നടന്‍ പൃഥ്വിരാജുമായുള്ള സിനിമാ അനുഭവങ്ങള്‍ പങ്കുവെച്ചും പൃഥ്വിരാജ് എന്ന വ്യക്തിയെ കുറിച്ച് തനിക്കുണ്ടായിരുന്ന കാഴ്ചപ്പാടിനെ കുറിച്ചും തുറന്നുപറയുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍.
ഭയങ്കര ബോള്‍ഡായ സെല്‍ഫ് മെയ്ഡ് ആയ വ്യക്തിയാണ് പൃഥ്വിരാജെന്ന് തോന്നിയ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിനെ കുറിച്ച് താന്‍ ധരിച്ചുവെച്ചിരുന്ന ചില കാര്യങ്ങള്‍ ഷാജോണ്‍ തുറന്നുപറഞ്ഞത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജോണ്‍.
”ലൂസിഫര്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് വരെ എനിക്കും പൃഥ്വിരാജ് ദൂരെ ഏതോ ഗ്രഹത്തില്‍ ജീവിക്കുന്ന ആളായിട്ടായിരുന്നു തോന്നിയത്. വേറേ ഏതോ ഒരാള്‍, വേറേ ഏതോ ഒരു ഗ്രഹത്തില്‍ ജീവിക്കുന്ന ആള്‍. കുറേ ഇംഗ്ലീഷൊക്കെ പറഞ്ഞ് ഇല്യൂമിനാറ്റിയൊക്കെയായി, ഇരുട്ടത്തൊക്കെ നിന്ന് നമ്മളുമൊന്നുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍. അങ്ങനെയാണ് എനിക്കും തോന്നിയത്.
പിന്നീട് അമര്‍ അക്ബര്‍ അന്തോണിയുടെ ലൊക്കേഷനില്‍ വെച്ചിട്ടാണ് ഞാന്‍ പൃഥ്വിരാജിനെ അടുത്തു കാണുന്നതും സംസാരിക്കുന്നതുമൊക്കെ. ചിത്രത്തില്‍ ഞങ്ങള്‍ക്ക് കുറച്ച് കോമ്പിനേഷന്‍ രംഗങ്ങളൊക്കെ ഉണ്ടായിരുന്നു.
അതിന് മുന്‍പ് പൊലീസ്, ചക്രം തുടങ്ങിയ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കിലും അമര്‍ അക്ബര്‍ അന്തോണിയിയുടെ ലൊക്കേഷനില്‍ വെച്ചാണ് കുറച്ചുകൂടി അടുത്ത് സംസാരിക്കുന്നതൊക്കെ. ആ സിനിമയില്‍ നിന്ന് കിട്ടിയ സൗഹൃദത്തില്‍ നിന്നാണ് ഞാന്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേയിലേക്കൊക്കെ പൃഥ്വിരാജിനെ വിളിക്കുന്നത്.
രാജുവിനെ കൂടുതല്‍ അടുത്ത് മനസിലായത് ലൂസിഫര്‍ ലൊക്കേഷനില്‍ ചെല്ലുമ്പോഴാണ്. അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് രാജു ഇത്ര സിംപിളാണല്ലോ എന്ന് മനസിലാകുന്നത്. തമാശയൊക്കെ പറയുന്ന, തമാശകള്‍ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍ തന്നെയാണ് അദ്ദേഹം,’ ഷാജോണ്‍ പറഞ്ഞു. പൃഥ്വിരാജിന്റെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇന്ത്യന്‍ റുപ്പിയാണെന്നും അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞു.
ഡയറക്ഷന്‍ ആണോ ആക്ടിങ് ആണോ ഏതാണ് ഇപ്പോള്‍ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് ആക്ടിങ് തന്നെയാണെന്നും അതാണല്ലോ നമ്മുടെ ജോലിയെന്നുമായിരുന്നു ഷാജോണിന്റെ മറുപടി. എന്നാല്‍ ഇപ്പോള്‍ എന്നോട് ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്നത് ഏതാണെന്ന് ചോദിച്ചാല്‍ ഡയറക്ഷന്‍ എന്ന് തന്നെ പറയുമെന്നും ഷാജോണ്‍ വ്യക്തമാക്കി.
ഇനി ഒരു ചിത്രം കൂടി എടുക്കുമ്പോള്‍ ആരെ ഹീറോ ആക്കണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് അങ്ങനെ ഹീറോയെ വെച്ച് എഴുതാന്‍ പറ്റില്ലെന്നും ആദ്യമായി നല്ലൊരു സ്‌ക്രിപ്റ്റ് ഉണ്ടാക്കിയ ശേഷം അതിന് പറ്റുന്ന ഹീറോയുടെ അടുത്തുപോയി സംസാരിക്കുക എന്നതാണ് നമ്മുടെ രീതിയെന്നായിരുന്നു ഷാജോണിന്റെ മറുപടി.
പിന്നെ ആഗ്രഹങ്ങള്‍ ഒരുപാടുണ്ടെന്നും മമ്മൂക്കയേയും ലാലേട്ടനെയും രജനീകാന്തിനെയുമൊക്കെ വെച്ച് സിനിമ ചെയ്യണമെന്നൊക്കെയാണ് ആഗ്രഹമെന്നും ഷാജോണ്‍ പറഞ്ഞു.
എസ്.ജെ. സിനുവിന്റെ ‘തേര്’, സുരേഷ് പാലേരി സംവിധാനം ചെയ്യുന്ന ‘ആലത്തൂരിലെ ഇത്തിരി വെട്ടം’, വിഷ്ണു മോഹന്റെ ‘മേപ്പടിയാന്‍’, ജോണ്‍ വെന്നേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘അനുഗ്രഹം; ദി ആര്‍ട്ട് ഓഫ് തേപ്പ്’ തുടങ്ങിയ ചിത്രങ്ങളാണ് ഇനി ഷാജോണിന്റേതായി പുറത്തു വരാനുള്ളത്.