| Friday, 20th December 2024, 10:18 am

അന്ന് ഷാജോണ്‍ പറയാതെ പോയി, പ്രോഗ്രാം പരാജയപ്പെട്ടു; ആ സമയത്ത് ട്രൂപ്പ് പൂട്ടാന്‍ തീരുമാനിച്ചു: കലാഭവന്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിലെത്തിയ താരമാണ് കലാഭവന്‍ റഹ്‌മാന്‍. കലാഭവനിലൂടെ മിമിക്രയിലെത്തിയ അദ്ദേഹം പിന്നീട് ജോക്‌സ് ഇന്ത്യ എന്ന പേരില്‍ സ്വന്തമായി ട്രൂപ്പ് രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ ട്രൂപ്പിലൂടെയാണ് കലാഭവന്‍ ഷാജോണും ജാഫര്‍ ഇടുക്കിയും ഉള്‍പ്പടെയുള്ളവര്‍ മിമിക്രയിലേക്കും പിന്നീട് സിനിമയിലേക്കും എത്തുന്നത്.

എട്ട് വര്‍ഷം നടത്തിയതിന് ശേഷം ജോക്‌സ് ഇന്ത്യ എന്ന ട്രൂപ്പ് പൂട്ടിയതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ റഹ്‌മാന്‍. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാഭവനില്‍ നിന്ന് പിരിഞ്ഞതിന് ശേഷമാണ് താന്‍ സ്വന്തമായി ട്രൂപ്പ് തുടങ്ങിയതെന്നും കലാഭവനില്‍ നിന്ന് ടെക്‌നീഷ്യന്‍സും കലാകാരന്‍മാരും ഉള്‍പ്പടെ കുറച്ചാളുകള്‍ തന്റെ കൂടെ ഉണ്ടായിരുന്നു എന്നും റഹ്‌മാന്‍ പറയുന്നുണ്ട്. സിനിമകള്‍ കൂടിയപ്പോള്‍ കൃത്യമായി പ്രോഗ്രാമുകള്‍ക്ക് എത്താന്‍ കഴിയാത്തതിനാലാണ് കലാഭവനില്‍ നിന്ന് പിരിഞ്ഞതെന്നും നല്ല രീതിയില്‍ തന്നെയാണ് പിരിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

’90ലോ, 91ലോ ആണ് കലാഭവനില്‍ നിന്ന് മാറുന്നത്. അന്നെനിക്ക് കുറേ സിനിമകളുണ്ടായിരുന്നു. നയം വ്യക്തമാക്കുന്നു, ഉള്ളടക്കം, ആകാശക്കോട്ടയിലെ സുല്‍ത്താന്‍, കടിഞ്ഞൂല്‍ കല്യാണം തുടങ്ങിയവയൊക്കെ അന്നാണ് ചെയ്യുന്നത്. തുടര്‍ച്ചയായി സിനിമകളായിരുന്നു. അക്കാരണത്താല്‍ തന്നെ കൃത്യമായി പ്രോഗ്രാമിന് വരാന്‍ പറ്റാതെയായി. ഇങ്ങനെയായാല്‍ ശരിയാകില്ലെന്ന് ആബേലച്ചന്‍ പറഞ്ഞു.

അങ്ങനെ സ്‌നേഹത്തോട് കൂടി പിരിഞ്ഞതാണ്. പക്ഷെ എന്റെ കൂടെ എല്ലാവരും പോന്നു. ഷിയാസ്, ബഷീര്‍, ഇടുക്കി രാജന്‍, സൗണ്ട് ഓപ്പറേറ്റര്‍, ലൈറ്റ് ഓപ്പറേറ്റര്‍ തുടങ്ങിയവരെല്ലാം എനിക്കൊപ്പം പോന്നു. അങ്ങനെയാണ് ജോക്‌സ് ഇന്ത്യ എന്ന ട്രൂപ്പ് തുടങ്ങിയത്. അത് 8 വര്‍ഷത്തോളം നന്നായി പ്രവര്‍ത്തിച്ചു.

