കലാഭവനിലൂടെ സിനിമയിലെത്തിയ താരമാണ് മുഹമ്മദ് അബ്ദു റഹ്മാന്‍ എന്ന് പേരുള്ള കലാഭവന്‍ റഹ്മാന്‍. യു.സി. കോളേജിലെ പഠനകാലത്ത് കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പരിചയപ്പെട്ടതും പിന്നീട് അദ്ദേഹവുമായുണ്ടായ സൗഹൃദത്തെ കുറിച്ചും സംസാരിക്കുകയാണിപ്പോള്‍ റഹ്മാന്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്വഭാവത്തിലെ സവിശേഷത കാരണം അദ്ദേഹത്തെ ആര്‍ക്കെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കാന്‍ തനിക്ക് ഭയമായിരുന്നെന്നും എന്നാല്‍ തനിക്ക് മുരളിയെയും കടമ്മനിട്ടയെയുമെല്ലം പരിചയപ്പെടുത്തിത്തന്നത് അദ്ദേഹമാണെന്നും റഹ്മാന്‍ പറയുന്നു. അദ്ദേഹത്തിന്റെ ആദ്യ തിരക്കഥയില്‍ ഇറങ്ങിയ സിനിമയില്‍ തനിക്കൊരു നല്ല വേഷം തന്നതിനെ കുറിച്ചും കവിയുടെ പ്രണയത്തെ കുറിച്ചുമെല്ലാം റഹ്മാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘ബാലനുമായി (ബാലചന്ദ്രന്‍ ചുള്ളിക്കാട്) വലിയ അടുപ്പമാണ്. ആ അടുപ്പം ഇന്നുമുണ്ട്. സിനിമയില്‍ എനിക്ക് നല്ലൊരു വേഷം തന്നതും ബാലനാണ്, ജാലകത്തിലെ നന്ദന്‍. ബാലന്‍ ഒരു വര്‍ഷം യു.സിയില്‍ പഠിച്ചതിന് ശേഷം രണ്ട് വര്‍ഷം മഹാരാജാസിലാണ് പഠിച്ചത്. അക്കാലത്താണ് വിജയലക്ഷ്മിയുമായുള്ള പ്രണയം.
സ്റ്റഡി ലീവിന്റെ സമയത്ത് എന്റെ വീടിനടുത്തുള്ള വൈ.എം.സി.എ.യിലായിരുന്നു അദ്ദേഹത്തിന്റെ റൂം. ഞാനാണ് റൂം അറേഞ്ച് ചെയ്ത് കൊടുത്തത്. ആ സമയത്ത് അദ്ദേഹം പ്രണയത്തെ കുറിച്ച് പറയുകയും ചില പ്രണയലേഖനങ്ങള്‍ കാണിക്കുകയും ചെയ്യുമായിരുന്നു.
രണ്ട് പേരും കവികളായത് കൊണ്ട് കവിതകളിലൂടെയായിരുന്നു അവരുടെ പ്രണയം. അതെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എനിക്ക് വിജയലക്ഷ്മിയെ പരിചയപ്പെടുത്തിത്തരികയും ഞങ്ങളൊരുമിച്ച് മഹാരാജാസില്‍ പോകുകയും ചെയ്തിട്ടുണ്ട്. അവരുടെ കല്യാണത്തെ കുറിച്ച് എനിക്ക് ഓര്‍മകിട്ടുന്നില്ല. കല്യാണമായി നടത്തിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
അന്ന് അദ്ദേഹത്തിന്റെ രീതികള്‍ ഇന്നത്തേത് പോലെയല്ല. ബാലനെ ആര്‍ക്കെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കാന്‍ പേടിയുണ്ടായിരുന്ന കാലമായിരുന്നു അത്. കാരണം നമ്മള്‍ ഒരാള്‍ക്ക് ബാലനെ പരിചയപ്പെടുത്തിക്കൊടുത്താല്‍ അദ്ദേഹം മൈന്‍ഡ് ചെയ്ത്‌കൊള്ളണമെന്നില്ല.
പക്ഷെ, ഇപ്പോള്‍ സിനിമയും അഭിനയവുമൊക്കെയായി അദ്ദേഹത്തിന് ഒരുപാട് മാറ്റങ്ങള്‍ വന്നു. ഒരുപാട് ബന്ധങ്ങളുള്ള ആളാണ് ബാലന്‍. എനിക്ക് കടമ്മനിട്ടയെ പരിചയപ്പെടുത്തി തന്നത് അദ്ദേഹമാണ്. നടന്‍ മുരളിച്ചേട്ടനയും എനിക്ക് പരിചയപ്പെടുത്തിയത് ബാലനാണ്. ഫൈന്‍ആര്‍ട്‌സ് ഹാളില്‍ മുരളി നാടകം കളിക്കുമ്പോള്‍ ഗ്രീന്‍ റൂമില്‍ കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തി. പീന്നീടാണ് പഞ്ചാഗ്നിയിലൊക്കെ വരുന്നത്,’ കലാഭവന്‍ റഹ്മാന്‍ പറഞ്ഞു.
content highlights: Kalabhavan Rahman talks about his friendship with Poet Balachandran Chullikkad