഞപ്പോള്‍ പുള്ളിയുടേതായ ശൈലിയില്‍ കുറച്ചു കാര്യങ്ങള്‍ കൈയില്‍ നിന്നിട്ട് അവതരിപ്പിച്ചു. അത്തരം ആര്‍ട്ടിസ്റ്റുകളെ നമ്മള്‍ അങ്ങ് അഴിച്ചുവിട്ടാല്‍ മതിയാവും ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല,’

         ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്യുന്ന ആട്ടം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിംബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ ഇക്കാര്യം പങ്കുവെച്ചത്. ജനുവരി അഞ്ചിനാണ് ആട്ടം തിയറ്ററുകളിലെത്തുന്നത്.ഷാജോണിനെക്കൂടാതെ വിനയ് ഫോര്‍ട്ട്, സറീന്‍ ശിഹാബ് എന്നിവരാണ് ആട്ടത്തിലെ മറ്റ് അഭിനേതാക്കള്‍

Content Highlight: Kalabhavan Shajon shared memory about Brothers Day movie