ജാഫര്‍ ഇടുക്കി അതിന്റെ എല്ലാമായിരുന്നു. ജാഫര്‍ ഇടുക്കിയെ ഞാന്‍ കൊണ്ടുവന്നതല്ല, എന്റെ അടുത്തേക്ക് വന്നതാണ്. തൊടുപുഴ ഭാഗത്തൊക്കെ പ്രോഗ്രാമുകളുള്ളപ്പോള്‍ ജാഫര്‍ സ്ഥിരമായി വരും. നമ്മള്‍ പറയാതെ തന്നെ കര്‍ട്ടണ്‍ കെട്ടലുള്‍പ്പടെയുള്ള എല്ലാ പണികളും ചെയ്യും. ഓപ്പറേറ്റര്‍മാര്‍ മാറുമ്പോള്‍ ലൈറ്റിന്റെയും സൗണ്ടിന്റെയും ഓപ്പറേറ്റിങ് പണികളും ചെയ്യും. ഞാന്‍ ശ്രദ്ധിക്കുമ്പോള്‍ വലിയ ഹ്യൂമര്‍സെന്‍സുള്ള ഒരാള്‍.

പിന്നെ അസാധ്യമായി പാട്ടുംപാടും. അങ്ങനെ ഞാന്‍ അദ്ദേഹത്തെ ട്രൂപ്പിലെടുത്തു. പിന്നെ എന്റെ ഏറ്റവും അടുത്ത ആളായിരുന്നു ജാഫര്‍. ഞാന്‍ എവിടേക്ക് പോകണം, എന്ത് ചെയ്യണം എന്നെല്ലാം ജാഫറുമായി ആലോചിച്ചിട്ടേ ചെയ്യാറുണ്ടായിരുന്നുള്ളൂ. ആ സൗഹൃദം ഇന്നുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണ്.

ജോക്‌സ് ഇന്ത്യ എന്ന ട്രൂപ്പ് അവസാനിപ്പിച്ചതിന് പിന്നില്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ല. ട്രൂപ്പ് മതിയായെന്ന് തോന്നി, അങ്ങനെ നിര്‍ത്തിയതാണ്. ഞങ്ങളുടെ ഒരു പ്രോഗ്രാം മാത്രമേ പൊളിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. രണ്ട് ആര്‍ടിസ്റ്റുകള്‍ പെട്ടെന്ന് പോയതായിരുന്നു കാരണം.

അന്ന് പോയ ആര്‍ടിസ്റ്റുകളില്‍ ഒന്ന് കലാഭവന്‍ ഷാജോണാണ്. അദ്ദേഹം പറയാതെ പോയി. അടുത്ത ദിവസം നീലേശ്വരത്തായിരുന്നു പ്രോഗ്രാം. അന്ന് പരിപാടി പരാജയപ്പെട്ടു. അത് വലിയ വിഷമമായി. അടുത്ത ദിവസം കാഞ്ഞങ്ങാട് പ്രോഗ്രാം ഉണ്ടായിരുന്നു. അതിന് പോകാനും കഴിഞ്ഞില്ല. ആ സമയത്താണ് ട്രൂപ്പ് നിര്‍ത്താമെന്ന് തീരുമാനിച്ചത്.

ഞാനാണ് ഷാജോണിനെ ട്രൂപ്പിലേക്ക് വിളിച്ചുകൊണ്ടു വരുന്നത്. എന്റെ ട്രൂപ്പിലെ ഒരാള്‍ പോയപ്പോള്‍ ഒരു പാട്ടുകാരനാണ് ഷാജോണിനെയും ടീമിനെയും കുറിച്ച് പറഞ്ഞത്. നാല് പിള്ളേര്, നല്ല മിടുക്കന്‍മാരാണെന്നും പറഞ്ഞു. അങ്ങനെ ഞാനും ജാഫറും കോട്ടയത്ത് പോയി ഇവരുടെ പ്രോഗ്രാം കണ്ടു. പരിപാടി കഴിഞ്ഞ്, സ്റ്റേജില്‍ നിന്ന് തന്നെ അവരെ കൂടെക്കൂട്ടിയതാണ്. എന്റെ അടുത്ത് പറയാതെയാണ് പിന്നീട് ഷാജോണ്‍ കലാഭവനില്‍ പോയത്,’ റഹ്‌മാന്‍ പറഞ്ഞു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ ഷാജോണിനോട് ദേഷ്യമൊന്നുമില്ലെന്നും അദ്ദേഹവുമായി ഇപ്പോഴും നല്ല സൗഹൃദമാണെന്നും റഹ്‌മാന്‍ പറയുന്നു. സിനിമയിലും കലാകാരന്‍മാര്‍ക്കിടയിലും വഴക്കിന് വലിയ കാഠിന്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Kalabhavan Rahman talks about Kalabhavan Shajon and shutting down the troupe Jokes India

We use cookies to give you the best possible experience. Learn more