മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കലാഭവന്‍ റഹ്‌മാന്‍. ആദ്യം കലാഭവനിലും പിന്നീട് സ്വന്തം ട്രൂപ്പായ മിമിക്സ് ഇന്ത്യയിലൂടെയും നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നത്.
മിമിക്രിയിലൂടെ തന്നെയാണ് റഹ്‌മാന്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. 1986ല്‍ രഘുനാഥ് പാലേരി സംവിധാനം ചെയ്ത ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ റഹ്‌മാന് സാധിച്ചിരുന്നു.
മിമിക്രി ചെയ്യുന്ന സമയത്ത് നടന്നൊരു അടിയെ കുറിച്ച് സംസാരിക്കുകയാണ് കലാഭവന്‍ റഹ്‌മാന്‍. പെരുമ്പാവൂരില്‍ പണ്ട് ഒരു പ്രോഗ്രാം ചെയ്യാന്‍ വേണ്ടി പോയപ്പോള്‍ സംഘാടകരുമായി വലിയ രീതിയില്‍ അടിയായി പരിപാടി നിര്‍ത്തിവെച്ചെന്ന് റഹ്‌മാന്‍ പറയുന്നു. പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ തനിക്കെതിരെ ഏറ്റവും കൂടുതല്‍ സംസാരിച്ചത് എന്‍.എഫ്. വര്‍ഗീസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്ന് അവിടെ പരിപാടി കാണാന്‍ വേണ്ടി ജയറാം വന്നിരുന്നെന്നും അദ്ദേഹം ഒന്നിലും ഇടപെടാതെ നോക്കിനിന്നെന്നും റഹ്‌മാന്‍ വ്യക്തമാക്കി. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാഭവന്‍ റഹ്‌മാന്‍.
‘ഞാന്‍ പണ്ട് പെരുമ്പാവൂരില്‍ ഒരു പ്രോഗ്രാമിന് പോയിട്ട് വലിയ അടിയെല്ലാം ആയി. എന്‍.എഫ്. വര്‍ഗീസെല്ലാം ഉള്ള സമയത്തായിരുന്നു അത്. പ്രോഗ്രാം നടക്കുന്ന സ്ഥലത്ത് നിന്ന് ഞാന്‍ പുറത്തേക്ക് പോയി ഒരു ചായയെല്ലാം കുടിച്ച് വന്നപ്പോള്‍ എന്നെ തിരിച്ച് അകത്ത് കയറ്റിയില്ല.
ഞാന്‍ ആ ട്രൂപ്പിലെ ഒരു ആര്‍ട്ടിസ്റ്റായിരുന്നു. അങ്ങനെ എന്നെ ഉള്ളില്‍ കാണാതായപ്പോള്‍ എന്റെ കൂട്ടുകാരെല്ലാം വന്ന് ആകെ അടിയായി. പിന്നെ പ്രോഗ്രാം ഒന്നും നടന്നില്ല. എല്ലാവരെയും എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അന്ന് എനിക്കെതിരെ ഏറ്റവും കൂടുതല്‍ സംസാരിച്ചത് എന്‍.എഫ്. വര്‍ഗീസായിരുന്നു.
അന്ന് ആ നടന്ന അടിയെല്ലാം നിശബ്ദനായി കണ്ടുനിന്നൊരു ആളുണ്ടായിരുന്നു. പിന്നീട് സൂപ്പര്‍സ്റ്റാറായി മാറിയ ജയറാം. ജയറാമിന്റെ നാടാണല്ലോ പെരുമ്പാവൂര്‍. ജയറാം അന്ന് അവിടെ പരിപാടി കാണാന്‍ വേണ്ടി വന്നതായിരുന്നു,’ കലാഭവന്‍ റഹ്‌മാന്‍ പറയുന്നു.
Content Highlight: Kalabhavan Rahman Talks About Jayaram And N. F. Varghese